• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഹിറ്റ്ലറുടെ ജർമാനിയ പോലെ മോദിയുടെ 'ഇന്ത്യാനിയ'; വിമർശിച്ച് എംഎ ബേബി

ദില്ലി; 'സെൻട്രൽ വിസ്റ്റ' അവന്യു പുനർനിർമാണ പദ്ധതി നിറുത്തി വെയ്ക്കണമെന്ന ഹർജി തള്ളിയ ഹൈക്കോടതി നടപടിയിൽ പ്രതികരിച്ച് സിപിഎം നേതാവ് എംഎ ബേബി.ദില്ലിയിൽ കോവിഡ് പിടിച്ച മനുഷ്യർ പ്രാണവായു കിട്ടാതെ പിടഞ്ഞു മരിക്കുമ്പോൾ തൻറെ പുതിയ പാർലമെൻറും കേന്ദ്ര സെക്രട്ടേറിയറ്റും പ്രധാനമന്ത്രിക്കുള്ള പുതിയ കൊട്ടാരവും ഉണ്ടാക്കാനുള്ള തത്രപ്പാടിലാണ് നരേന്ദ്ര മോദി. വാക്സിൻ ഇല്ലാതെ ജനജീവിതം വഴിമുട്ടി നില്ക്കുമ്പോൾ ഇരുപതിനായിരം കോടി ചെലവഴിക്കപ്പെടുന്നത് ഈ കെട്ടിടങ്ങൾ ഉണ്ടാക്കാനാണ്.
അമിതാധികാര പ്രവണതകൾക്കു മുന്നിൽ നമ്മൂടെ നീതിന്യായ വ്യവസ്ഥ നട്ടെല്ലുനിവർത്തി നിന്നതൊക്കെ പഴംകഥയാവുകയാണെന്ന് ബേബി ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

ഇന്ത്യയിലെ അതിഗുരുതരമായ കോവിഡ് സാഹചര്യത്തിൽ ഡെൽഹിയിലെ 'സെൻട്രൽ വിസ്റ്റ' അവന്യു പുനർനിർമാണ പദ്ധതി നിറുത്തി വയ്ക്കണമന്നപേക്ഷിക്കുന്ന പൊതുതാല്പര്യ ഹർജി ദില്ലി ഹൈക്കോടതി തള്ളിക്കളഞ്ഞു.
ഹർജി നല്കിയ എഴുത്തുകാരിയും
വിവർത്തകയുമായ അന്യ മൽഹോത്ര, ചരിത്രകാരനായ സൊഹൈൽ ഹഷ്മി (സഫ്ദർ ഹഷ്മിയുടെ സഹോദരൻ) എന്നിവർക്ക് ഒരു ലക്ഷം രൂപ പിഴയിട്ടുകൊണ്ടാണ് കേസ് തള്ളിയത്. അങ്ങേയറ്റം നിരാശാജനകമായ ഒരു കോടതിവിധിയാണിത്. ഇത്തരം പൊതുതാല്പര്യങ്ങളുമായി കോടതിയിൽ എത്തുന്നതിൽ നിന്ന് പൗരരെ നിരുത്സാഹപ്പെടുത്തണമെന്ന ലക്ഷ്യത്തോടെയുള്ളത്.പൊതുതാല്പര്യവ്യവഹാരത്തെ പ്രോത്സാഹിപ്പിച്ച ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ തുടങ്ങിയ മഹാരഥരുടെ പാരമ്പര്യത്തിന് കടകവിരുദ്ധം.

ഇന്ത്യയുടെ പാർലമെൻറും നോർത്ത് ബ്ലോക്ക്, സൌത്ത് ബ്ലോക്ക്, കേന്ദ്ര സെക്രട്ടേറിയറ്റിൻറെ മറ്റു മന്ത്രാലയങ്ങൾ എന്നിവയും വരുന്ന ഭരണകേന്ദ്രം പുനർനിർമിക്കുകയാണ് ഈ പദ്ധതി. ഇന്ത്യയുടെ സാമ്രാജ്യവിരുദ്ധ സ്വാതന്ത്ര്യസമരത്തിൻറെയും ജനാധിപത്യപരീക്ഷണങ്ങളുടേയും അമൂല്യമായ ഓർമകൾ പേറി നില്ക്കുന്ന ഈ ദില്ലി നഗരകേന്ദ്രത്തിൻറെ പാരമ്പര്യം മുഴുവൻ നശിപ്പിച്ച് പുതിയ കെട്ടിടങ്ങളുണ്ടാക്കുന്നത് ചരിത്രത്തോട് ചെയ്യുന്ന മാപ്പർഹിക്കാത്ത ഹിംസയാണെന്ന് വിവിധ ചരിത്രകാരന്മാരും വാസ്തുശില്പികളും ആവർത്തിച്ച് വാദിക്കുന്നു. പക്ഷേ, ഇന്ത്യയുടെ ഭരണാധികാരികൾ ആ ശബ്ദങ്ങളെ തൃണവൽഗണിക്കുകയാണ്.

ഇപ്പോൾത്തന്നെ ഇന്ത്യയിൽ ലഭ്യമാണ് സൌകര്യപ്രദമായ പാർലമെന്റ് സമുച്ചയവും പ്രധാനമന്ത്രി ഉൾപ്പടെയുള്ളവരുടെ ഓഫീസ് താമസ സൌകര്യങ്ങൾ എന്നിവയും. ഹെറിറ്റേജ് മേഖലയായ ദൽഹി ബോട്ട്ക്ലബ്ബിന്റെ തുറസ്സുകളെ നശിപ്പിച്ചുകൊണ്ട് വിഭാവനംചെയ്യുന്ന ഈ ധൂർത്ത് നഗരങ്ങളിലെ പുതിയ നിർമ്മിതികൾക്കുമുമ്പ് നടത്തേണ്ട പലതല ചർച്ചകൾ സംബദ്ധിച്ച അന്തർദ്ദേശീയ - ദേശീയ തത്ത്വങ്ങളും നടപടിക്രമങ്ങളും നഗ്നമായി ലംഘിക്കുകകൂടിയാണ്.

പ്രതീകാത്മകമായാണെങ്കിലും പാർലമെന്റിനെ പ്രധാനമന്ത്രിയുടെ വീടിന്റെ അനുബന്ധമാക്കുന്നവിധമാണ് ഈ നിർമ്മിതി. ദൽഹിയിൽ വേറെ പത്തിലധികം നിർമ്മാണങ്ങൾ നടക്കുന്നതിൽ പരാതിക്കാർ എന്തുകൊണ്ട് എതിർപ്പുപ്രകടിപ്പിക്കുന്നില്ല എന്നൊരുചോദ്യം കോടതിചോദിച്ചതായി പത്രങ്ങളിൽവായിച്ചു. വലിയ ബുദ്ധിപരമായ ചോദ്യമെന്ന് മേനിനടിച്ചാവണം ബഹുമാനപ്പെട്ട കോടതി ഇങ്ങനെചോദിച്ചത്. എന്നാൽ കോടതിയുടേത് മഠയൻ ചോദ്യമാണെന്ന് പറയുന്നില്ല. യുക്തിരഹിതമാണെന്നുപറയാതെ വയ്യ.

ഇപ്പോൾ ദൽഹിയിൽ നല്ല വാസ്തുശില്പഭംഗിയോടെ തലയുയർത്തിനിൽക്കുന്ന ,വിവിധ ആവശ്യങ്ങൾക്ക് പ്രയോജനപ്രദമായ ചരിത്രനിർമ്മിതികൾ പോരാ എന്ന തലതിരിഞ്ഞ വാദത്തെ ആസ്പദമാക്കിയാണ് ഈ പദ്ധതിയെന്നതിനാലാണ് തലക്കുവെളിവുള്ളവർ അരുതേ, അരുതേയെന്ന് അപേക്ഷിക്കുന്നത്. അമിതാധികാര പ്രവണതകൾക്കു മുന്നിൽ നമ്മൂടെ നീതിന്യായ വ്യവസ്ഥ നട്ടെല്ലുനിവർത്തി നിന്നതൊക്കെ പഴംകഥയാവുകയാണ് എന്നുതോന്നുന്നു. ജനങ്ങൾ ഉണരുക മാത്രമാണിനി പോംവഴി.

ബെർലിൻറെ ഭരണകേന്ദ്രം ആക്സിയൽ വിസ്റ്റ, ജെർമാനിയ എന്ന പേരിൽ ലോക തലസ്ഥാനത്തിനുതകുന്ന വിധം പുനർനിർമിക്കുക എന്നത് ഫാസിസ്റ്റ് ഹിറ്റ്ലറുടെ ഭ്രാന്തമായ ഒരു സ്വപ്നപദ്ധതിയായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ ജർമനി ജയിച്ചശേഷമുള്ള വിജയിയുടെ തലസ്ഥാനമായാണതിനെ ഹിറ്റ്ലർ കണ്ടത്. ഈ വിസ്റ്റയുടെ നിർമാണത്തിനായി കുറേ കെട്ടിടങ്ങൾ പൊളിച്ചു, കുറച്ചൊക്കെ പുതുക്കുകയും ചെയ്തു. യുദ്ധത്തിൽ ജർമനി സഖ്യസേനയോട്, വിശേഷിച്ച് ബോൾഷെവിക്ക് ചെമ്പടയോട് തോറ്റ് പിന്തിരിഞ്ഞോടുകയും ആയിരക്കണക്കിനു ജർമൻകാർ കൊല്ലപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്തപ്പോൾ
ആൽബർട്ട് സ്പിയറുമായി ജർമാനിയയുടെ പ്ലാൻ നോക്കി ചർച്ചകൾ നടത്തുകയായിരുന്നത്രെ ഹിറ്റ്ലർ. തൊഴിൽ കൊണ്ടു വാസ്തുശില്പി ആയ ആൽബർട്ട് സ്പിയർ ഹിറ്റ്ലറുടെ ആയുധ ഉല്പാദന വകുപ്പ് മന്ത്രി ആയിരുന്നു.

ദില്ലിയിൽ കോവിഡ് പിടിച്ച മനുഷ്യർ പ്രാണവായു കിട്ടാതെ പിടഞ്ഞു മരിക്കുമ്പോൾ തൻറെ പുതിയ പാർലമെൻറും കേന്ദ്ര സെക്രട്ടേറിയറ്റും പ്രധാനമന്ത്രിക്കുള്ള പുതിയ കൊട്ടാരവും ഉണ്ടാക്കാനുള്ള തത്രപ്പാടിലാണ് നരേന്ദ്ര മോദി. വാക്സിൻ ഇല്ലാതെ ജനജീവിതം വഴിമുട്ടി നില്ക്കുമ്പോൾ ഇരുപതിനായിരം കോടി ചെലവഴിക്കപ്പെടുന്നത് ഈ കെട്ടിടങ്ങൾ ഉണ്ടാക്കാനാണ്.

ലണ്ടനിൽ പോയി ബ്രിട്ടീഷ് പാർലമെൻറ് കണ്ടിട്ടുള്ളവർക്കറിയാം എത്രപരിമിതികൾ ഉള്ളതാണ് അതെന്ന്. എംപിമാരെല്ലാം വന്നാൽ ബ്രിട്ടീഷ് പാർലമെൻറിൻറെ സമ്മേളനഹാളിൽ ഒരുമിച്ച് ഇരിക്കാൻ പോയിട്ട് നില്ക്കാൻ പോലും സ്ഥമുണ്ടാകില്ല. വോട്ടെടുപ്പിനുവേണ്ടി പ്രത്യേക ക്രമീകരണങ്ങളും ഉണ്ടാക്കണമെന്ന അസൌകര്യമുണ്ട്. നമ്മുടെ നിയമസഭയ്ക്കുള്ളത്ര പോലും ആധുനികസൌകര്യങ്ങൾ ബ്രിട്ടനിലെ പാർലമെൻറിൽ ഇല്ല. പക്ഷേ, ബ്രിട്ടനിലെ ജനാധിപത്യത്തിൻറെ മഹത്തായ പാരമ്പര്യം ഓർമിപ്പിക്കാനാണവർ ആ പാർലമെൻറ് കെട്ടിടത്തിൽ നിന്ന് മാറാത്തത്. ഒരു പുതിയ കെട്ടിടം പണിയാൻ മുട്ടുള്ള ദരിദ്രനാരായണന്മാരുടെ രാജ്യവുമല്ല യുണൈറ്റഡ് കിങ്ഡം.

ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നതിന് ഇന്റര്‍നെറ്റ് തേടി കിലോമീറ്ററുകള്‍ സഞ്ചരിക്കുന്ന വിദ്യാര്‍ഥികള്‍: ഇടുക്കി രാജാമലയില്‍ നിന്നുള്ള ഫോട്ടോസ്‌

ജനാധിപത്യ പാരമ്പര്യത്തെ പരിമിതമായിട്ടാണെങ്കിലും സംരക്ഷിക്കുന്നതിൽ ആ രാജ്യത്തിനുള്ള താല്പര്യമാണത് കാണിക്കുന്നത്.
ഫാസിസം എമണ്ടൻ കെട്ടിടങ്ങളിലൂടെ തങ്ങളുടെ മേധാവിത്വം സ്ഥായിയാക്കാൻ ശ്രമിക്കും. ജനാധിപത്യം , വാസ്തുശില്പപാരമ്പര്യത്തെ സംരക്ഷിക്കാനും.
നാഷണൽ ആർക്കൈവ്സ്, നാഷണൽ മ്യൂസിയം, ഇന്ദിരാ ഗാന്ധി ദേശീയ കലാകേന്ദ്രം എന്നീ സാംസ്കാരികകേന്ദ്രങ്ങളുടെ കെട്ടിടങ്ങൾ പൊളിച്ച് ഈ സ്ഥാപനങ്ങളെ നഗരകേന്ദ്രത്തിൽ നിന്ന് മാറ്റിയിട്ടാണ് ഹിറ്റ്ലറുടെ ജർമാനിയ പോലെ മോദിയുടെ 'ഇന്ത്യാനിയ' ദില്ലിയിൽ നിർമിക്കപ്പെടുന്നത്.

cmsvideo
  Lakshadweep BJP leaders want E sreedharan as new administrator | Oneindia Malayalam

  പ്രിയങ്ക ജ്വാള്‍ക്കറിന്‍റെ പുതിയ ചിത്രം കാണാം

  English summary
  Ma baby slams central govt over the construction of central vista during covid
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X