തൃശൂര്‍ സുരേഷ് ഗോപി എടുക്കുമെന്നുറപ്പിച്ച് ബിജെപി, തിരുവനന്തപുരത്തും പ്രതീക്ഷ; സാധ്യത ഇങ്ങനെ
തൃശൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് അക്കൗണ്ട് തുറക്കുമെന്നുറപ്പിച്ച് ബി ജെ പി. തൃശൂരിലും തിരുവനന്തപുരത്തും അക്കൗണ്ട് തുറക്കാനാകും എന്ന പ്രതീക്ഷയില്‍ തന്നെയാണ് ബി ജെ പി. ഇതില്‍ തൃശൂരില്‍ എല്ലാ ഘടകങ്ങളും അനുകൂലമാണ് എന്നാണ് വിശ്വാസം. ഇവിടെ 20000 വോട്ടിന്റെ ഭൂരിപക്ഷമാണ് ബി ജെ പി പ്രതീക്ഷിക്കുന്നത്. തൃശൂരില്‍ സ്ത്രീ വോട്ടര്‍മാര്‍ സുരേഷ് ഗോപിക്കൊപ്പം നിന്നു എന്നാണ് ബി ജെ പിയുടെ വിശ്വാസം.
ഈഴവ, നായര്‍ വോട്ടുകളില്‍ നല്ലൊരു ശതമാനവും സുരേഷ് ഗോപിക്കൊപ്പമാണ് എന്ന് ബി ജെ പി പ്രതീക്ഷിക്കുന്നത്. ഇതിനൊപ്പം ക്രിസ്ത്യന്‍ വോട്ടില്‍ ഒരു പങ്ക് ലഭിക്കുകയും മുസ്ലിം ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ സീറ്റ് ഉറപ്പിക്കാം എന്നാണ് ബി ജെ പി പറയുന്നത്. എന്നാല്‍ മറിച്ചാണെങ്കില്‍ സ്ഥിതി മാറും. തിരുവനന്തപുരത്തും ബി ജെ പിക്ക് നല്ല പ്രതീക്ഷ തന്നെയാണ് ഉള്ളത്.

കോവളം ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ പൂര്‍ണമായും പോള്‍ ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, നേമം, കഴക്കൂട്ടം എന്നീ മണ്ഡലങ്ങളില്‍ പോളിംഗ് കുറഞ്ഞത് തങ്ങള്‍ക്ക് പ്രതികൂലമായേക്കും എന്ന ആശങ്കയും ബി ജെ പിക്കുണ്ട്. ആറ്റിങ്ങലില്‍ വോട്ടുവിഹിതം ഉയര്‍ത്താനാകും എന്നാണ് പ്രതീക്ഷ. കേന്ദ്രമന്ത്രി വി മുരളീധരനാണ് ആറ്റിങ്ങലില്‍ മത്സരിച്ചത്.
2019 ല്‍ ഇവിടെ മത്സരിച്ച ശോഭ സുരേന്ദ്രന്‍ രണ്ടര ലക്ഷം വോട്ടുകള്‍ പിടിച്ചിരുന്നു. ഇതിലേറെ പിടിക്കാനായില്ലെങ്കില്‍ ശോഭയുടെ മറുപക്ഷത്തുള്ള മുരളീധരന് നാണക്കേടാകും. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശോഭ സുരേന്ദ്രന്‍ ആലപ്പുഴയില്‍ ആണ് മത്സരിച്ചത്. ഇവിടെ രണ്ടാം സ്ഥാനത്ത് വരെ എത്തിയേക്കും എന്നാണ് ബി ജെ പിയുടെ പ്രതീക്ഷ. പാലക്കാടും പത്തനംതിട്ടയിലും കഴിഞ്ഞ തവണത്തേക്കാള്‍ മുന്നേറ്റമുണ്ടാകും എന്നാണ് കണക്കുകൂട്ടല്‍.
സംസ്ഥാനത്താകെ 18 മുതല്‍ 20 വരെ വോട്ടു വിഹിതം വര്‍ധിക്കുമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍. 2019 ല്‍ എന്‍ ഡി എയുടെ സംസ്ഥാനത്തെ വോട്ടുവിഹിതം 15 ശതമാനമായിരുന്നു. ആ വര്‍ഷം ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ ബി ജെ പി രണ്ടാം സ്ഥാനത്തും നേമത്ത് ഒന്നാം സ്ഥാനത്തുമായിരുന്നു. എന്നാല്‍ 2021 ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ വോട്ടുവിഹിതം ഇടിഞ്ഞ് 14 ശതമാനത്തില്‍ എത്തിയിരുന്നു.












Click it and Unblock the Notifications