പോളിംഗ് ബൂത്തില്‍ ചൂടൊന്നും പ്രശ്‌നമാകില്ല; എല്ലാ സൗകര്യവുമുണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ ഏപ്രില്‍ 26 ന് കേരളമടക്കം പോളിംഗ് ബൂത്തിലേക്ക് പോകാനിരിക്കുകയാണ്. മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വോട്ടെടുപ്പിന് കേരളത്തിലെ പോളിംഗ് ബൂത്തുകളെല്ലാം സജ്ജമാണ് എന്ന് അറിയിച്ചിരിക്കുകയാണ് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. എല്ലാ വോട്ടര്‍മാരും പോളിംഗ് ബൂത്തിലേക്ക് എത്തണം എന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്താകെ 25229 പോളിംഗ് സ്‌റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. ഇത് ജനാധിപത്യത്തിന്റെ ഉത്സവമാണ് എന്നും ചൂടിനെ പ്രതിരോധിക്കാന്‍ ഉള്ള സംവിധാനങ്ങള്‍ പോളിംഗ് ബൂത്തുകളില്‍ ഒരുക്കിയിട്ടുണ്ട് എന്നും സഞ്ജയ് കൗള്‍ കൂട്ടിച്ചേര്‍ത്തു. ' വോട്ട് ചെയ്യാനെത്തുന്നവര്‍ക്ക് ക്യൂവില്‍ കാത്തിരിക്കാന്‍ തണല്‍ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. മഴ പെയ്താലും വോട്ടര്‍മാര്‍ ബുദ്ധിമുട്ടേണ്ടി വരില്ല,' സഞ്ജയ് കൗള്‍ പറഞ്ഞു.

ടോയ്ലറ്റ്, കുടിവെള്ള സൗകര്യം, മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പ്രത്യേകം ക്യൂ, ഭിന്നശേഷിക്കാര്‍ക്ക് ഉപയോഗിക്കാന്‍ വീല്‍ ചെയര്‍ അടക്കമുള്ള സൗകര്യങ്ങള്‍ പോളിംഗ് ബൂത്തില്‍ ഉണ്ടാകും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വോട്ടര്‍ പട്ടികയില്‍ പേരുണ്ടെങ്കില്‍ 13 തിരിച്ചറിയല്‍ രേഖകള്‍ വഴി വോട്ട് ചെയ്യാം. വോട്ട് ചെയ്ത് എല്ലാവരും ജനാധിപത്യ വ്യവസ്ഥയെ ശക്തിപ്പെടുത്തണം എന്നും സഞ്ജയ് കൗള്‍ പറഞ്ഞു.
വോട്ടര്‍ ഐ ഡി കാര്‍ഡ്, ആധാര്‍ കാര്‍ഡ്, എം എന്‍ ആര്‍ ഇ ജി എ തൊഴില്‍ കാര്‍ഡ് (ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാര്‍ഡ്), ബാങ്ക്/പോസ്റ്റ് ഓഫീസ് നല്‍കുന്ന ഫോട്ടോ സഹിതമുള്ള പാസ്ബുക്കുകള്‍, തൊഴില്‍ മന്ത്രാലയത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ദേശീയ ജനസംഖ്യാ രജിസ്റ്ററിന് കീഴില്‍ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ നല്‍കുന്ന സ്മാര്‍ട്ട് കാര്‍ഡ് എന്നിവ വോട്ട് ചെയ്യാനുള്ള തിരിച്ചറിയല്‍ കാര്‍ഡ് ആയി ഉപയോഗിക്കാം.
ഇത് കൂടാതെ ഇന്ത്യന്‍ പാസ്പോര്‍ട്ട്, ഫോട്ടോ സഹിതമുള്ള പെന്‍ഷന്‍ രേഖ, കേന്ദ്ര, സംസ്ഥാന ജീവനക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, പബ്ലിക്ക് ലിമിറ്റഡ് കമ്പനി എന്നിവയിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് നല്‍കുന്ന ഫോട്ടോ പതിച്ച ഐഡി കാര്‍ഡ്, പാര്‍ലമെന്റ്റ് അംഗങ്ങള്‍ / നിയമസഭകളിലെ അംഗങ്ങള്‍ / ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ക്ക് നല്‍കുന്ന ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുകള്‍, ഭിന്നശേഷി തിരിച്ചറിയല്‍ കാര്‍ഡ് (യു ഡി ഐ ഡി കാര്‍ഡ്) എന്നിവയും ഉപയോഗിക്കാം.












Click it and Unblock the Notifications