'കോൺഗ്രസിന് അടിമപ്പണി ചെയ്യുകയാണ് സിപിഎം, മത്സരിക്കുന്നത് പോലും അവരുടെ കാരുണ്യത്തിൽ'; കെ സുരേന്ദ്രൻ
കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ സംസ്ഥാനത്ത് കോൺഗ്രസും സിപിഎമ്മും ബിജെപിയെ തോൽപിക്കാൻ ധാരണ ഉണ്ടാക്കിയെന്ന ആരോപണം കടുപ്പിച്ച് പാർട്ടി സംസ്ഥാന അധ്യക്ഷനും വയനാട് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ കെ സുരേന്ദ്രൻ. കേരളത്തിന് പുറത്ത് സിപിഎം കോൺഗ്രസിന്റെ കാരുണ്യത്തിലാണ് മത്സരിക്കുന്നതിനും സുരേന്ദ്രൻ പരിഹസിച്ചു.
ദേശീയ തലത്തിൽ നാമമാത്രമായ സീറ്റുകളിൽ മാത്രമാണ് സിപിഎം മത്സരിക്കുന്നത്. കോൺഗ്രസിനെ സുഖിപ്പിക്കാൻ വേണ്ടിയാണ് കേരളത്തിൽ ബിജെപിയെ ആക്രമിക്കുന്നതെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. നേരത്തെ കേരളത്തിൽ ബിജെപിക്ക് ഒരു മണ്ഡലത്തിലും രണ്ടാം സ്ഥാനം പോലും കിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതാണ് കെ സുരേന്ദ്രനെ ചൊടിപ്പിച്ചത്.

കേരളത്തിലെ ബിജെപിയുടെ സീറ്റിന്റെ കാര്യം നോക്കുന്നതിനുമുമ്പ് മുഖ്യമന്ത്രി സ്വന്തം പാർട്ടിയുടെ കനൽത്തരി പോലും ഇത്തവണ രാജ്യത്ത് കെട്ടുപോകുമെന്ന യാഥാർത്ഥ്യം മനസിലാക്കണമെന്ന് പറഞ്ഞ സുരേന്ദ്രൻ, ദേശീയ പാർട്ടി സ്ഥാനം നിലനിർത്താനുള്ള വോട്ടുവിഹിതം നിലനിർത്താൻ കോൺഗ്രസിന് അടിമപ്പണി ചെയ്യുകയാണ് സീതാറാം യെച്ചൂരിയെന്നും പരിഹസിച്ചു.
കൂടാതെ കേരളത്തിൽ സിപിഎം-കോൺഗ്രസ് ധാരണ ഉണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു. മുഖ്യമന്ത്രിയുടെ വാക്കുകൾ നിന്ന് ഇക്കാര്യം വ്യക്തമാണ്. എന്നാൽ ഈ അവസരവാദ രാഷ്ട്രീയം ജനങ്ങൾ തന്നെ തള്ളി കളയുമെന്നും സുരേന്ദ്രൻ മുന്നറിയിപ്പ് നൽകി. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പരസ്‌പരം കൊണ്ടും കൊടുത്തും മൂന്ന് മുന്നണികളുടെയും പ്രചാരണം മുന്നേറുകയാണ്.
അതേസമയം, സംസ്ഥാനത്ത് ഒരു മണ്ഡലത്തിൽ പോലും ബിജെപി വിജയിക്കില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പറഞ്ഞത്. 20 മണ്ഡലങ്ങളിൽ ഒരിടത്ത് പോലും ബിജെപിക്ക് വിജയിക്കാൻ കഴിയില്ല. രണ്ടാം സ്ഥാനത്ത് പോലും എത്തില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആലപ്പുഴയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വർഗീയതയെ കേരളത്തിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ മുഖ്യമന്ത്രി സംഘപരിവാർ ഉയർത്തുന്ന ഭീഷണികളെ നെഞ്ചുവിരിച്ച് എതിർക്കുകയും അവരെ അധികാരത്തിൽനിന്ന് പുറത്താക്കാനുള്ള ചാലകശക്തിയായി പ്രവർത്തിക്കുകയും ചെയ്യുമെന്നും പറഞ്ഞിരുന്നു. ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായ കോൺഗ്രസിനെയും സിഎഎ വിഷയത്തിൽ മുഖ്യമന്ത്രി വിമർശിച്ചിരുന്നു. കോൺഗ്രസിന്റേത് കുറ്റകരമായ മൗനമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
2016ൽ ബിജെപി കേരളത്തിൽ അക്കൗണ്ട് തുറന്നത് ബിജെപിയുടെ കരുത്തിന്റെ ഭാഗമാല്ല. ബിജെപിക്ക് പോലും അങ്ങനെ അവകാശപ്പെടാനാവില്ല. 2021ലെ തിരഞ്ഞെടുപ്പിൽ ആ അക്കൗണ്ട് ഞങ്ങൾ പൂട്ടിച്ചു. ശിവൻകുട്ടിയാണ് നേമത്ത് ജയിച്ചത്. ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചത് സിപിഎം ആണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.












Click it and Unblock the Notifications