മലപ്പുറം ജില്ല വിഭജിക്കണമെന്ന് മുസ്ലിം ലീഗ് വീണ്ടും നിയമസഭയില്‍; തിരൂര്‍ ജില്ല വേണം
തിരുവനന്തപുരം: മലപ്പുറം ജില്ല വിഭജിച്ച് തിരൂര്‍ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് വീണ്ടും നിയമസഭയില്‍. കെഎന്‍എ ഖാദറാണ് ശ്രദ്ധ ക്ഷണിക്കലിലൂടെ സഭയില്‍ വിഷയം ഉന്നയിച്ചത്. കഴിഞ്ഞാഴ്ച ഇതേ കാര്യത്തില്‍ സബ്മിഷന് നോട്ടീസ് നല്‍കിയെങ്കിലും അവസാന നിമിഷം ഖാദര്‍ പിന്‍മാറിയിരുന്നു. യുഡിഎഫില്‍ ധാരണയായിട്ടില്ലാത്തതിനാലാണ് ഖാദര്‍ പിന്‍മാറിയത്. മലപ്പുറം ജില്ലയുടെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ ജനസംഖ്യാടിസ്ഥാനത്തില്‍ ജില്ലയെ വിഭജിക്കണമെന്നാണ് മുസ്ലിം ലീഗ് ആവശ്യപ്പെടുന്നത്.
വികസന പ്രവര്‍ത്തനങ്ങളുടെ ഫലം താഴേതട്ടിലെത്തണമെങ്കില്‍ മലപ്പുറം ജില്ല വിഭജിച്ച് മറ്റൊരു ജില്ല കൂടി രൂപീകരിക്കണം എന്ന് മുസ്ലിം ലീഗ് ഏറെ കാലമായി ആവശ്യപ്പെടുന്നതാണ്. ജില്ല മാത്രമല്ല, കൂടുതല്‍ പഞ്ചായത്തുകളും വില്ലേജുകളും ബ്ലോക്ക് പഞ്ചായത്തുകളും മലപ്പുറത്ത് രൂപീകരിക്കണമെന്നും ലീഗ് ആവശ്യപ്പെടുന്നുണ്ട്.
കഴിഞ്ഞാഴ്ച സഭയില്‍ ശ്രദ്ധക്ഷണിക്കലിനായി സ്പീക്കര്‍ ക്ഷണിച്ചപ്പോള്‍ ഖാദര്‍ എംഎല്‍എ സഭയിലുണ്ടായിരുന്നില്ല. ജില്ലാ വിഭജനകാര്യത്തില്‍ യുഡിഎഫ് നയപരമായ തീരുമാനം എടുത്ത ശേഷം തുടര്‍നടപടികള്‍ മതി എന്ന് മുസ്ലിം ലീഗ് നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് ഖാദര്‍ എംഎല്‍എ പിന്‍മാറിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
മലപ്പുറം ജില്ലയെ രണ്ടായി വിഭജിക്കണം. പ്രവാസികള്‍ ഉള്‍പ്പെടെ അര കോടിയോളം ജനസംഖ്യയുള്ള ജില്ല വിഭജിച്ചാല്‍ മാത്രമേ വികസന പ്രവര്‍ത്തനങ്ങള്‍ ഗുണം ചെയ്യൂ എന്നാണ് കക്ഷിരാഷ്ട്രീയ ഭേദമന്യേ മലപ്പുറത്തെ എല്ലാ നേതാക്കളുടെയും അഭിപ്രായം. മുസ്ലിം ലീഗ് ഇക്കാര്യം നേരത്തെ ഉന്നയിച്ചിട്ടുണ്ട്. എസ്ഡിപിഐ വിഷയം മുഖ്യ പ്രചാരണമാക്കുകയും ജില്ലാ ഹര്‍ത്താല്‍ ആചരിക്കുകയും ചെയ്തിരുന്നു.
യുപിയില്‍ പൊളിച്ചെഴുതി പ്രിയങ്ക; മുഴുവന്‍ കോണ്‍ഗ്രസ് കമ്മിറ്റികളും പിരിച്ചുവിട്ടു, രാഹുല്‍ തുടരണം
ബിജെപി ഒഴികെയുള്ള എല്ലാ പാര്‍ട്ടികള്‍ക്കും ഇക്കാര്യത്തില്‍ ഒരേ നിലപാടാണ്. തിരൂര്‍ കേന്ദ്രമായി മറ്റൊരു ജില്ല വേണമെന്നാണ് ആവശ്യം. ജില്ല നേരിടുന്ന വികസന പ്രശ്‌നങ്ങള്‍ക്ക് ഇതു മാത്രമാണ് പരിഹാരം എന്നും ജില്ലിയിലെ നേതാക്കള്‍ അഭിപ്രായപ്പെടുന്നു. ഈ സാഹചര്യം നിലനില്‍ക്കവെയാണ് നിയമസഭയില്‍ ശ്രദ്ധക്ഷണിക്കലിന് കെഎന്‍എ ഖാദര്‍ എംഎല്‍എ നോട്ടീസ് നല്‍കിയത്.