
'ഞാൻ മധു മോഹൻ തന്നെ, മരിച്ചിട്ടില്ല'; വ്യാജ വാർത്തകളോട് പ്രതികരിച്ച് നടൻ
കൊച്ചി: മരിച്ചുവെന്ന വ്യാജ വാർത്തയ്ക്കെതിരെ പ്രമുഖ സീരിയൽ നടനും സംവിധായകനുമായ മധു മോഹൻ. വ്യാജ വാർത്ത പരന്നതോടെ നിരവധി പേരാണ് വിളിക്കുന്നതെന്നും ഇതിന് പിന്നാലെ പോകാൻ സമയം ഇല്ലെന്നും മധു മോഹൻ പ്രതികരിച്ചു.
വാർത്ത അറിഞ്ഞ് വിളിക്കുന്നവരോടെല്ലാം മധു മോഹൻ തന്നെയാണ് ഫോണെടുത്ത് പ്രതികരിക്കുന്നത്. താൻ മധു മോഹൻ തന്നെയാണ് , മരിച്ചിട്ടില്ല എന്ന വാക്കുകളോടെയാണ് ഫോണുകൾ അറ്റന്റ് ചെയ്യുന്നതെന്നും മധു മോഹൻ മനോരമ ന്യൂസിനോട് പ്രതികരിച്ചു.

ആരോ പബ്ലിസിറ്റിക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ വാർത്ത പടച്ച് വിട്ടിരിക്കുകയാണ്. ചെയ്തത് തെറ്റ് തന്നെയാണ്. വാർത്തയ്ക്ക് പിന്നിലെ സത്യം അന്വേഷിക്കാതെ ഇത്തരം വാർത്തകൾ മാധ്യമങ്ങൾ നൽകുന്നത് ശരിയല്ലെന്നും മധു മോഹൻ പറഞ്ഞു. താൻ ചെന്നൈയിൽ ജോലി തിരക്കിലാണ്. ഇങ്ങനെയുള്ള വാര്‍ത്തകള്‍ വന്നാല്‍ ആയുസ് കൂടുമെന്നും അദ്ദേഹം തമാശരൂപേണ പറഞ്ഞു.

ഇന്ന് ഉച്ചയോടെയായിരുന്നു നടൻ മധു മോഹൻ മരിച്ചെന്ന നിലയിലുള്ള വാർത്തകൾ മാധ്യമങ്ങളിൽ വന്നത്. മധു മോഹന് ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചുവെന്നായിരുന്നു വ്യാജ വാർത്തകൾ പ്രചരിച്ചത്. പിന്നാലെ തന്നെ മാധ്യമങ്ങൾ വാർത്ത പിൻവലിക്കുകയായിരുന്നു.

ഒരു കാലത്ത് ദൂരദർശൻ സീരിലുകളിലൂടെ മലയാളികളുടെ ആരാധന പിടിച്ച് പറ്റിയ താരമാണ് മധു മോഹൻ. അഭിനയം, നിര്‍മ്മാണം, തിരക്കഥ, സംഭാഷണം തുടങ്ങിയ സീരിയല്‍ രംഗത്തെ എല്ലാ മേഖലകളിലും അദ്ദേഹം കഴിവ് തെളിയിച്ചിരുന്നു.ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത 'മാനസി' എന്ന സീരിയലിലൂടെയാണ് ജനപ്രീതി നേടുന്നത്. 3 വർഷത്തോളമായി 240 എപ്പിസോഡുകളാണ് സീരിയൽ സംപ്രേഷണം ചെയ്തത്. 50 ഓളം സീരിയലുകൾ വേഷമിട്ടിട്ടുണ്ട്.