പ്രതാപന്‍ ഇല്ല, പകരം വിടി ബല്‍റാം തൃശൂരിലേക്ക്: എഐസിസിക്കും താല്‍പര്യം, ഇടതിന് വേണ്ടി മുന്‍മന്ത്രി
ലോക്സഭ തിരഞ്ഞെടുപ്പിന് ഒന്നരമാസം ശേഷിക്കുന്നുണ്ടെങ്കിലും കേരളത്തിലെ വിവിധ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെക്കുറിച്ചുള്ള ചർച്ചകള്‍ സജീവമാണ്. കോണ്‍ഗ്രസ് കഴിഞ്ഞ തവണത്തേതിന് സമാനമായ വിജയം പ്രതീക്ഷിക്കുമ്പോള്‍ ഏത് വിധേനയും ശക്തമായ പ്രകടനം കാഴ്ചവെച്ച് ലോക്സഭയിലെ അംഗബലം വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് എല്‍ ഡി എഫ്. ബി ജെ പിയാവട്ടെ ഇത്തവണയെങ്കിലും സംസ്ഥാനത്ത് അക്കൌണ്ട് തുറന്നേ മതിയാവൂ എന്ന് ഉറപ്പിച്ചാണ് പ്രവർത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോവുന്നത്.
ലോക്സഭ തിരഞ്ഞെടുപ്പ് മുന്‍ നിത്തിയാണ് സി പി എം അടുത്തിടെ സംസ്ഥാന ജാഥ സംഘടിപ്പിച്ചത്. ബി ജെ പിയും കേന്ദ്ര നേതാക്കള്‍ ഉള്‍പ്പടേയുള്ളവരെ അണിനിരത്തി വിവിധ പൊതുയോഗങ്ങളും സംഘടിപ്പിച്ച് കഴിഞ്ഞു. കോണ്‍ഗ്രസില്‍ ഇതുവരെ ഒരുക്കങ്ങള്‍ ആരംഭിച്ചില്ലെങ്കിലും എത്രയും പെട്ടെന്ന് തന്നെ പാർട്ടി കൂടുതല്‍ സജീവമാവും. കഴിഞ്ഞ തവണ മത്സരിച്ച് വിജയിച്ച നേതാക്കളില്‍ പലരും ഇത്തവണ മത്സരത്തിന് തയ്യാറാവുന്നില്ല എന്നതാണ് കോണ്‍ഗ്രസ് നേരിടുന്ന ഏറ്റഴും വലിയ വെല്ലുവിളി.

മത്സരത്തിന് താല്‍പര്യം ഇല്ലാത്തവർ
പല നേതാക്കളും 2026 ലെ നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള നീക്കമാണ് നടത്തുന്നത്. തിരുവനന്തപുരം എം പി ശശി തരൂർ മുതല്‍ തൃശ്ശൂരില്‍ നിന്നുള്ള ടി എന്‍ പ്രതാപന്‍ വരെ ഈ കൂട്ടത്തിലുണ്ട്. ഇതില്‍ പ്രതാപനാണ് കൂടുതല്‍ ശക്തമായി തന്നെ തന്റെ നിലപാട് അറിയിച്ചത്. ടി എന്‍ പ്രതാപന്‍ ഇല്ലെങ്കില്‍ മറ്റാര് എന്നതാണ് കോണ്‍ഗ്രസിലെ ഇപ്പോഴത്തെ ആലോചന. പ്രതാപന്‍ തയ്യാറാണെങ്കില്‍ മറ്റ് ചർച്ചകളിലേക്ക് കോണ്‍ഗ്രസ് കടക്കില്ല.
പ്രതാപന്‍ ഇല്ലെന്ന് ഉറപ്പിക്കുകയാണെങ്കില്‍ ഏറ്റവും സാധ്യതയുള്ള ഒരു പേര് കെ പി സി സി സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ വിടി ബല്‍റാമിന്റേതാണ്. കോണ്‍ഗ്രസ് വൃത്തങ്ങളില്‍ നേരത്തെ തന്നെ ഇത്തരമൊരു ചർച്ച സജീവമാണ്. പ്രതാപന്‍ ഇല്ലെങ്കില്‍ ഏറ്റവും കൂടുതല്‍ സാധ്യത ബല്‍റാം എന്നതിലേക്കാണ് ചർച്ച കടക്കുന്നത്. ബല്‍റാമിന് അനുകൂലമായ നിരവധി ഘടകങ്ങളും മണ്ഡലത്തിലുണ്ട്.

ബി ജെ പിയും സുരേഷ് ഗോപിയും
2024 ല്‍ ബി ജെ പി ലക്ഷ്യം വെക്കുന്ന ഒരു സീറ്റുകളില്‍ ഒന്നാണ് തൃശൂർ. കഴിഞ്ഞ തവണത്തേത് പോലെ ഇത്തവണയും സുരേഷ് ഗോപി തന്നെയാവും ബി ജെ പി സ്ഥാനാർത്ഥി. അതിനുള്ള ഒരുക്കങ്ങള്‍ ബി ജെ പി മാസങ്ങള്‍ക്ക് മുന്നേ ആരംഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സീറ്റ് നിലനിർത്തണമെങ്കില്‍ ശക്തമായ സ്ഥാനാർത്ഥിയെ തന്നെ കോണ്‍ഗ്രസിന് രംഗത്തിറക്കണം. വിടി ബല്‍റാം ആണെങ്കില്‍ സുരേഷ് ഗോപിയെ നേരിട്ട് മണ്ഡലം നിലനിർത്താന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നത്.
Hair Care-താരനെ തുരത്താനൊരു കിടിലൻ പ്രയോഗം, പക്ഷേ ഉപയോഗിക്കേണ്ടത് ഇങ്ങനെ
തൃത്താല നിയോജക മണ്ഡലത്തില്‍ നിന്ന് രണ്ട് തവണ എംഎല്‍എയായ ബല്‍റാം കഴിഞ്ഞ തവണ പരാജയപ്പെട്ടതിന് ശേഷം സംഘടന രംഗത്താണ് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. ബല്‍റാമിന് അന്യമായ മേഖലയല്ല തൃശൂർ. വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തന കാലം മുതല്‍ക്കേ തൃശ്ശൂര്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സജീവമായ നേതാവാണ് വിടി ബല്‍റാം. ഈയടുത്ത കാലത്തായി ജില്ലയിലെ കോണ്‍ഗ്രസ് പരിപാടികളിലും ബല്‍റാം സജീവമാണ്.

ടി എന്‍ പ്രതാപനും അനുകൂലം
ബല്‍റാമിനെ സ്ഥാനാർത്ഥിയാക്കുന്നതില്‍ ടി എന്‍ പ്രതാപനും അനുകൂല നിലപാടാണെന്നാണ് സൂചന. തന്റെ പകരക്കാരന്റെ പേര് മനസ്സിലുണ്ടെന്ന് പ്രതാപന്‍ പറഞ്ഞിരുന്നു. സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച അഭിപ്രായം ആരാഞ്ഞാല്‍ ജയസാധ്യതയുള്ള ആളുടെ പേര് പറയും. അന്തിമമായി സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കേണ്ടത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആണെന്നും ടിഎന്‍ പ്രതാപന്‍ പറഞ്ഞു. മണ്ഡലം തിരിച്ച് പിടിക്കാന്‍ ശ്രമിക്കുന്ന സി പി ഐ ആവട്ടെ മുന്‍മന്ത്രി വിഎസ് സുനില്‍കുമാറിന്റെ പേര് സംബന്ധിച്ചാണ് ചർച്ച നടക്കുന്നത്.












Click it and Unblock the Notifications