ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം വരുന്നു; കേരളത്തിൽ മഴ ശക്തമായേക്കും, ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാവാനുള്ള സാധ്യതകൾ തെളിയുന്നു. രണ്ട് ചക്രവാത ചുഴികളുടെ സാന്നിധ്യമുള്ളതിനാൽ ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. ഈ സാഹചര്യത്തിൽ കേരളത്തിൽ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മഴ ശക്തമായേക്കും. ഇത് കണക്കിലെടുത്ത് വിവിധ ജില്ലകളിൽ അടുത്ത രണ്ട് ദിവസത്തേക്ക് മഴ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.
ഇന്നും നാളെയും ചില ജില്ലകളിൽ യെല്ലോ അലർട്ടാണ് നൽകിയിരിക്കുന്നത്. ഇന്ന് ഏഴോളം ജില്ലകളിലാണ് യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്. ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. നാളെയും മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. ഇരുപത്തിനാല് മണിക്കൂറിനിടെ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന അവസ്ഥയാണ് ഒറ്റപ്പെട്ട ശക്തമായ മഴ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.
മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി ഒരു ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്, മറ്റൊരു ചക്രവാതചുഴി മ്യാന്മാറിന് മുകളിലായും സ്ഥിതി ചെയ്യുന്നുണ്ട്. ഈ രണ്ട് ചക്രവാതചുഴിയുടെയും സ്വാധീനത്തിൽ ഇന്നോടെ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിന് മുകളിൽ ന്യൂനമർദ്ദം രൂപപ്പെട്ടേക്കുമെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു. ഇതാണ് രണ്ട് ദിവസം മഴ ശക്തമാവാനുള്ള കാരണം.
ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത ഉള്ളതിനാൽ തന്നെ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധത്തിന് പോവാൻ പാടില്ലെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇവിടെ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില സമയത്ത് മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ കാറ്റ് വീശാനും മോശം കാലാവസ്ഥ ഉണ്ടാവാനും സാധ്യതയുണ്ട്.
അതേസമയം, വടക്കൻ കേരളത്തിൽ ഉൾപ്പെടെ മഴയുടെ തീവ്രത കുറഞ്ഞതോടെ പകൽ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ശക്തിയേറിയ വെയിൽ ഉൾപ്പെടുന്ന കാലാവസ്ഥ തുടരുന്നതിനിടെയാണ് ആശ്വാസമായി മഴ വരുന്നുവെന്ന മുന്നറിയിപ്പ്. മലബാറിലെ മലയോര മേഖലകളിൽ ഉൾപ്പെടെ ചിലയിടത്ത് നേരത്തെ മഴ പെയ്‌തിരുന്നു.












Click it and Unblock the Notifications