മകരവിളക്ക്: ശബരിമലയില്‍ ഒരുക്കങ്ങള്‍ പൂർണ്ണം; പുല്ലുമേട് നിന്നും സന്നിധാനത്തേക്ക് തീര്‍ത്ഥാടകരെ കടത്തിവിടില്ല
പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിന് ശക്തമായ സുരക്ഷാ സന്നാഹളുമായി ശബരിമല.മകരജ്യോതി ദര്‍ശിച്ചശേഷം പുല്ലുമേട് നിന്നും സന്നിധാനത്തേക്ക് തീര്‍ത്ഥാടകരെ കടത്തിവിടില്ലെന്ന് ജില്ലാ കളക്ടര്‍ വി വിഗ്‌നേശ്വരി അറിയിച്ചു. വന്യമൃഗങ്ങളുടെ സഞ്ചാരപാതയില്‍ രാത്രിയാത്ര ഒരുകാരണവശാലും അനുവദിക്കാന്‍ കഴിയില്ല. തീര്‍ത്ഥാടകര്‍ പുല്ലുമേട്ടില്‍ മകരവിളക്ക് ദര്‍ശിച്ച ശേഷം തിരികെ സത്രത്തിലേക്ക് മടങ്ങണം. അടുത്തദിവസം രാവിലെ മാത്രമേ സന്നിധാനത്തേക്ക് യാത്ര അനുവദിക്കാനാകൂ. ശബരിമലയില്‍നിന്ന് പുല്ലുമേട്ടിലേക്ക് രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെ യാത്ര ചെയ്യാം.
മകരജ്യോതി കണ്ടശേഷം സന്നിധാനത്തേക്ക് പോകാന്‍ ശ്രമിക്കുന്നവരെ തടയാന്‍ പോലീസും വനംവകുപ്പും പ്രത്യേക തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട്. സുരക്ഷയെ മുന്‍നിര്‍ത്തിയാണ് കരുതല്‍ നടപടിയെന്നും എല്ലാ തീര്‍ത്ഥാടകരും സഹകരിക്കണമെന്നും കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. അതേസമയം, കരവിളക്കിന് രണ്ട് ലക്ഷത്തോളം ഭക്തരെയാണ് പ്രതീക്ഷിക്കുന്നതെന്നും സുരക്ഷാ ഒരുക്കം പൂര്‍ത്തിയായെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് അറിയിച്ചു.

തിരക്ക് നിയന്ത്രിക്കുന്നതിനായി നാളെ രാവിലെ 10 മുതൽ നിലക്കലിൽ നിന്ന് പമ്പയിലേക്ക് കെ എസ് ആര്‍ ടി സി സര്‍വീസ് നടത്തില്ല. ഇതോടൊപ്പം തന്നെ നാളെ ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 5.30വരെ പമ്പയിൽ നിന്ന് ഭക്തരെ ശബരിമല സന്നിധാനത്തേക്ക് കടത്തിവിടുകയുമില്ല. തീര്‍ത്ഥാടകര്‍ മകരവിളക്ക് ദര്‍ശനം പൂര്‍ത്തിയാക്കി ഇറങ്ങുന്ന മുറക്കായിരിക്കും പമ്പയിൽ നിന്ന് ആളുകളെ മുകളിലേക്ക് കടത്തിവിടുകയെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു.
അതിനിടെ ശബരിമല തീർത്ഥാടകർക്കായി എല്ലാവിധ സൗകര്യങ്ങളോടുകൂടി സംസ്ഥാന സർക്കാർ കിഫ്ബി ഫണ്ടിൽ നിന്നും പണി പൂർത്തീകരിച്ച നിലയ്ക്കലെ ബഹുനില മന്ദിരം ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ തീർത്ഥാടകർക്കായി സമർപ്പിച്ചു മൂന്ന് ബ്ലോക്കുകൾ ആയി നിർമ്മിച്ച ഈ കെട്ടിടങ്ങളിൽ ഭക്തർക്ക് വിരിവയ്ക്കാനുള്ള സൗകര്യവും, ഫാൻ, ലൈറ്റ്, വാട്ടർ സപ്ലൈ ഉൾപ്പെടെ, അനുബന്ധ ടോയ്ലറ്റ് ബ്ലോക്കും ഒരുക്കിയിട്ടുണ്ട്. മൂന്നു നിലകളിൽ സജ്ജീകരിച്ച ഈ ഇടത്താവളത്തിന്റെ മുറ്റത്ത് ഭക്തർക്ക് വണ്ടി പാർക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്.
ശബരിമല തീർത്ഥാടകർക്കും തീർത്ഥാടന കാലത്തിനു ശേഷം പൊതുജനങ്ങൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന 5 ഇടത്താവളങ്ങൾ പൂർത്തിയായി വരുന്നെന്നും മന്ത്രി പറഞ്ഞു. കിഫ്ബിയിൽ നിന്നും 145 കോടി രൂപ ചെലവിട്ടാണ് ചെങ്ങന്നൂർ, കഴക്കൂട്ടം, ചിറങ്ങര, എരുമേലി, മണിയംകോട് എന്നിവിടങ്ങളിലടക്കം ഇടത്താവളം നിർമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications