Get Updates
Get notified of breaking news, exclusive insights, and must-see stories!

നഷ്ടത്തിലായ ഭൂരിപക്ഷം സഹകരണ സംഘങ്ങളും യുഡിഎഫ് ഭണരസമിതിയുടേത്: ആനാവൂർ നാഗപ്പന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണമേഖലയെ തകർക്കാനുള്ള ഗൂഢാലോചനയ്‌ക്കെതിരെ ബഹുജനങ്ങള്‍ അണിനിരക്കണമെന്ന് സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്‍. കേരളത്തിൽ നിക്ഷേപം തിരികെ നൽകാൻ കഴിയാത്ത 165 ഓളം സംഘങ്ങൾ ഉണ്ടെന്ന് നിയമസഭയിൽ സഹകരണ മന്ത്രി നൽകിയ മറുപടി ഉയർത്തി വ്യാപകമായ പ്രചാരവേലകൾ സഹകരണമേഖലയ്‌ക്കെതിരെ നടന്നു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ഇത്താര്യത്തില്‍ യുഡിഎഫിന്റെ ഒരു എംഎൽഎ എഴുതിക്കൊടുത്ത ചോദ്യത്തിന് നിയമസഭയിൽ മന്ത്രി ഉത്തരം നൽകുകയായിരുന്നു. ഈ സംഘങ്ങളിൽ മഹാഭൂരിപക്ഷവും സർവീസ് സഹകരണ സംഘങ്ങൾ അല്ല, Other Society വിഭാഗത്തിൽപ്പെട്ടവയാണ്. അതിൽ തന്നെ മഹാഭൂരിപക്ഷവും യുഡിഎഫ് ഭരണസമിതി നിലവിലുള്ളതോ, യുഡിഎഫ് ഭരണസമിതി നടപടിക്ക് വിധേയമായി സഹകരണ വകുപ്പ് ഏറ്റെടുത്തിട്ടുള്ളതോ ആണ്.

 anavoor

തിരുവനന്തപുരം ജില്ലയിൽ 37 സഹകരണ സംഘങ്ങളാണ് ഈ പട്ടികയിൽ ഉള്ളത്. അതിൽ കണ്ടല സർവീസ് സഹകരണ ബാങ്ക് സിപിഐ ജില്ലാ കമ്മിറ്റി അംഗം പ്രസിഡണ്ട് ആയിട്ടുള്ള എൽഡിഎഫ് ഭരണസമിതിയാണ്. നെടുമങ്ങാട് ബ്ലോക്ക് വനിതാ സഹകരണ സംഘം ഭരണസമിതി 2021 വരെ യുഡിഎഫ് ആയിരുന്നു. 2021 ൽ നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിക്കുകയുണ്ടായി. ആ സംഘത്തെ പുനരുജ്ജീവിപ്പിക്കാൻ വേണ്ടിയുള്ള പരിശ്രമങ്ങൾ ഇപ്പോൾ നടക്കുകയാണ്. മാനൂർ പട്ടികജാതി സഹകരണ സംഘം നിലവിൽ എൽഡിഎഫ് ഭരണസമിതിയാണ്. ഈ മൂന്നെണ്ണം ഒഴികെ മറ്റ് സംഘങ്ങളുടെ കാര്യം മാത്രം പരിശോധിച്ചാൽ ഇപ്പോൾ എൽഡിഎഫിനെതിരെ നടക്കുന്ന പ്രചാരവേലയുടെ പൊള്ളത്തരം വ്യക്തമാകുമെന്നും ആനാവൂർ വ്യക്തമാക്കുന്നു.

ആകെ 37 സംഘങ്ങളിൽ എൽഡിഎഫ് ബന്ധമുള്ള 3 എണ്ണമാണെങ്കിൽ , യുഡിഎഫ് നേതൃത്വം നൽകുന്ന ഭരണസമിതിയുള്ള സംഘങ്ങൾ 26 എണ്ണമാണ്, ബിജെപിയുടെത് 6 എണ്ണവും ബാക്കിയുള്ളവ വകുപ്പ് ഏറ്റെടുത്തവയുമാണ്. Other Society എന്നറിയപ്പെടുന്ന സംഘങ്ങളിൽ മിക്കവാറും എല്ലാം യുഡിഎഫ് നേതൃത്വത്തിൽ ഉള്ളതാണെങ്കിലും സഹകരണസംഘം എന്ന് കേട്ടാൽ സിപി ഐ എമ്മിനെയും എൽഡിഎഫിനെയും പ്രതിക്കൂട്ടിലാക്കുക എന്ന ലക്ഷ്യം വെച്ച് വ്യാപകമായ പ്രചാരവേലയാണ് വലതുപക്ഷ മാധ്യമങ്ങൾ നടത്തുന്നത്. തിരുവനന്തപുരം ജില്ലയിൽ ആകെയുള്ള 1,579 സംഘങ്ങളിൽ കേവലം 121 എണ്ണം മാത്രമാണ് സർവീസ് സഹകരണ സംഘങ്ങൾ. ബാക്കിയെല്ലാം Other Societyയിൽ പെട്ടവയാണ്.

സഹകരണ പ്രസ്ഥാനത്തെ തകർക്കാൻ രാജ്യത്തെ കുത്തക മുതലാളിമാരും അവരുടെ താൽപര്യം സംരക്ഷിക്കുന്ന മാധ്യമങ്ങളും കൊണ്ടുപിടിച്ച് പരിശ്രമിക്കുകയാണ്. സഹകരണ സംഘങ്ങളിൽ ഉള്ള ജനങ്ങളുടെ കോടിക്കണക്കിന് വരുന്ന നിക്ഷേപത്തിലാണ് ഇവരുടെ കണ്ണ്. ദേശസാൽകൃത ബാങ്കുകളിൽ നിന്ന് ലക്ഷക്കണക്കിന് കോടി രൂപയാണ് ഇന്ത്യയിലെ കോർപ്പറേറ്റുകൾ വായ്പയായി എടുത്തിട്ട് തിരിച്ചു നൽകാതെ എഴുതിത്തള്ളിയത്. മറ്റു ചിലരാകട്ടെ ബാങ്കുകളെ കബളിപ്പിച്ച് രാജ്യം വിട്ടു പോവുകയും, വിദേശങ്ങളിൽ സുഖവാസത്തിലുമാണ്. ഏതെങ്കിലുമൊരു സഹകരണബാങ്കിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ പെരുപ്പിച്ച് സഹകരണപ്രസ്ഥാനം ഒട്ടാകെ കുഴപ്പമാണ് എന്ന പ്രതീതി ജനിപ്പിക്കാൻ കൊണ്ടുപിടിച്ച പരിശ്രമങ്ങളാണ് വലതുപക്ഷ പത്രമാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും നടത്തുന്നത്. ജനങ്ങളുടെ ലക്ഷക്കണക്കിന് കോടി രൂപ ദേശസാത്കൃത ബാങ്കിൽ നിന്നും സ്വകാര്യ ബാങ്കുകളിൽ നിന്നും തട്ടി കൊണ്ടുപോയവരെ കുറിച്ച് ഒരു ഉത്ക്കണ്ഠയും ഇവർക്കില്ല, അതേകുറിച്ച് ഒരു പരമ്പരയും ഇവർ രചിക്കുന്നില്ല.

സഹകരണ ബാങ്കുകളിൽ ക്രമക്കേട് ഉണ്ടാകാൻ പാടില്ല എന്നത് ഏറ്റവും ശരിയാണ്. അത്തരം ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടാൽ നിയമാനുസൃതമായ കർശനമായ നടപടികൾ സ്വീകരിക്കണം. എൽഡിഎഫ് സർക്കാർ അത് ചെയ്യുന്നുണ്ട്. എന്നാൽ ഏതെങ്കിലും ഒരു സംഘത്തിലെ ക്രമക്കേട് ഉയർത്തി സഹകരണ പ്രസ്ഥാനത്തെ ആകെ നശിപ്പിക്കുന്ന നിലയിലുള്ള വലതുപക്ഷ ഗൂഢാലോചന ദുരുദ്ദേശപരമാണ്. ക്രമവിരുദ്ധമായ നടപടികൾ നടക്കുന്ന സംഘങ്ങളിൽ മഹാഭൂരിപക്ഷവും യുഡിഎഫ് ആണ് എന്ന വസ്തുത പുറത്തുവരാതിരിക്കാൻ ഈ മാധ്യമങ്ങൾ ശ്രമിക്കുന്നത് ഇടതുപക്ഷത്തിനെതിരെ പുകമറ സൃഷ്ടിച്ച് ആക്രമണം നടത്താനാണ്. ബഹുമാനപ്പെട്ട യുഡിഎഫ് നിയമസഭാംഗം ഇത്തരം ഒരു ചോദ്യം ചോദിക്കുകയും ഉത്തരം വാങ്ങുകയും ചെയ്തത് എൽഡിഎഫിനെതിരെ ഒരു പുകമറ സൃഷ്ടിക്കാൻ വേണ്ടിയാണെന്നുള്ളത് വ്യക്തമാണ്.

കേരളത്തിലെ ജനജീവിതത്തിന്റെ സമസ്തമേഖലയിലും ഇടപെടുന്ന സഹകരണ പ്രസ്ഥാനത്തെ സംരക്ഷിക്കേണ്ടത് നാടിന്റെ പുരോഗതിക്ക് അനിവാര്യമാണ്. അതുകൊണ്ടു തന്നെ സഹകരണ പ്രസ്ഥാനത്തെ സംരക്ഷിക്കാനും യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കി കുപ്രചരണങ്ങളെ തള്ളിക്കളയാനും ജനങ്ങൾ തയ്യാറാകണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+