മദ്യം വീട്ടിലെത്തിക്കാനുള്ള ശ്രമം നടക്കില്ല, കടമ്പകള്‍ ധാരാളം, കാവല്‍ സര്‍ക്കാരിന് അധികാരമില്ല
തിരുവനന്തപുരം: കേരളത്തില്‍ ബിവറേജസുകള്‍ അടച്ചതോടെ ഹോം ഡെലിവറി നടത്താനുള്ള ബിവറേജ് കോര്‍പ്പറേഷന്റെ നീക്കം നടക്കില്ല. ഇത് കടമ്പകള്‍ ധാരാളമുണ്ടെന്ന് എക്സൈസ് മന്ത്രിയുടെ ഓഫീസ് തന്നെ അറിയിച്ചിരിക്കുകയാണ്. ഹോം ഡെലിവെറിക്ക് നിയമസാധുത നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. കൊവിഡ് തീവ്രവ്യാപനത്തിന്റെ സാഹചര്യത്തിലാണ് മദ്യവില്‍പ്പന ശാലകള്‍ കേരളത്തില്‍ അടച്ചത്. ഹോം ഡെലിവെറിയിലൂടെ വ്യാജ മദ്യം വ്യാപകമാകുന്നത് തടയാനും, അതോടൊപ്പം ബീവറേജസ് കോര്പ്പറേഷന് വരുമാനം ഉറപ്പുവരുത്താനും സാധിക്കും. ഇത് മുന്നില്‍ കണ്ടായിരുന്നു നീക്കം.

അതേസമയം വീടുകളില്‍ മദ്യമെത്തിക്കാനുള്ള നീക്കത്തിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതി തന്നെ രംഗത്ത് വന്നിട്ടുണ്ട്. വീടുകള്‍ ബാറാക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ബെവ്കോയിലെ പ്രതിപക്ഷ യൂണിയനുകളും എതിര്‍പ്പറിയിച്ചിട്ടുണ്ട്. ഹോം ഡെലിവറിക്കായി കേരള എക്സൈസ് നിയമത്തില്‍ ഭേദഗതി വരുത്തേണ്ടതുണ്ട്. എന്നാല്‍ ഇപ്പോഴുള്ള കാവല്‍ സര്‍ക്കാരിന് ഈ വിഷയത്തില്‍ നയപരമായി തീരുമാനമെടുക്കാന്‍ സാധിക്കില്ല. അതുകൊണ്ട് കൂടിയാണ് സര്‍ക്കാര്‍ ഹോം ഡെലിവറിയുടെ കാര്യത്തില്‍ മടിച്ച് നില്‍ക്കുന്നത്.
കോര്‍പ്പറേഷന്റെ വെബ്സൈറ്റ് പരിഷ്കരിച്ച് ഇതിലൂടെ ബുക്കിംഗ് സംവിധാനമൊരുക്കാനാണ് ബിവറേജസ് കോര്പ്പറേഷന് ശ്രമിച്ചിരുന്നത്. ബുക്ക് ചെയ്ത മദ്യം ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ഏജന്‍സികള്‍ വഴി വീട്ടിലെത്തിക്കാനായിരുന്നു പദ്ധതി. ഇക്കാര്യത്തില്‍ വിവിധ ഏജന്‍സികളുമായി ബെവ്കോ ചര്‍ച്ചയും ആരംഭിച്ചിരുന്നു. തിരുവനന്തപുരത്തും എറണാകുളത്തും പദ്ധതി തുടക്കത്തില്‍ നടപ്പാക്കി നോക്കാനായിരുന്നു ശ്രമം. പക്ഷേ സര്‍ക്കാരിന് നയപരമായി തീരുമാനമെടുക്കാനാകില്ലെന്ന് ഉറപ്പായതോടെ ഇത് ഉടന്‍ നടപ്പാകില്ലെന്ന് ഉറപ്പായിരിക്കുകയാണ്.
നേരത്തെ ഓണ്‍ലൈന്‍ മദ്യവില്‍പ്പന കര്‍ണാടക പരീക്ഷിച്ച് നോക്കിയിരുന്നു. എന്നാല്‍ ഹൈക്കോടതി ഇത് തടഞ്ഞിരുന്നു. ഇത് ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് കോടതി നിരീക്ഷിച്ചത്. ഭരണഘടനയുടെ 47ാം അനുച്ഛേദത്തിന് എതിരാണെന്നും നിരീക്ഷപ്പെട്ടിരുന്നു. ബെവ്കോ ഈ നീക്കത്തില്‍ നിന്ന് പിന്മാറണമെന്ന് കെസിബിസിയുടെ മദ്യവിരുദ്ധ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. ശക്തമായ പ്രചാരണം ഇതിനെതിരെ സംഘടിപ്പിക്കുമെന്നും പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ പുതിയൊരു വിവാദത്തിനും സര്‍ക്കാരിന് താല്പര്യമില്ല. അതുകൊണ്ട് പുതിയ സ ര്‍ക്കാര്‍ നിലവില്‍ വന്ന ശേഷം മാത്രമേ ഇത്തരമൊരു ഡെലിവെറി സംവിധാനത്തെ കുറിച്ച് ചിന്തിക്കുകയുള്ളൂ.












Click it and Unblock the Notifications