വിദ്യയെ 11 മണിക്ക് കോടതിയില്‍ ഹാജരാക്കും: കേസിന് പിന്നില്‍ കോണ്‍ഗ്രസ് അനുകൂല സംഘടനയെന്ന് പ്രതി
പാലക്കാട്: വ്യാജ സർട്ടിഫിക്കറ്റ് കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത മുന്‍ എസ്എഫ്ഐ നേതാവ് കെ വിദ്യയെ മണ്ണാർക്കാട് കോടതിയില്‍ ഹാജരാക്കും. അഗളി ഡിവൈഎസ്പി ഓഫീസില്‍ എത്തിച്ച പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം രാവിലെ 11 മണിയോടെയാണ് കോടതിയില്‍ ഹാജരാക്കുക. ഏറെ നാളത്തെ തിരച്ചിലിനൊടുവില്‍ ഇന്നലെ രാത്രിയോടെയാണ് വിദ്യയെ പൊലീസ് പിടികൂടിയത്. ടവർ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ കോഴിക്കോട് ജില്ലയിലെ ആവളയില്‍ വിദ്യയുണ്ടെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.
അതീവരഹസ്യമായ നീക്കത്തിലൂടെയായിരുന്നു വിദ്യയെ പൊലീസ് കണ്ടെത്തിയതും കസ്റ്റഡിയിലെടുത്തതും. രാത്രി എട്ടിന് ആവളയില്‍ നിന്നും പിടികൂടിയ വിദ്യയെ 12.30 ഓടെ അഗളി പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. വിദ്യയുമായി കോഴിക്കോട് ജില്ല വിട്ടശേഷം മാത്രമായിരുന്നു വിവരം കോഴിക്കോട്ടെ ഉന്നതപോലീസ് ഉദ്യോഗസ്ഥരെപ്പോലും അറിയിക്കുന്നതെന്നാണ് റിപ്പോർട്ട്. പ്രതി കോഴിക്കോട് ജില്ലയിലുള്ളതായി പൊലീസിന് നേരത്തെ തന്നെ സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പൊലീസ് രഹസ്യ അന്വേഷണം നടത്തി വരികയായിരുന്നു.

കോട്ടത്തറ ആശുപത്രിയില്‍ നിന്ന് ഡോക്ടര്‍ അഗളി പോലീസ് സ്‌റ്റേഷനില്‍ എത്തി വിദ്യയുടെ വൈദ്യപരിശോധന പൂർത്തിയാക്കി. അഗളി പുതൂര്‍ എസ്ഐ ജയപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മേപ്പയ്യൂരിലെത്തി വിദ്യയെ പിടികൂടിയത്. പാലക്കാട് എസ്പി ആര്‍ ആനന്ദ് നടപടികള്‍ ഏകോപിപ്പിച്ചു. അഗളി സിഐ എ സലീമിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിരുന്നത്.
നിരപരാധിയെന്ന് കെ വിദ്യ
രാഷ്ട്രീയ വൈരാഗ്യം മൂലം തന്നെ ചിലർ കരുവാക്കി മാറ്റിയതാണെന്ന് വിദ്യ പൊലീസിന് മൊഴി നല്‍കി. കേസില്‍ മനഃപൂർവ്വം കുടുക്കിയതാണ്, ഞാന്‍ നിരപരാധിയാണെന്നും വിദ്യ അവകാശപ്പെടുന്നു. താന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് എവിടെയും നല്‍കിയിട്ടില്ല. പഠനത്തില്‍ മിടുക്കിയായ തനിക്ക് വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. കേസിന് പിന്നില്‍ കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയാണെന്നും വിദ്യ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയെന്ന കേസില്‍ സമർപ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജികള്‍ കോടതി പരിഗണിക്കാനായി മാറ്റിയതിന് പിന്നാലെയാണ് വിദ്യയെ പൊലീസ് പിടികൂടിയത്. വിദ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്തയാഴ്ചയിലേക്കാണ് മാറ്റിയിരിക്കുന്നത്. കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയിലും വിദ്യ മുന്‍കൂർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഈ ഹർജി ഈ മാസം 24ന് ജാമ്യ ഹര്‍ജി കോടതി പരിഗണിക്കും.












Click it and Unblock the Notifications