'മോദിയോട് സംസാരിക്കുന്നത് പോലെ ദൈവം എന്നോട് സംസാരിക്കാറില്ല'; വയനാട്ടില്‍ രാഹുലിന്റെ റോഡ് ഷോ
മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മിന്നുന്ന ജയം സ്വന്തമാക്കിയതിന് പിന്നാലെ വയനാട് മണ്ഡലത്തിലെ വോട്ടര്‍മാരോട് നന്ദി പറയാനെത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അധികാരമുണ്ടായാല്‍ എന്തും നടത്താമെന്ന ധാരണയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട മലപ്പുറം ജില്ലയിലെ എടവണ്ണയില്‍ രാഹുല്‍ ഗാന്ധിക്ക് വലിയ സ്വീകരണമാണ് പ്രവര്‍ത്തകര്‍ നല്‍കിയത്.
നരേന്ദ്ര മോദിയോട് പരമാത്മാവ് സംസാരിക്കുന്നത് പോലെ തന്നോട് സംസാരിക്കാറില്ല എന്നും താനൊരു സാധാരണ മനുഷ്യനാണ് എന്നതാണ് അതിന് കാരണം എന്നും രാഹുല്‍ പറഞ്ഞു. എന്തുചെയ്യണമെന്ന് മോദിക്ക് പറഞ്ഞ് കൊടുക്കുന്നത് ദൈവമായിരിക്കാം എന്നും എന്നാല്‍ തന്റെ കാര്യത്തില്‍ അങ്ങനെ അല്ല എന്നും രാഹുല്‍ പരിഹസിച്ചു. ' താന്‍ ജൈവികമായി ഉണ്ടായതല്ലെന്നാണ് പ്രധാനമന്ത്രി പ്രസംഗിച്ചത്.

ഒരു തീരുമാനവും താന്‍ എടുക്കില്ലെന്നും തന്നെ ഭൂമിയിലേക്ക് അയച്ച പരമാത്മാവ് തീരുമാനമെടുക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ അദാനിയുടെയും അംബാനിയുടെയും തീരുമാനങ്ങളാണ് ഈ വിചിത്രമായ പരമാത്മാവ് എടുത്തത്. പരമാത്മാവ് പറഞ്ഞത് പ്രകാരം ആദ്യം എയര്‍പോര്‍ട്ടുകളും പിന്നീട് വൈദ്യുതി നിലയങ്ങളും അദാനിക്കും അംബാനിക്കും കൊടുത്തു,' രാഹുല്‍ പറഞ്ഞു.
ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടമായിരുന്നു ഈ തിരഞ്ഞെടുപ്പില്‍ നടന്നതെന്നും രാഹുല്‍ പറഞ്ഞു. രാജ്യത്തെ ഓരോ ചരിത്രത്തെയും പാരമ്പര്യത്തെയും സംരക്ഷിക്കുന്നത് ഭരണഘടനയാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ ജനങ്ങള്‍ക്ക് കഥകളി ആസ്വദിക്കാനും മലയാളം സംസാരിക്കാനും സാധിക്കും. അവകാശങ്ങളെ സംരക്ഷിക്കുന്നത് ഭരണഘടനയാണ്.
എന്നാല്‍ ഭരണഘടന രാജ്യത്ത് ഇല്ലാതായാല്‍ കേരളത്തില്‍ മലയാളം സംസാരിക്കാന്‍ പാടില്ലെന്ന് ആര്‍ക്കും ആജ്ഞാപിക്കാന്‍ സാധിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം വയനാട്, റായ്ബറേലി മണ്ഡലങ്ങളില്‍ ഏതാണ് ഒഴിവാക്കുക എന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയില്ല. ഇരു മണ്ഡലങ്ങളിലെയും ജനങ്ങളെ സന്തോഷിപ്പിക്കുന്ന തീരുമാനമെടുക്കും എന്നായിരുന്നു രാഹുലിന്റെ മറുപടി.
തുറന്ന ജീപ്പില്‍ റോഡ് ഷോ നടത്തിയാണ് രാഹുല്‍ മണ്ഡലത്തിലെത്തിയത്. എ ഐ സി സി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ രാഹുലിനൊപ്പമുണ്ടായിരുന്നു. മുസ്ലീം ലീഗിന്റെയും എംഎസ്എഫിന്റെയും ഉള്‍പ്പെടെയുള്ള കൊടികളും റാലിയില്‍ ഉയര്‍ത്തിയിരുന്നു. എടവണ്ണയിലെ സ്വീകരണത്തിനു ശേഷം ഉച്ചയ്ക്ക് രണ്ട് മണിക്ക് രാഹുല്‍ കല്പറ്റയില്‍ എത്തും.
കല്പറ്റ പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് സംഘടിപ്പിച്ചിരിക്കുന്ന പരിപാടിയില്‍ കെസി വേണുഗോപാല്‍, കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, വിഡി സതീശന്‍, മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍, പികെ കുഞ്ഞാലിക്കുട്ടി എന്നിവരും പങ്കെടുക്കും.












Click it and Unblock the Notifications