പതിനാലിൽ 11 ജില്ലാ പഞ്ചായത്തിലും ഭരണം പിടിച്ച് എൽഡിഎഫ്, യുഡിഎഫിൽ നിന്ന് പിടിച്ചെടുത്തത് 4 എണ്ണം
തിരുവനന്തപുരം: ജില്ലാ പഞ്ചായത്ത് അധ്യക്ഷ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായപ്പോള്‍ സംസ്ഥാനത്തെ 14 ജില്ലാ പഞ്ചായത്തുകളില്‍ പതിനൊന്നിലും ഭരണം പിടിച്ച് എല്‍ഡിഎഫ്. 2015ലേതിനേക്കാള്‍ നാല് ജില്ലാ പഞ്ചായത്തുകള്‍ കൂടി ഇക്കുറി എല്‍ഡിഎഫിന് നേടാനായി. യുഡിഎഫിന് മൂന്നിടത്ത് മാത്രമാണ് ഭരണം പിടിക്കാനായത്. ഇതില്‍ വയനാട്ടില്‍ നറുക്കെടുപ്പിലൂടെയാണ് യുഡിഎഫി വിജയിച്ചത്. ഇരുമുന്നണികളും വയനാട് ജില്ലാ പഞ്ചായത്തില്‍ ഒപ്പത്തിനൊപ്പമായിരുന്നു.
കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഭരണമാണ് എല്‍ഡിഎഫ് നേടിയിരിക്കുന്നത്. വയനാട് കൂടാതെ എറണാകുളം, മലപ്പുറം ജില്ലാ പഞ്ചായത്തുകളിലും യുഡിഎഫ് അധികാരം പിടിച്ചു. കാസര്‍കോട്, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലാ പഞ്ചായത്തുകളാണ് ഇക്കുറി എല്‍ഡിഎഫ് യുഡിഎഫില്‍ നിന്നും പിടിച്ചെടുത്തത്.
തിരുവനന്തപുരത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി സിപിഎമ്മിലെ ഡി സുരേഷ് കുമാര്‍ തിരഞ്ഞെടുക്കപ്പെട്ടു. എതിരില്ലാതെയാണ് സുരേഷ് കുമാര്‍ തിരഞ്ഞെടുക്കപ്പെട്ടത്. പത്തനംതിട്ടയില്‍ സിപിഎമ്മിലെ അഡ്വക്കേറ്റ് ഓമല്ലൂര്‍ ശങ്കരനാണ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആയി തിരഞ്ഞെടുക്കപ്പെട്ടത്. പിപി ദിവ്യയാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്. കാസര്‍കോട് സിപിഎം നേതാവ് ബേബി ബാലകൃഷ്ണന്‍ പ്രസിഡണ്ടായി. ആലപ്പുഴയില്‍ സിപിഎമ്മിലെ കെജി രാജേശ്വരിയും തൃശൂരില്‍ സിപിഎമ്മിലെ പികെ ഡേവിസിനേയും തിരഞ്ഞെടുത്തു.