രണ്ടാംദിനം ഉന്നത പദവി; മേജര്‍ രവി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്... സ്ഥാനാര്‍ഥിയാകുമോ
തിരുവനന്തപുരം: നടനും സംവിധായകനുമായ മേജര്‍ രവി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റാകും. സംസ്ഥാന ഉപാധ്യക്ഷനായി മേജര്‍ രവിയെ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നാമനിര്‍ദേശം ചെയ്തു. ഇദ്ദേഹത്തോടൊപ്പം ബിജെപിയില്‍ ചേര്‍ന്ന കണ്ണൂരില്‍ നിന്നുള്ള സി രഘുനാഥിനെ ദേശീയ കൗണ്‍സിലിലേക്കും നാമനിര്‍ദേശം ചെയ്തു.
ബിജെപിയുടെ രാഷ്ട്രീയത്തെ പലപ്പോഴും പിന്തുണച്ചിട്ടുള്ള വ്യക്തിയാണ് മേജര്‍ രവി. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള താല്‍പ്പര്യം അദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് മേജര്‍ രവിയും സി രഘുനാഥും ന്യൂഡല്‍ഹിയിലെത്തി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയില്‍ നിന്ന് അംഗത്വം സ്വീകരിച്ചത്.

സിനിമാ രംഗത്ത് നിറ സാന്നിധ്യമായ മേജര്‍ രവിയെ ബിജെപി സുപ്രധാന പദവിയിലേക്ക് പരിഗണിക്കുന്നതിലൂടെ പാര്‍ട്ടിക്ക് വലിയ ലക്ഷ്യമുണ്ടെന്ന് മനസിലാക്കുന്നു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹം മല്‍സരിക്കുമെന്ന് അഭ്യൂഹമുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ധര്‍മടം മണ്ഡലത്തില്‍ പിണറായി വിജയനെതിരെ മല്‍സരിച്ച കോണ്‍ഗ്രസ് നേതാവായിരുന്നു സി രഘുനാഥ്. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ അടുപ്പക്കാരനുമാണ്.
അംഗത്വം ലഭിച്ച് രണ്ടാം ദിവസം സുപ്രധാന പദവികള്‍ ലഭിച്ചത് കൗതുകമാണ്. നേരത്തെ നടന്‍ ദേവന്‍ ബിജെപിയില്‍ ചേര്‍ന്ന പിന്നാലെ സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ചിരുന്നു. പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതിന് ഒരു പദവി വേണം എന്ന അഭിപ്രായവും ദേവനുണ്ടായിരുന്നു. ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നായിരുന്നു പദവി ലഭിച്ച ശേഷം ദേവന്റെ പ്രതികരണം.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയിലേക്ക് കൂടുതല്‍ പ്രമുഖര്‍ വരുന്നത് പാര്‍ട്ടിക്ക് ശുഭപ്രതീക്ഷ നല്‍കുന്നുണ്ട്. ഇനിയും കൂടുതല്‍ പേര്‍ പാര്‍ട്ടിയില്‍ ചേരുമെന്നാണ് കെ സുരേന്ദ്രന്‍ പറയുന്നത്. കേരളത്തില്‍ ആറ് മണ്ഡലങ്ങളില്‍ വളരെ പ്രതീക്ഷയോടെയാണ് ബിജെപി കളത്തിലിറങ്ങാന്‍ പോകുന്നത്. തിരുവനന്തപുരം, തൃശൂര്‍ ലോക്‌സഭാ മണ്ഡലങ്ങളാണ് പാര്‍ട്ടി കൂടുതല്‍ ശ്രദ്ധിക്കുക.
തൃശൂരില്‍ നടന്‍ സുരേഷ് ഗോപി തന്നെയാകും ബിജെപിക്ക് വേണ്ടി കളത്തിലിറങ്ങുക. ഇതിന്റെ ഒരുക്കങ്ങള്‍ മണ്ഡലത്തില്‍ ബിജെപി നടത്തി കഴിഞ്ഞു. അതേസമയം, തിരുവനന്തപുരത്ത് ദേശീയ നേതാവ് മല്‍സരിക്കുമെന്ന് അഭ്യൂഹമുണ്ട്. നരേന്ദ്ര മോദി, എസ് ജയശങ്കര്‍, നിര്‍മല സീതാരാമന്‍, നടന്‍ കൃഷ്ണകുമാര്‍ തുടങ്ങി പല പേരുകളും ഇതിനോടകം ഉയര്‍ന്നുകഴിഞ്ഞു.












Click it and Unblock the Notifications