താലിബാനെന്ന് പറയാൻ ആർജ്ജവമില്ല, മോദി സർക്കാരാണ് കൊന്നതെന്ന് തോന്നിപ്പോകും: ശോഭാ സുരേന്ദ്രൻ
റോയിട്ടേഴ്സിലെ പ്രശസ്ത ഇന്ത്യൻ ഫോട്ടോ ജേർണലിസ്റ്റ് ഡാനിഷ് സിദ്ദിഖിയുടെ മരണത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. ഡാനിഷ് സിദ്ദിഖിയെ കൊലപ്പെടുത്തിയത് താലിബാൻ ആണെന്ന് പറയാൻ കേരളത്തിലെ രാഷ്ട്രീയ-സാംസ്ക്കാരിക നേതാക്കൾ തയ്യാറാവുന്നില്ലെന്ന് ശോഭാ സുരേന്ദ്രൻ കുറ്റപ്പെടുത്തുന്നു.
ശോഭാ സുരേന്ദ്രന്റെ പ്രതികരണം: '' ഇന്ത്യൻ ഫോട്ടോ ജേർണലിസ്റ്റായ ഡാനിഷ് സിദ്ദിഖിയുടെ മരണത്തെക്കുറിച്ച് കേരളത്തിലെ രാഷ്ട്രീയ സാംസ്കാരിക നേതാക്കൾ നടത്തുന്ന അനുശോചന പ്രസംഗം കേട്ടാൽ നരേന്ദ്രമോദി സർക്കാരാണ് അദ്ദേഹത്തെ കൊന്നത് എന്നു തോന്നിപ്പോകും. കൊന്നത് താലിബാൻ ആണെന്ന് പറയാനുള്ള ആർജ്ജവം ഒരാൾക്കും ഉണ്ടാകില്ല. കാരണം ഇത് കേരളമാണ്.

നരേന്ദ്രമോദി സർക്കാരിനെ ഡാനിഷ് സിദ്ദിഖി വിമർശനപരമായി കണ്ടു എന്നു പറയുന്നു. ഡാനിഷ് സിദ്ദിഖിയുടെ 'ചിതയുടെ ചിത്രം' കണ്ട് ചൈനീസ് വൈറസാണെന്ന് ആധികാരികമായും പഠനം നടക്കുന്ന കൊറോണ വൈറസിനെ നമ്മുടെ രാജ്യത്തിന്റെ ശത്രുക്കൾ ഇന്ത്യൻ വൈറസ് എന്ന് വിളിച്ചു. ഒരാളും ഇന്ത്യയിൽ അദ്ദേഹത്തിനു നേരെ വധഭീഷണി ഉയർത്തിയില്ല. കൊറോണയുടെ ആദ്യഘട്ടത്തിൽ പരിഭ്രാന്തരായ തൊഴിലാളികൾ അവരുടെ വീടുകളിലേക്ക് മടങ്ങിയപ്പോൾ, അവർക്ക് തൊഴിൽ ദിനവും വേതനവുമുണ്ടെന്ന് ഉറപ്പുവരുത്തുകയായിരുന്നു കേന്ദ്രസർക്കാർ. അപ്പോൾ പക്ഷേ തൊഴിലാളികളുടെ ചിത്രമെടുത്ത് ഇന്ത്യ തകരുന്നു എന്ന ധ്വനി നൽകിയ ആളാണ് അദ്ദേഹം. ഒരാളും ഈ രാജ്യത്ത് അദ്ദേഹത്തെ വെല്ലുവിളിച്ചിട്ടില്ല. മോർച്ചറിയുടെ മുന്നിലെ ചിത്രം ഒരു കരുണയും കൂടാതെ പകർത്തി അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് നൽകിയ ആളാണ് അദ്ദേഹം. ഒരാളും അദ്ദേഹത്തിന് നേരെ തോക്കെടുത്തില്ല.
Recommended Video
അഫ്ഗാനിസ്ഥാനിൽ നടക്കുന്ന ഏറ്റുമുട്ടലുകൾ ചിത്രീകരിക്കാൻ പോയപ്പോൾ താലിബാൻ അദ്ദേഹത്തെ വെടിവെച്ചുകൊന്നു. ഈ സത്യം ലോകത്തോട് പറയാതെ നടക്കുന്ന എല്ലാ അനുശോചന കോലാഹലങ്ങളും ദുരുദ്ദേശ്യപരവും സത്യസന്ധത ഇല്ലായ്മയും ആണ്. കൊന്നത് താലിബാൻ ആണ് എന്ന് വിളിച്ചു പറയാൻ തൽക്കാലം ഞങ്ങൾക്കാരുടെയും ദയാദാക്ഷിണ്യം വേണ്ടതില്ല''.












Click it and Unblock the Notifications