കൊച്ചിയെ മറ്റൊരു ബെംഗളൂരുവാക്കി മാറ്റുമോ ലുലു, എന്താണ് ലുലു ഇരട്ട ടവർ? 30000 പേർക്ക് വരെ ജോലി
കൊച്ചി: കേരളത്തില്‍ ഹൈപ്പർ മാർക്കറ്റ് രംഗത്ത് തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനുള്ള നീക്കത്തിലാണ് ലുലു മാള്‍. കൊച്ചി, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളില്‍ മാളുകള്‍ തുറന്ന ലുലു ഗ്രൂപ്പ് അടുത്ത മാസം കോഴിക്കോടും പുതിയ മാള്‍ തുറക്കും. കോഴിക്കോടിന് പുറമെ കോട്ടയത്തെ ലുലു മാളിന്റെ പ്രവർത്തനവും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
കോഴിക്കോടിനും കോട്ടയത്തിനും പുറമെ തൃശൂർ, പെരിന്തൽമണ്ണ, തിരൂർ ഉൾപ്പെടെ 8 സ്ഥലങ്ങളിൽ പുതിയ മാളുകളും ഹൈപ്പർമാർക്കറ്റുകളും ഉടൻ ആരംഭിക്കും. ഇതിനെല്ലാം പുറമെയാണ് ലുലുവിന്റെ സ്വന്തം ഐടി ടവറുകളും സെപ്തംബറില്‍ പ്രവർത്തനം ആരംഭിക്കുന്നത്. കേരളത്തിലെ ഏറ്റവും ഉയരമുള്ള ഇരട്ട ഐടി ടവറുകളാണ് കൊച്ചിയിലെ സ്മാർട്ട് സിറ്റിയില്‍ ഒരുങ്ങിയിരിക്കുന്നത്.

ലുലു ഐടി ടവർ ഒന്നിന്റെയും രണ്ടിന്റെയും നിർമാണമാണ് പൂർത്തിയായി കഴിഞ്ഞു. അവസാന ഘട്ട മിനുക്ക് പണികളും പൂർത്തിയാക്കിയ കെട്ടിടം ഉദ്ഘാടനത്തിനായി ഒരുങ്ങിക്കഴിഞ്ഞു. 1500 കോടി രൂപ മുതല്‍ മുടക്കിയാണ് 12.74 ഏക്കറിൽ 34 ലക്ഷം ചതുരശ്രയടിയിലാണ് 153 മീറ്റർ ഉയരമുള്ള ടവറുകൾ നിർമ്മിച്ചിരിക്കുന്നത്.
25 ലക്ഷം ചതുരശ്രയടി ഓഫീസ് സ്‌പേസ് ഇരു ടവറുകളിലുമുണ്ട്. ഓഫീസ് സ്‌പേസ് പാട്ടത്തിന് നൽകാൻ ചർച്ച ആരംഭിച്ചു. ചില കമ്പനികളുമായുള്ള ചർച്ചകള്‍ അവസാന ഘട്ടത്തിലാണ്. ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നുള്ള കമ്പനികളും ലുലുവുമായി ചർച്ച നടത്തുന്നുവെന്നതാണ് ശ്രദ്ധേയം.
കുറഞ്ഞ വാടകയും കേരളത്തിലെ ഐടി പ്രൊഫഷണലുകളുടെ തൊഴിൽ വൈദഗ്‌ധ്യവും പുറത്ത് നിന്നുള്ള കമ്പനികളെ ആകർഷിക്കുന്ന പ്രധാന കാര്യമാണ്. ഇരട്ട ടവറുകള്‍ പ്രവർത്തനം ആരംഭിക്കുന്നതോടെ നേരിട്ടും പരോക്ഷമായും 25,000--30,000 പേർക്ക് ജോലി ലഭിക്കുമെന്നാണ് പ്രതീക്ഷ.
സ്‌മാർട്ട് സിറ്റി കൊച്ചി രണ്ടാംഘട്ടത്തിന്റെ ഭാഗമായാണ് ടവറുകളുടെ നിർമാണം. ഇരട്ട ടവറുകളിലായി ഫുഡ് കോർട്ട്, ക്രഷ്, ജിം, റീടെയ്ൽ സ്‌പേസ്, 100 ശതമാനം പവർ ബാക്കപ്, സെൻട്രലൈസ്ഡ് എസി, മാലിന്യസംസ്‌കരണ പ്ലാന്റ്, മഴവെള്ളസംഭരണി എന്നിവയും ഉണ്ടാകും.
4200 കാറുകള്‍ക്ക് കെട്ടിടത്തില്‍ ഒരേ സമയം പാർക്ക് ചെയ്യാന്‍ സാധിക്കും. മൂവായിരത്തോളം കാറുകൾ റോബോട്ടിക് സംവിധാനം ഉപയോഗിച്ച് പാർക്ക് ചെയ്യാം. കെട്ടിടനിർമാണത്തിന്റെ ഗുണനിലവാരം അടിസ്ഥാനമാക്കി പ്രീ സർട്ടിഫൈഡ് ലീഡ് പ്ലാറ്റിനം ലഭിച്ച എ ഗ്രേഡ് കെട്ടിടങ്ങളാണ് രണ്ടും എന്നതാണ് ശ്രദ്ധേയം.
അതേസമയം, സംസ്ഥാനത്തെ വർധിച്ച് വരുന്ന ഐടി പ്രൊഫഷണലുകള്‍ക്കും ലുലു ടവർ ഏറെ സഹായകരമാകും. 2023 ലെ കണക്കുകള്‍ പ്രകാരം രണ്ടര ലക്ഷത്തോളം ഐടി പ്രൊഫഷണലുകളാണ് കേരളത്തില്‍ പ്രവർത്തിക്കുന്നത്. ഇതില്‍ ഒരു ലക്ഷത്തോളം പേര്‍ മാത്രമാണ് കൊച്ചിയിൽ ജോലി ചെയ്യുന്നത്. ലുലു ടവർ പ്രാവർത്തികമാകുന്നതോടെ ഇവരില്‍ വലിയൊരു വിഭാഗം കൊച്ചിയിലേക്ക് പ്രവർത്തനം മാറ്റുകയും ചെയ്തേക്കും.
അതേസമയം അടുത്തതായി തുറക്കാന്‍ പോകുന്ന കോഴിക്കോട്ടെ മാളില്‍ എല്ലാ പ്രമുഖ ബ്രാന്‍ഡുകളും എത്തിക്കഴിഞ്ഞുവെന്നാണ് ലുലു ഗ്രൂപ്പ് തന്നെ കഴിഞ്ഞ ദിവസം ഔദ്യോഗികമായി അറിയിച്ചത്. "എല്ലാ ബ്രാൻഡുകളും ഇതിനോടകം തന്നെ കോഴിക്കോട് ലുലു മാളിലേക്ക് എത്തിയിട്ടുണ്ടെന്ന് അറിയിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. അവസാനഘട്ട മിനുക്ക് പണികള്‍ അതിവേഗം പുരോഗമിക്കുകയാണ്. സ്ഥാപനം ഉടന്‍ തന്നെ തുറന്ന് പ്രവർത്തനം ആരംഭിക്കും" ലുലു മാൾസ് ഇന്ത്യ ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെ വ്യക്തമാക്കി.
"കോഴിക്കോട് മാങ്കാവിൽ പ്രവാർത്തനം ആരംഭിക്കുന്ന മാൾ 3.5 ലക്ഷം ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്നതാണ്. മൂന്ന് നിലകളിലായി ഷോപ്പിംഗ് സൗകര്യമുണ്ട്. ഇതില്‍ 1.5 ലക്ഷം ചതുരശ്ര അടിയില്‍ പ്രവർത്തിക്കുക ലുലു ഹൈപ്പർമാർക്കറ്റായിരിക്കും. 16 വൈവിധ്യമാർന്ന ബ്രാൻഡുകളുള്ള 400 പേർക്ക് ഇരിക്കാവുന്ന ഫുഡ് കോർട്ട്, പാൻ ഏഷ്യൻ റെസ്റ്റോറൻ്റ്, കുട്ടികൾക്കുള്ള ഗെയിമിംഗ് ഏരിയ എന്നിവയും കോഴിക്കോട് ലുലു മാളില്‍ ഉൾപ്പെടുന്നു. ലുലു മാൾ കോഴിക്കോട്ടെ ഗംഭീരമായ ഉദ്ഘാടനത്തിനായി കാത്തിരിക്കുക." എന്നും ലുലു കുറിച്ചു.












Click it and Unblock the Notifications