'എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്, പക്ഷേ അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല'; രഞ്ജി പണിക്കർ
കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ പ്രതികരണവുമായി നടനും സംവിധായകനുമായ രഞ്ജി പണിക്കർ. രാജ്യത്തെ ജനാധിപത്യത്തിന്റെ ഭാവിയെ സംബന്ധിച്ച നിരവധി ചോദ്യങ്ങൾക്കുള്ള മറുപടിയായിരിക്കും ഇത്തവണത്തെ ജനവിധിയെന്ന് രഞ്ജി പണിക്കർ പറഞ്ഞു. സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല തന്റെ രാഷ്ട്രീയമെന്നും അദ്ദേഹം നിലപാടറിയിച്ചു.
വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ ആയിരുന്നു രഞ്ജി പണിക്കരുടെ പ്രതികരണം. തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയും സിനിമാ താരവുമായ സുരേഷ് ഗോപിയുടെ ജയസാധ്യതയെ കുറിച്ചുള്ള ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു. തനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ടെന്നും അതൊരിക്കലും സുരേഷ് ഗോപിയുടേത് അല്ലെന്നും രഞ്ജി പണിക്കർ പറയുന്നു.

'ഇന്ത്യയുടെ ജനാധിപത്യത്തിന്റെ ഭാവിയെ സംബന്ധിച്ച ഒരുപാട് ചോദ്യങ്ങളുടെ ഉത്തരം തന്നെയായിരിക്കും ഈ ജനവിധി. ഏറ്റവും പ്രസക്തമായ ഒട്ടേറെ ചോദ്യങ്ങൾ തീർച്ചയായും വോട്ടർമാരുടെ മനസിൽ ഉണ്ടാവും, ഇന്ത്യയുടെ മനസിൽ ഉണ്ടാവും. ഇന്ത്യൻ ജനാധിപത്യം അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള കാലഘട്ടത്തിൽ ഏറ്റവും അസുന്ദരമായ കാലഘട്ടത്തിലൂടെ കടന്നുപോവുന്നത് നാം കണ്ടതാണ്' രഞ്ജി പണിക്കർ പറയുന്നു.
'ജനാധിപത്യം എന്ന് പറയുന്ന സമ്പ്രദായത്തിൽ അത് കെട്ട് പോവുന്ന സന്ദർഭങ്ങളിൽ അല്ലെങ്കിൽ അതിന് ഗുരുതരമായ പ്രസ്ഥിസന്ധികൾ ഉണ്ടാവുന്ന സന്ദർഭങ്ങളിൽ തീർച്ചയായും ജനാധിപത്യം അതിന്റെതായ പരിഹാര മാർഗങ്ങൾ കണ്ടത്താറുണ്ട്. അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള കാലഘട്ടത്തിൽ നാമത് കണ്ടതാണ്' അദ്ദേഹം ചൂണ്ടിക്കാട്ടി.
'ഇന്ത്യൻ ജനതയ്ക്ക് ഇത്രയധികം രാഷ്ട്രീയ ബോധം ഇല്ലാതിരുന്ന കാലത്ത്, ആശയ വിനിമയ സാധ്യതകളില്ലാതിരുന്ന കാലത്ത് ജനാധിപത്യത്തിന്റെ നിലനിൽപ്പിന് വേണ്ടി, അതിന്റെ അപകടസന്ധിയെ തരണം ചെയ്യുന്നതിന് വേണ്ടി നമ്മൾ വോട്ട് ചെയ്‌തിട്ടുണ്ട്. എല്ലാകാലവും ജനാധിപത്യം അങ്ങനെ തന്നെയാണ് പ്രവർത്തിക്കുക' രഞ്ജി പണിക്കർ പറയുന്നു.
'അതിന്റെ എല്ലാ പരിമിതികൾക്കും പരാധീനതകൾക്കും ഉള്ളിൽ നിന്ന് കൊണ്ട് തന്നെ ജനാധിപത്യത്തിന് അതിന്റെതായ ഒരു മെക്കാനിസം ഉണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ'എന്നും രഞ്ജി പണിക്കർ കൂട്ടിച്ചേർത്തു. സുരേഷ് ഗോപിയുടെ വിജയം ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് തനിക്ക് കൃത്യമായ രാഷ്ട്രീയം ഉണ്ടെന്നായിരുന്നു താരത്തിന്റെ മറുപടി, അത് സുരേഷ് ഗോപിയുടേതല്ലെന്ന് പറഞ്ഞ രഞ്ജി പണിക്കർ അതാണ് തന്റെ മറുപടിയെന്നും മാധ്യമങ്ങളോട് പറഞ്ഞു.












Click it and Unblock the Notifications