ന്യൂനമര്‍ദം ശക്തി പ്രാപിക്കാന്‍ സാധ്യത; വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത.
സെപ്റ്റംബര്‍ 11 നോട് കൂടി മധ്യവടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ഒരു ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശേഷമുള്ള 48 മണിക്കൂറില്‍ ന്യൂനമര്‍ദം കൂടുതല്‍ ശക്തി പ്രാപിക്കാനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിരിക്കുന്നു.
ന്യൂനമര്‍ദ രൂപീകരണവുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 12 നോട് കൂടി കേരളത്തില്‍ കാലവര്‍ഷം സജീവമാകാനിടയുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ സെപ്റ്റംബര്‍ 12 മുതല്‍ 14 വരെ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

ന്യൂനമര്‍ദത്തിന്റെ രൂപീകരണവും വികാസവും അതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ അന്തരീക്ഷ ദിനാവസ്ഥയിലുള്ള മാറ്റങ്ങളെയും കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. വരും ദിവസങ്ങളിലെ മുന്നറിയിപ്പുകള്‍ ഗൗരവമായി പരിഗണിക്കേണ്ടതാണെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.
മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദ്ദേശം
കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യ ബംഗാള്‍ ഉള്‍ക്കടല്‍, തെക്ക് ആന്‍ഡമാന്‍ കടല്‍ എന്നീ സമുദ്രഭാഗങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയിലും ചില അവസരങ്ങളില്‍ 60 കി.മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.
12 മുതല്‍ 14ാം തീയതി വരെ വടക്ക് ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്നുള്ള മധ്യ ബംഗാള്‍ ഉള്‍ക്കടല്‍, ഒഡിഷ - വെസ്റ്റ് ബംഗാള്‍ തീരം, വടക്കന്‍ ആന്‍ഡമാന്‍ കടല്‍ എന്നീ സമുദ്രഭാഗങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയിലും ചില അവസരങ്ങളില്‍ 60 കി.മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
11 മുതല്‍ 14 വരെ തെക്ക് - പടിഞ്ഞാറന്‍, മധ്യ - പടിഞ്ഞാറന്‍ അറബിക്കടലില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയിലും ചില അവസരങ്ങളില്‍ 60 കി.മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മേല്‍ പറഞ്ഞ ദിവസങ്ങളില്‍ പ്രസ്തുത പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല എന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.












Click it and Unblock the Notifications