'ലോക്കല്‍ സെക്രട്ടറിക്ക് എസ്ഡിപിഐ നേതാവുമായി ബന്ധം'; ആലപ്പുഴ സിപിഎമ്മില്‍ കൂട്ടരാജി
സി.പി.എമ്മില്‍ ഉണ്ടായ പൊട്ടിത്തെറി മതഭീകരവാദികളുമായുള്ള സിപിഎം ബന്ധത്തിൻ്റെ തെളിവാണെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു.

ആലപ്പുഴ: ലോക്കല്‍ സെക്രട്ടറിയുടെ എസ് ഡി പി ഐ ബന്ധത്തെച്ചൊല്ലി ആലപ്പുഴ സി പി എമ്മിൽ നേതാക്കളുടെ കൂട്ടരാജി. ചെറിയനാട് സൗത്ത് ലോക്കല്‍ കമ്മിറ്റിയിലെ നാല് ബ്രാഞ്ച് സെക്രട്ടറിമാര്‍ ഉള്‍പ്പെടെ 38 പേരാണ് രാജിവെച്ചത്. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഷീദ് മുഹമ്മദിനെതിരെയാണ് പരാതി ഉയർന്നത്.
ഷീദിന്റെ ബിസിനസ് പങ്കാളി എസ് ഡി പി ഐ നേതാവാണെന്നാണ് രാജിവെച്ചവരുടെ ആക്ഷേപം.ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ സ്വന്തം വാര്‍ഡില്‍ പോലും എസ് ഡി പി ഐയുടെ വിജയിച്ചതിന് പിന്നിലും ഈ അന്തരധാരയാണെന്നും നേതാക്കൾ ആരോപിക്കുന്നു. പരാതി നല്‍കിയിട്ടും യാതൊരു നടപടിയും എടുക്കാൻ പാർട്ടി തയ്യാറായിട്ടില്ലെന്നും എസ് ഡി പി ഐക്ക് കുടപിടിക്കുന്ന ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്ക് കീഴില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കാത്തതിനാലാണ് രാജിയെന്നും രാജികത്തിൽ നേതാക്കൾ പറഞ്ഞു.
അതേസമയം സി.പി.എമ്മില്‍ ഉണ്ടായ പൊട്ടിത്തെറി മതഭീകരവാദികളുമായുള്ള സിപിഎം ബന്ധത്തിൻ്റെ തെളിവാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ വിമർശിച്ചു. മതഭീകരരുമായുള്ള നേതാക്കളുടെ ബന്ധത്തെ എതിർത്ത് 38 പാര്‍ട്ടി അംഗങ്ങൾ കൂട്ടരാജി നല്‍കിയത് സ്വാഗതാർഹമാണ്. സിപിഎമ്മിൻ്റെ യഥാർത്ഥ മുഖം പാർട്ടിപ്രവർത്തകർ തിരിച്ചറിയുന്നതിൽ സന്തോഷമുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.
സംസ്ഥാനതലം മുതൽ ബ്രാഞ്ച് വരെയുള്ള സി പി എം നേതാക്കൾക്ക് പോപ്പുലർഫ്രണ്ടുമായി അന്തർധാരയുണ്ട്. മന്ത്രിസഭയിലും സംസ്ഥാന സെക്രട്ടറിയേറ്റിലും വരെ ചില പിഎഫ്ഐ സുഹൃത്തുക്കളുണ്ട്. പകൽ ഡി വൈ എഫ് ഐ ആയ പലരും രാത്രിയിൽ പോപ്പുലർഫ്രണ്ടാണെന്ന് ബിജെപി നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. ആലപ്പുഴയിലെ ഉന്നത സിപിഎം നേതാക്കളിൽ പലരും നല്ല ഒന്നാംതരം പോപ്പുലർഫ്രണ്ടുകാരാണ്. ചില സിപിഎം നേതാക്കളെ വിജയിപ്പിക്കാൻ പോപ്പുലർ ഫ്രണ്ടുകാർ ഇറങ്ങിയത് വെറുതെയല്ല. രൺജിത്ത് ശ്രീനിവാസൻ കൊലപാതകത്തിലും നന്ദു കൊലപാതകത്തിലും പോപ്പുലർഫ്രണ്ട് ഭീകരവാദികളെ സഹായിച്ചത് ഈ സിപിഎം നേതാക്കളാണെന്ന് ബിജെപി പറഞ്ഞിരുന്നുവെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാണിച്ചു.
പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എസ്ഡിപിഐയെ വിജയിച്ച പല സീറ്റുകളിലും സിപി എ മ്മിലെ ഒരു വിഭാഗത്തിൻ്റെ പിന്തുണയുണ്ടായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ പോപ്പുലർ ഫ്രണ്ട് ഇടതുപക്ഷത്തിനെ സഹായിക്കുകയും ചെയ്തു. ഇതിൻ്റെ പ്രത്യുപകാരമായിരുന്നു കഴിഞ്ഞ വർഷം കേരളത്തിൽ പോപ്പുലർ ഫ്രണ്ട് നടത്തിയ കൊലപാതകങ്ങളിൽ അവർക്ക് ലഭിച്ച സർക്കാർ രാഷ്ട്രീയ സഹായമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.












Click it and Unblock the Notifications