അരിക്കൊമ്പന് പ്രശ്‌നങ്ങളില്ല, തമിഴ്‌നാട്ടില്‍ തുടരും; കേരളത്തിലേക്ക് തിരികെയെത്തിക്കണമെന്ന ഹര്‍ജി തള്ളി
ചെന്നൈ: ചിന്നക്കനാലില്‍ നിന്ന് നാടുകടത്തിയ അരിക്കൊമ്പനെ കേരളത്തിലേക്ക് തിരികെയെത്തിക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി മദ്രാസ് ഹൈക്കോടതി. എറണാകുളം സ്വദേശിനി റബേക്ക ജോസഫ് നല്‍കിയ ഹര്‍ജിയാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ഫോറസ്റ്റ് ബെഞ്ച് തള്ളിയത്. അരിക്കൊമ്പനെ എവിടെ വിടണം എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് വനം വകുപ്പാണ് എന്ന് കോടതി വ്യക്തമാക്കി.
ഇടുക്കി ജില്ലയിലെ മതികെട്ടാന്‍ചോല ദേശീയോദ്യാനത്തിലേക്ക് അരിക്കൊമ്പനെ തുറന്നുവിടണം എന്നായിരുന്നു റബേക്കയുടെ ഹര്‍ജിയിലെ ആവശ്യം. അരിക്കൊമ്പനെ വില്ലനായി ചിത്രീകരിച്ച് അപകീര്‍ത്തികരമായി വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനാല്‍ ഇത്തരം പ്രചാരണങ്ങള്‍ നിരോധിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹര്‍ജിക്കാരിയുടെ ആവശ്യം അംഗീകരിക്കാന്‍ കോടതി വിസമ്മതിച്ചു.

അതേസമയം പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയെയും മാധ്യമങ്ങളെയും പ്രതികളാക്കി കേസ് തുടരാം എന്നും ഇതില്‍ പൊതു ഉത്തരവ് പുറപ്പെടുവിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ സതീഷ് കുമാര്‍, ഭരത ചക്രവര്‍ത്തി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. നിലവില്‍ അരിക്കൊമ്പന്‍ ആരോഗ്യവാനാണെന്നാണ് തമിഴ്‌നാട് വനം വകുപ്പ് പറയുന്നത്.
കളക്കാട് മുണ്ടന്‍ തുറൈ കടുവാ സങ്കേതത്തില്‍ ആണ് വനം വകുപ്പ് അരിക്കൊമ്പനെ തുറന്നുവിട്ടത്. ആവശ്യത്തിന് വെള്ളവും ഭക്ഷണവും ലഭിക്കുന്ന പ്രദേശത്താണ് ആന ഇപ്പോള്‍ ഉള്ളത്. കോതയാര്‍ വനമേഖലയില്‍ വനം വകുപ്പ് ജീവനക്കാരും വെറ്ററിനറി ഡോക്ടര്‍മാറും അടങ്ങുന്ന സംഘം അരിക്കൊമ്പനെ നിരീക്ഷിച്ച് വരികയാണെന്നും തമിഴ്‌നാട് വനം വകുപ്പ് അറിയിച്ചു.
നേരത്തെ അരിക്കൊമ്പന്‍ തീറ്റയെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ വനം വകുപ്പ് പുറത്തുവിട്ടിരുന്നു. കളക്കാട് മുണ്ടന്‍തുറൈ കടുവ സങ്കേതത്തിലെ മണിമുത്താര്‍ ഡാം സൈറ്റിലെ ജലസംഭരണിക്ക് സമീപത്ത് നിന്ന് അരിക്കൊമ്പന്‍ പുല്ല് പറിച്ച് കഴുകി വൃത്തിയാക്കി കഴിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. തമിഴ്നാട് വനം പരിസ്ഥിതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുപ്രിയ സാഹുവാണ് ദൃശ്യങ്ങള്‍ പങ്കുവെച്ചത്
അരിക്കൊമ്പനെ നിരീക്ഷിക്കാന്‍ നിയോഗിച്ച പ്രത്യേക സംഘം മേഖലയില്‍ തുടരുന്നുണ്ട്. ആനയുടെ തുമ്പിക്കൈയിലുണ്ടായ മുറിവ് ഭക്ഷണം കഴിക്കുന്നതിനും വെള്ളം കുടിക്കുന്നതിനും ബുദ്ധിമുട്ടുണ്ടാക്കുന്നില്ല എന്നാണ് വനം വകുപ്പ് അധികൃതര്‍ പറയുന്നത്. ആനയുടെ മുറിവുകള്‍ക്ക് മതിയായ ചികിത്സ നല്‍കിയ ശേഷമാണ് കാട്ടിലേക്ക് തുറന്ന് വിട്ടതെന്ന് നേരത്തെ തന്നെ അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
ചിന്നക്കനാല്‍ മേഖലയില്‍ കനത്ത നാശമുണ്ടാക്കിയതിനെ തുടര്‍ന്നാണ് അരിക്കൊമ്പനെ കേരള വനം വകുപ്പ് മയക്കുവെടി വെച്ച് പിടികൂടി പെരിയാര്‍ കടുവാസങ്കേതത്തിലേക്ക് മാറ്റിയത്. ഇവിടെ നിന്ന് തമിഴ്‌നാട്ടിലേക്ക് കടന്ന കൊമ്പന്‍ കമ്പം മേഖലയിലും നാശങ്ങളുണ്ടാക്കിയതോടെ തമിഴ്‌നാട് വനം വകുപ്പ് മയക്കുവെടിവെച്ച് പിടികൂടുകയായിരുന്നു.












Click it and Unblock the Notifications