പുതിയ ലുലു മാൾ വരുന്നു,ഒപ്പം ഹൈപ്പർ എക്സ്പ്രസ് മാർക്കറ്റും; കോടികളൊഴുകും..വമ്പൻ പ്രഖ്യാപനവുമായി എംഎ യൂസഫലി
കേരളത്തിൽ ലുലു ഗ്രൂപ്പിന് നിലവിൽ ഏഴ് ഷോപ്പിംഗ് മാളുകളുണ്ട്. കൊച്ചി ഇടപ്പള്ളിയിലെ ലുലു ഇൻ്റർനാഷണൽ മാളും തിരുവനന്തപുരം ആക്കുളത്തെ ലുലു മാളുമാണ് പ്രധാന കേന്ദ്രങ്ങൾ. ഇതുകൂടാതെ പാലക്കാട്, കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളിൽ മിനി മാളുകളും തൃശ്ശൂരിലെ തൃപ്രയാറിൽ വൈ-മാൾ, ലുലു എക്സ്പ്രസ് ഫ്രഷ് മാർക്കറ്റ് കൂടാതെ കൊട്ടിയത്ത് ഡുലു ഡെയ്ലി എന്നിവയും പ്രവർത്തിക്കുന്നുണ്ട്.
ഇപ്പോഴിതാ കൂടുതൽ നിക്ഷേപ പദ്ധതികൾ കേരളത്തിൽ യാഥാർത്ഥ്യമാക്കാനൊരുങ്ങുകയാണ് ലുലു ഗ്രൂപ്പ്. ചെയർമാൻ എംഎ യൂസഫലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തോട് അനുബന്ധിച്ച് കേരള പവലിയൻ തുറക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നിലവിൽ കളമശേരിയിൽ ലുലുവിൻ്റെ വമ്പൻ ഭക്ഷ്യസംസ്കരണ കേന്ദ്രം ഒരുങ്ങുന്നുണ്ട്. കേരളത്തിന്റെ തനത് ഉൽപന്നങ്ങൾക്ക് ആഗോള വിപണി ലഭ്യമാക്കുകയും ഒപ്പം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹിക്കാർക്കായി നോയിഡയിൽ പുതിയ മാൾ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ഉത്തർപ്രദേശിൽ കൂടുതൽ നിക്ഷേപങ്ങൾ നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. മറ്റ് രാജ്യങ്ങളിൽ നിന്ന് സംസ്ഥാനത്തേക്ക് നിക്ഷേപം ആകർഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ യൂസഫ് അലി പ്രശംസിച്ചു. അദ്ദേഹം ഒരു വ്യവസായ സൗഹൃദ ഭരണാധികാരിയാണെന്നും ലുലു ഗ്രൂപ്പിന് സംസ്ഥാനത്ത് ഭക്ഷ്യ സംസ്കരണ പ്ലാന്റുകളുണ്ടെന്നും യൂസഫ് അലി പറഞ്ഞു.
'ഉത്തർപ്രദേശ് ഇന്ത്യയിലെ വളരെ പ്രധാനപ്പെട്ട സംസ്ഥാനമാണ്. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ വളരെ നിക്ഷേപ സൌഹൃദമായ അന്തരീക്ഷമാണ് അവിടെ പ്രവർത്തിക്കുന്നത്. അദ്ദേഹം വ്യവസായ സംരംഭകർക്കും വ്യവസായത്തിനും വ്യാപാരത്തിനും അനുകൂലമായ നിലപാടുകളുള്ളയാളാണ്. അദ്ദേഹം ഒരുപാട് സഹായിക്കുന്നുണ്ട്. ഞങ്ങൾക്ക് യു.പിയിൽ ഭക്ഷ്യ സംസ്കരണ പ്ലാന്റുകളുണ്ട്. യു.പി സർക്കാർ എല്ലാ പിന്തുണയും നൽകുന്നുണ്ട്. ലക്‌നൗവിലെ ഞങ്ങളുടെ ഷോപ്പിംഗ് മാൾ ഇപ്പോൾ വളരെ പ്രസിദ്ധമാണ്. ഞങ്ങൾ നിശ്ചിത എണ്ണം ആളുകളെ മാത്രമാണ് പ്രതീക്ഷിച്ചത്. ഇപ്പോൾ ആ കണക്ക് ഇരട്ടിയായി. ഉത്തർപ്രദേശ് വളരെ നിക്ഷേപ സൗഹൃദ സംസ്ഥാനമാണ്.ഞങ്ങൾ ഇപ്പോൾ നോയിഡയിൽ ഒരു ഷോപ്പിംഗ് കൂടി ആരംഭിക്കാൻ തയ്യാറെടുക്കുകയാണ്. ഡൽഹിയിൽ നിന്നുള്ള ആളുകൾക്കും അവിടേക്ക് എളുപ്പത്തിൽ എത്താനാകും', അദ്ദേഹം പറഞ്ഞു.
ലുലു ഉത്തർപ്രദേശിൽ കൂടുതൽ നിക്ഷേപം നടത്താൻ പോകുകയാണെന്നും മറ്റ് രാജ്യങ്ങളിൽ നിന്നും കൂടുതൽ നിക്ഷേപം കൊണ്ടുവരാമെന്ന് താൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം ചരിത്രപരമാണെന്നും യൂസഫ് അലി ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. യുഎഇ പ്രസിഡന്റും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ ശക്തമായ വ്യക്തിപരമായ അടുപ്പമുണ്ട്. ഈ ബന്ധം ഭാവിയിലും കൂടുതൽ ദൃഢമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. മോദി യുഎഇ സന്ദർശിക്കുമ്പോൾ പ്രസിഡന്റ് സ്വീകരിക്കാൻ നേരിട്ടെത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications