എല്‍ഡിഎഫ് പ്രചാരണം സഹായിച്ചത് കോണ്‍ഗ്രസിനെ; പരാജയം അപ്രതീക്ഷിതമെന്ന് കോടിയേരി
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദയനീയമായ തോല്‍വിയാണ് ഇടതുപക്ഷത്തിന് കേരളത്തില്‍ നേരിട്ടത്. 20ല്‍ 19 മണ്ഡലത്തിലും മികച്ച മുന്നേറ്റം യുഡിഎഫ് സ്ഥാനാര്‍ഥികള്‍ നടത്തി. ആലപ്പുഴയില്‍ മാത്രമാണ് ആശ്വാസ മുന്നേറ്റം. അപ്രതീക്ഷിത പരാജയമാണ് ഉണ്ടായിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ജനവിധി അംഗീകരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ പരാജയം പ്രതീക്ഷിച്ചതല്ല. പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തില്‍ തെറ്റു സംഭവിച്ചിട്ടുണ്ടോ എന്ന് സംസ്ഥാന കമ്മിറ്റി പരിശോധിക്കും. കേന്ദ്രത്തില്‍ ബിജെപി ഭരണം അവസാനിപ്പിക്കണമെന്ന എല്‍ഡിഎഫ് പ്രചാരണം നേട്ടമായത് കോണ്‍ഗ്രസിനാണ്. ബിജെപി വരാതിരിക്കാന്‍ ജനം കൂട്ടത്തോടെ കോണ്‍ഗ്രസിനെ പിന്തുണച്ചുവെന്നും കോടിയേരി പറഞ്ഞു.

ന്യൂനപക്ഷങ്ങളുടെ പിന്തുണയും കോണ്‍ഗ്രസിന് ലഭിച്ചു. ഒരു തരംഗമാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ പരാജയം താല്‍ക്കാലികമാണ്. മുമ്പും ഇത്തരം പരാജയങ്ങള്‍ ഉണ്ടായിട്ടുണ്ട്. പരാജയത്തിന്റെ വിശദാംശങ്ങള്‍ പരിശോധിക്കുമെന്നും മാറ്റങ്ങള്‍ വരുത്തണമെങ്കില്‍ വരുത്തുമെന്നും ബിജെപി കേരളത്തില്‍ തോറ്റതില്‍ അഭിമാനമുണ്ടെന്നും കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു.
ആറ്റിങ്ങലില്‍ സമ്പത്തും പാലക്കാട് എംബി രാജേഷും പിന്നിലായത് സിപിഎം കേന്ദ്രങ്ങളില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. വടകരയില്‍ ജയരാജനും കണ്ണൂരില്‍ പികെ ശ്രീമതിയും പരാജയപ്പെടുമെന്ന് സിപിഎം പ്രതീക്ഷിച്ചിരുന്നില്ല. ജയരാജനെ വിജയിപ്പിക്കാന്‍ പാര്‍ട്ടി എല്ലാ ശ്രമങ്ങളും നടത്തിയിരുന്നു.












Click it and Unblock the Notifications