'മുന്നണി മാറ്റം ഇപ്പോള്‍ ലീഗിന്റെ അജണ്ടയില്‍ ഇല്ല', ഇപി ജയരാജന്റെ ക്ഷണത്തോട് പ്രതികരിച്ച് കുഞ്ഞാലിക്കുട്ടി
മലപ്പുറം: മുന്നണി മാറ്റം ഇപ്പോള്‍ മുസ്ലീം ലീഗിന്റെ അജണ്ടയില്‍ ഇല്ലെന്ന് പാര്‍ട്ടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. എല്‍ഡിഎഫ് കണ്‍വീനറായതിന് ശേഷം ഇപി ജയരാജന്‍ പൊതുവില്‍ കാര്യങ്ങള്‍ പറഞ്ഞ് പോയതാണ് എന്നാണ് മനസ്സിലാക്കുന്നത്. അതല്ലാതെ ഔദ്യോഗികമായി ലീഗിന് ഇടത് മുന്നണിയിലേക്കുളള ക്ഷണമല്ല. ലീഗ് ഇപ്പോള്‍ ഒരു മുന്നണിയില്‍ നില്‍ക്കുകയാണ്. നില്‍ക്കുന്ന ഇടത്ത് ഉറച്ച് നില്‍ക്കുന്ന ഒരു സംഘടനയാണ്. അതുകൊണ്ട് തന്നെ തങ്ങളുടെ ധര്‍മം ഇപ്പോള്‍ യുഡിഎഫിനെ ശക്തിപ്പെടുത്തുകയാണ് എന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇടത് മുന്നണി കണ്‍വീനറായതിന് പിന്നാലെ മുസ്ലീം ലീഗിനെ ഇടത് മുന്നണിയിലേക്ക് ഇപി ജയരാജന്‍ സ്വാഗതം ചെയ്തിരുന്നു. കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞ് വന്നാല്‍ ലീഗിനെ സ്വീകരിക്കാം എന്നായിരുന്നു ഇപി ജയരാജന്‍ പറഞ്ഞത്.
'സര്‍ക്കാര്‍ ഇപ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട വിഷയം സമൂഹത്തില്‍ സാമുദായിക അകലം വര്‍ധിച്ച് കൊണ്ടിരിക്കുകയാണ് എന്നതാണ്. ഇത്തരം തീവ്രചിന്താഗതിക്കാരുടെ കൈകളിലേക്ക് സംസ്ഥാനം പോയാല്‍ അത് വലിയ അപകടമാവും'. അതാണിപ്പോള്‍ പാലക്കാടും ആലപ്പുഴയിലുമൊക്കെ കണ്ടതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇവരുടെ കൈകളിലേക്കൊക്കെ കേരള രാഷ്ട്രീയം വന്നാല്‍ എന്ത് സംഭവിക്കും എന്നുളളതിന്റെ ഏറ്റവും വലിയ പ്രദര്‍ശനമാണ് ഇപ്പോള്‍ കണ്ടത് എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 'അത് തടയലാണ് സര്‍ക്കാരിന്റെയും ഭരണകക്ഷിയുടേയും കടമ. ആ കാര്യത്തിലാണ് ഇപ്പോള്‍ അവര്‍ ശ്രദ്ധിക്കേണ്ടത്'.

'സാമുദായിക വിഭജനമുണ്ടാക്കുന്ന അവസ്ഥ ഇന്ത്യയില്‍ പലയിടത്തുമുളളത് പോലെ നിര്‍ഭാഗ്യവശാല്‍ കേരളത്തില്‍ ഉണ്ടാകാന്‍ പാടില്ല. അതില്‍ സര്‍ക്കാരിനും എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഉത്തരവാദിത്തമുണ്ട്'. മുസ്ലീം ലീഗ് ഇതിനെതിരെ ശക്തമായ പ്രചാരണം സംഘടിപ്പിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.' മുഖ്യധാരയിലുളള രാഷ്ട്രീയ പാര്‍ട്ടികളും മത സാമുദായിക സംഘടനകളുമെല്ലാം ഈ സംഭവങ്ങള്‍ക്ക് ശേഷം യോഗം ചേര്‍ന്നിട്ടുണ്ട്. പല ഇഫ്താര്‍ പാര്‍ട്ടികളും ചര്‍ച്ച ചെയ്തത് ഈ വിഷയമാണ്. തങ്ങളുടെ ഫോക്കസ് അതിര് വിട്ട ഇത്തരം പ്രവര്‍ത്തനങ്ങളെ ചെറുക്കുന്നതിലാണ്'. അല്ലാതെ ലീഗിന്റെ മുന്നണി മാറ്റമോ ഒന്നുമല്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
'കോണ്‍ഗ്രസ് രാജ്യം ഭരിച്ചിരുന്നപ്പോള്‍ ഇത്തരം കാര്യങ്ങള്‍ വളരെ കുറവായിരുന്നു. ഒരു മതേതര പാര്‍ട്ടി ഭരിക്കുന്നതിന്റെ ഗുണം രാജ്യത്തിനുണ്ടായിരുന്നു. കേരളം ഒരു മതേതര സംസ്ഥാനമാണ്'. അതില്‍ നിന്നും മാറാതിരിക്കാനുളള ജാഗ്രത എല്‍ഡിഎഫിനും യുഡിഎഫിനുമുണ്ടെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. 'സംസ്ഥാനത്ത് യുഡിഎഫിന് തിരിച്ച് വരാന്‍ കഴിയില്ലെന്നുളള ചിന്ത ലീഗിനില്ല. ഭൂരിപക്ഷ വര്‍ഗീയതയേയും ന്യൂനപക്ഷ വര്‍ഗീയതയേയും പ്രോത്സാഹിപ്പിക്കരുത്. ന്യൂനപക്ഷ വര്‍ഗീയത ഉയര്‍ത്തി പിടിക്കുന്നവരുടെയൊക്കെ ശത്രുവാണ് ലീഗ് എന്നും എസ്ഡിപിഐ ലീഗിന്റെ ആജന്മ ശത്രുക്കളാണ്' എന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.












Click it and Unblock the Notifications