കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുണ്ടായിസവും തെമ്മാടിത്തരവും അരങ്ങ് വാഴുന്ന സിനിമ ലോകം!!!

Google Oneindia Malayalam News

കൊച്ചി: മലയാളത്തിലെ ഒരു പ്രമുഖ നടിക്ക് നേരെ കേരളത്തിലുണ്ടായ സംഭവ വികാസങ്ങള്‍ കേരള മനസ്സാക്ഷിയെ ഞെട്ടിച്ചു എന്നത് ശരിയാണ്. പക്ഷെ കേവലം ഒരു നടിക്ക് നേരെ ഉണ്ടായ അക്രമം എന്നതിലുപരി ഒരു സ്ത്രീക്ക് നേരെ കേരളത്തില്‍ വെച്ചു നടന്ന ഒരു ആക്രമണം എന്നതിലാണ് കേരള മനസ്സാക്ഷി ഞെട്ടിത്തരിച്ചത്.

ഈ ബോധം മലയാള സിനിമാ മേഖലയിലുള്ളവര്‍ക്ക് ഉണ്ടായാല്‍ നല്ലത്. കാരണം മലയാളിയാണെന്ന് പറയാന്‍ ലജ്ജ തോന്നുന്നുവെന്നാണ് മലയാളത്തിലെ ഒരു നടന്‍ ടിവി ചാനലിനു നല്‍കിയ ടെലഫോണ്‍ അഭിമുഖത്തില്‍ വിളിച്ചു പറഞ്ഞത്. ഇത്തരത്തില്‍ കേരളത്തിനെ മൊത്തം അധിക്ഷേപിക്കാന്‍ എന്ത് ധാര്‍മ്മിക അവകാശമാണ് ഇന്നത്തെ മലയാള സിനിമയ്ക്കുള്ളത്.

kochi-map

സിനിമ എന്നത് കേവലം ഒരു കലാരൂപം എന്നതില്‍ നിന്നും മാറി അത് ജീവിതത്തിന്റെ ഭാഗമായി മാറിയത് ആരുടെ മനോഭാവത്തിലുണ്ടായ വ്യതിയാനമാണ്. സിനിമയില്‍ കാണുന്നത് യഥാര്‍ത്ഥ ജീവിതത്തില്‍ പകര്‍ത്തുവാന്‍ പുതിയ തലമുറയെ പഠിപ്പിച്ചത് ആരാണെന്ന പുനര്‍ചിന്തനം സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുണ്ടാവുന്നത് നല്ലതായിരിക്കും. നിയമ പാലകരെ പരസ്യമായി കൈയ്യേറ്റം ചെയ്യുന്നതും, അവരെ ചീത്തപറയുന്നതും സ്ത്രീകളെ വെറും വില്‍പ്പന ചരക്കായി മാറ്റുന്നതും സമൂഹത്തിലേക്ക് അടിച്ചേല്‍പ്പിച്ചതില്‍ മലയാള സിനിമയ്ക്കുളള പങ്ക് കുറച്ചു കാണാനാകുമോ. തെമ്മാടിത്തരവും, പെണ്‍വാണിഭവും, മയക്കുമരുന്നിനും അടിമപ്പെട്ടാണ് ഇന്നത്തെ സിനിമാ ലോകം കടന്നുപോകുന്നത് എന്നത് പരസ്യമായ രഹസ്യമല്ലെ. മദിരാശിയില്‍ ആരംഭിച്ച വ്യവസായം കൊച്ചിയിലെത്തിയപ്പോള്‍ അത് അധോലോകത്തെ പോലും ഞെട്ടിക്കുന്ന വ്യവസായമായി മാറി. എതിര്‍ അഭിപ്രായം പറയുന്നവനെ ഒരറ്റ രാത്രി കൊണ്ട് ഇല്ലാതാക്കുന്ന ഗുണ്ടാ വിളയാട്ടം. വര്‍ഷങ്ങളുടെ പരിചയ സമ്പത്തുള്ളവര്‍ക്ക് പോലും അഭിപ്രായ സ്വാതന്ത്രം നല്‍കാത്ത ഭരണഘടന, മാറ്റം ആഗ്രഹിക്കുന്നവനെ മാറ്റി നിര്‍ത്തുന്ന വ്യവസായം തുടങ്ങി നിരവധി തെമ്മാടിത്തരങ്ങളാണ് ഇന്ന് മലയാള സിനിമയെ നിയന്ത്രിക്കുന്നത്. എഴുപതുകളിലും എണ്‍പതുകളിലും സിനിമയുടെയും പിന്നണി പ്രവര്‍ത്തകരുടെയും ആസ്ഥാന കേന്ദ്രം മദിരാശിയായിരുന്നു. കേരളത്തില്‍ നിന്നും അവസരം തേടി നൂറുക്കണക്കിനു കലാകാരന്മാര്‍ മദിരാശിയിലേക്ക് തീവണ്ടി കയറി. അവസരങ്ങള്‍ തേടി അലഞ്ഞവരില്‍ ചിലര്‍ തുടക്കത്തിലെ അപ്രത്യക്ഷരായി. മറ്റു ചിലര്‍ വളര്‍ന്നു പന്തലിച്ചു. കരയുന്നവന് മാത്രമെ പാല്‍ ലഭിക്കുകയുള്ളു എന്നുള്ളത് കൊണ്ടു തന്നെ എല്ലാം സഹിച്ച്, സ്വന്തം നാടും നാട്ടുകാരെയും ഉപേക്ഷിച്ച് ഇന്നത്തെ പല താരരാജാക്കന്മാരും അന്ന് മദിരാശിയില്‍ പ്രവാസിയായി ജീവിച്ചു.

അല്ലായിരുന്നെങ്കില്‍ ഒന്നോ രണ്ടോ സിനിമയിലെ ചില ചെറിയ വേഷങ്ങളില്‍ ഒതുങ്ങി അവരുടെ സിനിമാ മോഹം അവസാനിക്കുമായിരുന്നു. കാരണം അന്നൊക്കെ മികച്ച സംവിധായകന്റെയും ബാനറിന്റെയും പേരിലാണ് സിനിമ അറിയപ്പെട്ടിരുന്നത്. അത്‌കൊണ്ടു തന്നെ താരങ്ങള്‍ സംവിധായകന്റെ പിറകെ നല്ല അവസരങ്ങള്‍ തേടി പോകുന്ന കാഴ്ച മലയാള സിനിമാ ലോകത്തിനു മറക്കാനാവില്ല. എന്നാല്‍ പതുക്കെ പതുക്കെ സിനിമാ ലോകത്ത് സംവിധായകന്റെയും നിര്‍മ്മാതാവിന്റെയും ശബ്ദം അടഞ്ഞ് തുടങ്ങി. അത് പിന്നീട് സൂപ്പര്‍ താരങ്ങളിലേക്ക് വഴിമാറി. ഓരോ കഥയും എങ്ങനെ വേണമെന്നും സിനിമയില്‍ ആര് കൂടെ അഭിനയിക്കണമെന്നും എന്തിനേറെ പറയുന്നു തനിക്കു വേണ്ടി പാടുന്ന ഗായകന്‍ ആരായിരിക്കണമെന്നടക്കമുളള കാര്യങ്ങള്‍ താരങ്ങള്‍ നിശ്്ചയിക്കുന്നതിലേക്ക് കാര്യങ്ങള്‍ വഴിമാറി.

ഇതോടെ താരങ്ങള്‍ അവരുടെ സങ്കേതം കേരളത്തിലേക്ക് വഴിമാറ്റി. സംസ്ഥാന തലസ്ഥാനത്തേക്ക് താരങ്ങള്‍ വഴിമാറാന്‍ ആരംഭിച്ചതോടെ സാങ്കേതിക പ്രവര്‍ത്തകരും അണിയറ പ്രവര്‍ത്തകരും മദിരാശിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് തിരിച്ചു വണ്ടി കയറി. ടെലിവിഷന്‍ ചാനലിന്റെ കടന്നു വരവും മിമിക്രി എന്ന കാലാരൂപത്തിന് ജനപ്രീതി വര്‍ദ്ദിച്ചതും കൊച്ചിയില്‍ നിന്നുള്ള മിമിക്രി കാലാകാരന്മാര്‍ക്ക് താര മൂല്യം വര്‍ദ്ദിക്കാന്‍ കാരണമായി. ഇതോടെ ചില മിമിക്രി താരങ്ങള്‍ മലയാള സിനിമയിലേക്ക് എളുപ്പത്തില്‍ ചേക്കേറി.

ഇത്തരത്തില്‍ സിനിമയിലെത്തിയവരും കൊച്ചിയും ഒരുമിച്ച് വളര്‍ന്നപ്പോള്‍ അത്രയും കാലം മലയാള സിനിമാ ലോകം അടച്ചുഭരിച്ച തിരുവനന്തപുരം ലോബിയുടെ കൈയ്യില്‍ നിന്നും സിനിമാ വ്യവസായം മെല്ലെ കൊച്ചിയുടെ മണ്ണിലേക്ക് വഴിമാറാന്‍ തുടങ്ങി. അങ്ങനെ സിനിമാ വ്യവസായത്തില്‍ തിരുവനന്തപുരം, കൊച്ചി എന്ന രണ്ട് ലോബികള്‍ പിറവി എടുത്തു. കൊച്ചി എന്ന നഗരം കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായി വളര്‍ന്നതും, വിദേശ സഞ്ചാരികളുടെ കേരളത്തിലെ ഇഷ്ട് കേന്ദ്രമായി കൊച്ചി മാറിയതും കൊച്ചി ലോബിക്ക് സിനിമാ വ്യവസായം ഇനി തങ്ങളുടെ തട്ടകത്തില്‍ മതി എന്ന രീതിയിലേക്ക് മാറ്റി എടുക്കാന്‍ എളുപ്പമായി. ഇതോടെ മലയാള സിനിമാ മേഖലയില്‍ കൊച്ചിയുടെ പ്രാധാന്യം വര്‍ദ്ദിച്ചു.

കൊച്ചിയില്‍ നിന്നും മിമിക്രിയിലൂടെ വളര്‍ന്നു വന്ന ഇന്നത്തെ ഒരു പ്രമുഖ നടന്റെ ചരടു വലിയാണ് എല്ലാത്തിനും പിന്നിലെന്ന് തിലകനെ പോലെയുള്ള വലിയ കലാകാരന്മാര്‍ പലപ്പോഴായി വിളിച്ചു പറഞ്ഞു. എന്നാല്‍ അഭിനയ വിലക്കുകളിലൂടെയും ഒറ്റപ്പെടുത്തലുകളിലൂടെയും അത്തരം വലിയ കലാകാരന്മാരെ കൊച്ചി ലോബി ഒതുക്കി എന്നതാണ് വാസ്തവം. ഇന്നത്തെ വലിയ താര രാജാക്കന്മാര്‍ക്ക് പോലും ഇത്തരക്കാര്‍ക്കെതിരെ ശബ്ദിക്കാന്‍ പേടിയാണെന്നാണ് സിനിമാ പ്രവര്‍ത്തകര്‍ തന്നെ അടക്കം പറയുന്നത്. കൂടാതെ വലിയ രാഷ്ട്രീയ ബന്ധങ്ങളും ഇത്തരക്കാര്‍ക്കെതിരെ ശബ്ദം ഉയര്‍ത്താന്‍ പലരെയും പിന്തിരിപ്പിച്ചു. എതിര്‍ക്കുന്നവനെ കൈ ബലം കാണിച്ചു പേടിപ്പിച്ചു നിര്‍ത്തിയാണ് സിനിമാ വ്യവസായം തങ്ങളുടെ നിയന്ത്രണത്തിലാക്കിയിരിക്കുന്നത്. താര രാജാവിന്റെ വീട്ടില്‍ നടന്ന ആധായ നികുതി ഉദ്യോഗസ്ഥരുടെ റെയിഡും പിടിച്ചെടുത്ത വസ്തുക്കളുമായി ബന്ധപ്പെട്ട കേസുകള്‍ ഒതുക്കി തീര്‍ത്തതും കൊച്ചി ഭരിക്കുന്ന പ്രമുഖ നടന്റെ വെറും തമാശകള്‍ മാത്രമായിരുന്നുവെന്നാണ് പിന്നാമ്പുറ സംസാരം.

സിനിമാ വ്യവസായം മറയാക്കി കൊച്ചിയുടെ മണ്ണില്‍ ഗുണ്ടായിസവും, മയക്കു മരുന്നും, പെണ്‍വാണിഭവും അരങ്ങു തകര്‍ക്കുമ്പോള്‍ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് ഇനിയും ഇത്തരത്തിലുള്ള വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടി വരുമെന്നുള്ളത് ഒരു ദുഖ്ഖ സത്യം മാത്രമാണ്. ഫാന്‍സുകളെ സ്യഷ്ടിച്ചും അവര്‍ക്കു വേണ്ട പണം നല്‍കി തങ്ങള്‍ക്കു വേണ്ടി സംസാരിക്കാന്‍ പഠിപ്പിക്കുന്നതും ഈ മേഖലയിലെ പുതിയ രീതിയാണ്.

ഇത്തരത്തിലുള്ളവര്‍ നടത്തി കൊണ്ടിരിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പര്‍വ്വതീകരിച്ച് കാണിച്ച് അയാള്‍ നടത്തുന്ന എല്ലാ തെമ്മാടിത്തരങ്ങള്‍ക്കും അയാളെ നല്ലപിള്ള ചമയാന്‍ കാണിക്കുന്ന സോഷ്യല്‍ മീഡിയാ പൊള്ളത്തരങ്ങള്‍ സാക്ഷര കേരളത്തിലെ കലയെ സ്‌നേഹിക്കുന്ന സാധാരണക്കാരില്‍ വിലപോവില്ലെന്ന് ചിലരെങ്കിലും മനസ്സിലാക്കിയാല്‍ നല്ലത്.

English summary
Malayalam Movie Running by Mafia Raj
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X