സിഎഎ വിരുദ്ധ കേസുകള്‍ പിന്‍വലിക്കാനുള്ള നീക്കം; കേരള സര്‍ക്കാരിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തെ തുടര്‍ന്ന് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനത്തില്‍ വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയാണോ കേസുകള്‍ പിന്‍വലിച്ചത് എന്നത് സംബന്ധിച്ച് എത്രയും പെട്ടെന്ന് വിശദീകരണം നല്‍കണമെന്ന് സര്‍ക്കാരിനോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു.
ശനിയാഴ്ച തന്നെ സര്‍ക്കാര്‍ ഇത് സംബന്ധിച്ച വിശദീകരണം നല്‍കിയേക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് സി എ എ പ്രതിഷേധത്തെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത ഗുരുതരമല്ലാത്ത കേസുകള്‍ പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ചത്. മുസ്ലീം സംഘടനകള്‍ അടക്കമുള്ളവര്‍ നിരന്തരം ആവശ്യമുയര്‍ത്തിയതിന് പിന്നാലെയായിരുന്നു സര്‍ക്കാര്‍ കേസ് പിന്‍വലിക്കും എന്ന് പ്രഖ്യാപിച്ചത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തെ തുടര്‍ന്ന് സംസ്ഥാനത്ത് 835 കേസുകള്‍ ആണ് രജിസ്റ്റര്‍ ചെയ്തത്.

ഇതില്‍ ഗുരുതരമല്ലാത്ത 629 കേസുകള്‍ പിന്‍വലിക്കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ആവശ്യം ശക്തമായതോടെ ഗുരുതരമല്ലാത്ത കേസുകള്‍ പിന്‍വലിക്കുന്നത് സംബന്ധിച്ച നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പോലിസ് സൂപ്രണ്ടുമാര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. എന്നാല്‍ ഇതിനെതിരെ സംസ്ഥാന ബി ജെ പി നേതൃത്വം രംഗത്തെത്തിയിരുന്നു.
ഇത് പ്രത്യേക വിഭാഗത്തിന്റെ വോട്ട് ലക്ഷ്യം വെച്ചുള്ള നടപടിയാണെന്നും വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കുമെന്നും സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് ബി ജെ പി തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുകയും ചെയ്തു. സി എ എ വിരുദ്ധ കേസുകള്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഒരു വിഭാഗം ജനങ്ങളെ സ്വാധീനിക്കാനുള്ളതാണെന്ന് ബി ജെ പി തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് വി വി രാജേഷ് ആരോപിച്ചിരുന്നു.
തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന ദിവസം സര്‍ക്കുലര്‍ പുറപ്പെടുവിച്ചത് ഗുരുതര ചട്ടലംഘനമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. മാര്‍ച്ച് 14 ന് വൈകീട്ട് മൂന്ന് മണിയോട് കൂടിയാണ് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നത്. ഇതിന് ശേഷമാണോ കേസുകള്‍ പിന്‍വലിക്കാനുള്ള തീരുമാനമുണ്ടായത് എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കുക.മാര്‍ച്ച് 18 നാണ് പൗരത്വ നിയമ ഭേദഗതി പ്രക്ഷോഭത്തിനെതിരായ കേസുകള്‍ പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്.
ഗുരുതരസ്വഭാവമുള്ളത് ഒഴിച്ചുള്ള കേസുകള്‍ പിന്‍വലിക്കാന്‍ അനുമതി നല്‍കിയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ്. എന്നാല്‍ പ്രസ്തുത കേസുകള്‍ പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി നേരത്തേ തന്നെ നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications