ബേബി വീണ്ടും ആബ്‌സന്റ്, സഭയില്‍ പുതിയ വിവാദം
തിരുവനന്തപുരം: സിപിഎം പോളിറ്റ് ബ്യൂറോ അംഗവും കുണ്ടറ എംഎല്‍എയുമായ എംഎ ബേബി വീണ്ടും സഭയില്‍ ഹാജരായില്ല. പാര്‍ട്ടി സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം നിയമസഭയില്‍ എത്തിയ എംഎ ബേബി ഹാജര്‍ബുക്കില്‍ ഒപ്പിടാതെ മടങ്ങിയത് പുതിയ വിവാദത്തിന് തിരികൊളുത്തി.
കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കൊല്ലം പാര്‍ലമെന്‌റ് മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് തോറ്റ ആളാണ് ബേബി. തിരഞ്ഞെടുപ്പില്‍ സ്വന്തം മണ്ഡലമായ കുണ്ടറയില്‍പോലും ബേബി രണ്ടാം സ്ഥാനത്തായിപ്പോയിരുന്നു. തുടര്‍ന്നാണ് എംഎല്‍എ സ്ഥാനം രാജിവക്കാന്‍ അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചത്. ഇത് സംബന്ധിച്ച വിവാദത്തിന് ഇതുവരെ അവസാനമായിട്ടില്ല.

അതിനിടെയാണ് കഴിഞ്ഞ ദിവസം നിയമസഭയില്‍ എത്തിയിട്ടും ഹാജര്‍ബുക്കില്‍ ഒപ്പിടാത്ത വിവാദം. ഒപ്പിടാതെ സഭാനടപടികളില്‍ പങ്കെടുത്തത് ചട്ടവിരുദ്ധമാണെന്ന് സ്പീക്കര്‍ റൂളിങ് പുറപ്പെടുവിച്ചു. എന്നാല്‍ ധനാഭ്യര്‍ത്ഥന ചടങ്ങിന്റെ വോട്ടെടുപ്പില്‍ പങ്കെടുത്തതില്‍ തെറ്റില്ലെന്നും സ്പീക്കറുടെ റൂളിങ് വ്യക്തമാക്കുന്നുണ്ട്.
പക്ഷേ ഇതിന് സ്പീക്കര്‍ക്ക് പ്രത്യേക അപേക്ഷ നല്‍കണം. ഒപ്പിടാന്‍ മറന്നുപോയാലാണ് സാധാരണ ഇങ്ങനെ ചെയ്യാറുള്ളത്. എന്നാല്‍ ബേബി അടുത്ത ദിവസവും സഭയില്‍ ഹാജരായിട്ടില്ല എന്നതും പ്രശ്‌നമാണ്. ഇനി വേറൊരു ദിവസം നിയമസഭയിലെത്തി സ്പീക്കര്‍ക്ക് അപേക്ഷ നല്‍കിയാല്‍ അദ്ദേഹം അത് പരിഗണിക്കുമോ എന്നതും സംശയമാണ്.
പാര്‍ട്ടി വിപ്പ് നല്‍കിയത് പ്രകാരമാണ് ബേബി കഴിഞ്ഞ ദിവസവം നിയമസഭ സമ്മേളനത്തില്‍ പങ്കെടുത്തതെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ എംഎ ബേബിയും പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും ഇക്കാര്യം നിഷേധിച്ചു.












Click it and Unblock the Notifications