പാണ്ടിക്കടവത്തെ കുഞ്ഞാപ്പ ഒരു 'പുപ്പുലി'!!! കുഞ്ഞാലിക്കുട്ടിയെക്കുറിച്ച് അറിയാത്ത ചില രഹസ്യങ്ങള്‍...

  • Written By:
Subscribe to Oneindia Malayalam

മലപ്പുറം: ഗംഭീര വിജയം നേടിയപ്പോഴും അമിതാഹ്ലാദമില്ലാതെയാണ് പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. ആ സൗമ്യതയും മിതത്വവുമാണ് കേരള രാഷ്ട്രീയത്തില്‍ പികെ കുഞ്ഞാലിക്കുട്ടിയെന്ന പാണ്ടിക്കടവത്ത് കുഞ്ഞാപ്പയെ വ്യത്യസ്തനാക്കുന്നതും. പിടിച്ചുലച്ച പ്രതിസന്ധികളെ കൂളായി നേരിട്ടാണ് പികെ കുഞ്ഞാലിക്കുട്ടി എന്ന ജനകീയ നേതാവ് വളര്‍ന്നത്.

ഏതൊരു രാഷ്ട്രീയ നേതാവും തകര്‍ന്ന് പോയേക്കാവുന്ന പ്രതിസന്ധികളില്‍ നിന്നും ഒരു ഫീനിക്‌സ് പക്ഷിയെ പോലെ പറന്നുയര്‍ന്നതാണ് കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയ ചരിത്രം. മുസ്ലീം ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എംഎസ്എഫിലൂടെയാണ് കുഞ്ഞാലിക്കുട്ടി രാഷ്ട്രീയത്തിലെത്തുന്നത്. പാണ്ടിക്കടവത്ത് കുഞ്ഞാപ്പയെന്ന് ഊരകത്തുള്ളവര്‍ വിളിക്കുന്ന കുഞ്ഞാലിക്കുട്ടി കേരളത്തിന്റെ സ്വന്തം കുഞ്ഞാപ്പയായതും വളരെ പെട്ടെന്നായിരുന്നു.

എംഎസ്എഫ് സംസ്ഥാന ട്രഷറര്‍...

എംഎസ്എഫ് സംസ്ഥാന ട്രഷറര്‍...

പാണക്കാടിനടുത്ത ഊരകത്തെ വ്യവസായിയായ പാണ്ടിക്കടവത്ത് മുഹമ്മദ് ഹാജിയുടേയും, കെപി ഫാത്തിമക്കുട്ടിയുടെയും മകനായി 1951ലാണ് പികെ കുഞ്ഞാലിക്കുട്ടിയുടെ ജനനം. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം കൊമേഴ്‌സില്‍ ബിരുദവും, ബിസിനസ് മാനേജ്‌മെന്റില്‍ ഡിപ്ലോമയും നേടിയ അദ്ദേഹം എംഎസ്എഫിലൂടെയാണ് സജീവ രാഷ്ട്രീയത്തിലെത്തുന്നത്. പിന്നീട് എംഎസ്എഫിന്റെ സംസ്ഥാന ട്രഷററായും പികെ കുഞ്ഞാലിക്കുട്ടി പ്രവര്‍ത്തിച്ചിരുന്നു.

നിയമസഭയിലേക്ക് 1982ല്‍...

നിയമസഭയിലേക്ക് 1982ല്‍...

1980ല്‍ മലപ്പുറം മുനിസിപ്പില്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചാണ് പികെ കുഞ്ഞാലിക്കുട്ടി തിരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങുന്നത്. ആ വര്‍ഷം തന്നെ അദ്ദേഹം മുനിസിപ്പല്‍ ചെയര്‍മാനായും തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 1982ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ച കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് നിന്നും എംഎല്‍എയായി. 1987ല്‍ വീണ്ടും മലപ്പുറത്ത് നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം, 1991,1996,2001 തിരഞ്ഞെടുപ്പുകളില്‍ കുറ്റിപ്പുറത്ത് നിന്നും നിയമസഭയിലെത്തി.

വ്യവസായ മന്ത്രിയായി...

വ്യവസായ മന്ത്രിയായി...

1991ലെ കരുണാകരന്‍ മന്ത്രിസഭയിലെ വ്യവസായ വകുപ്പ് കൈകാര്യം ചെയ്താണ് പികെ കുഞ്ഞാലിക്കുട്ടി ആദ്യമായി മന്ത്രിയാകുന്നത്. പിന്നീട് വന്ന ആന്റണി മന്ത്രിസഭയിലും, 2001ലെ ആന്റണി മന്ത്രിസഭയിലും കുഞ്ഞാലിക്കുട്ടിയായിരുന്നു വ്യവസായ മന്ത്രി. ആന്റണിക്ക് പകരം ഉമ്മന്‍ചാണ്ടി ഭരണം ഏറ്റെടുത്തപ്പോഴും കുഞ്ഞാലിക്കുട്ടിയുടെ മന്ത്രിസ്ഥാനത്തിന് ഇളക്കം തട്ടിയില്ല. 2011ലെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലാണ് അദ്ദേഹം അവസാനമായി മന്ത്രി പദം അലങ്കരിച്ചത്.

പ്രതിഷേധം കത്തി...

പ്രതിഷേധം കത്തി...

ആന്റണിക്ക് ശേഷം വന്ന ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ വ്യവസായ മന്ത്രിയായിരിക്കെയാണ് ഐസ്‌ക്രീം പാര്‍ലര്‍ കേസിലെ വിവാദ വെളിപ്പെടുത്തലുണ്ടാകുന്നത്. കുഞ്ഞാലിക്കുട്ടിക്കെതിരെ റജീന എന്ന സ്ത്രീ പരസ്യമായി രംഗത്തെത്തിയതോടെ സംസ്ഥാനത്താകെ പ്രക്ഷോഭം ശക്തമായി. കുഞ്ഞാലിക്കുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ തെരുവിലിറങ്ങി. കുഞ്ഞാലിക്കുട്ടി രാജിവെയ്‌ക്കേണ്ടെന്നായിരുന്നു പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെയും ഉമ്മന്‍ചാണ്ടിയുടെയും അഭിപ്രായം.

മന്ത്രിസഭയില്‍ നിന്നും പുറത്തേക്ക്...

മന്ത്രിസഭയില്‍ നിന്നും പുറത്തേക്ക്...

ഇതിനിടെ, കരിപ്പൂരില്‍ കുഞ്ഞാലിക്കുട്ടിയെ സ്വീകരിക്കാനെത്തിയ ലീഗ് പ്രവര്‍ത്തകര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ അക്രമം അഴിച്ചുവിടുകയും, ദേശീയ പതാകയ്ക്ക് പകരം ലീഗിന്റെ കൊടി നാട്ടിയതും വിവാദമായി. ഒടുവില്‍ വിവാദങ്ങളും പ്രതിഷേധങ്ങളും കത്തിപ്പടര്‍ന്നപ്പോള്‍ കുഞ്ഞാപ്പ മന്ത്രിസഭയില്‍ നിന്നും രാജിവെച്ചിറങ്ങുകയായിരുന്നു.

കുറ്റിപ്പുറത്ത്...

കുറ്റിപ്പുറത്ത്...

2006ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കാമെന്ന പ്രതീക്ഷയുമായി കളത്തിലിറങ്ങിയ കുഞ്ഞാലിക്കുട്ടിക്ക് പക്ഷേ അടിതെറ്റി. ഐസ്‌ക്രീം വിവാദം പ്രധാന പ്രചാരണ വിഷയമായ തിരഞ്ഞെടുപ്പില്‍ കുറ്റിപ്പുറത്ത് നിന്നും വീണ്ടും ജനവിധി തേടിയ കുഞ്ഞാലിക്കുട്ടിക്ക് കനത്ത പരാജയമാണ് നേരിടേണ്ടി വന്നത്.

മലപ്പുറത്ത് ലീഗിന് തിരിച്ചടി...

മലപ്പുറത്ത് ലീഗിന് തിരിച്ചടി...

മുന്‍ യൂത്ത് ലീഗ് നേതാവായിരുന്ന കെടി ജലീല്‍ എന്ന ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയോട് 8781 വോട്ടിനാണ് അദ്ദേഹം പരാജയപ്പെട്ടത്. കുഞ്ഞാലിക്കുട്ടിക്കൊപ്പം എംകെ മുനീര്‍, ഇടി മുഹമ്മദ് ബഷീര്‍ തുടങ്ങിയ ലീഗ് നേതാക്കള്‍ക്കും ആ തിരഞ്ഞെടുപ്പില്‍ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. മലപ്പുറത്തിന്റെ ചരിത്രത്തിലാദ്യമായി ലീഗിന് കനത്ത പരാജയം സമ്മാനിച്ച തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി മികച്ച മുന്നേറ്റമാണ് കാഴ്ചവെച്ചത്.

വീണ്ടും രാഷ്ട്രീയത്തില്‍ സജീവം...

വീണ്ടും രാഷ്ട്രീയത്തില്‍ സജീവം...

2006ല്‍ യുഡിഎഫിനുണ്ടായ കനത്ത തോല്‍വിക്ക് കാരണം പികെ കുഞ്ഞാലിക്കുട്ടിയാണെന്നായിരുന്നു പല കോണ്‍ഗ്രസ് നേതാക്കളും ആരോപിച്ചിരുന്നത്. കുഞ്ഞാപ്പയുടെ രാഷ്ട്രീയ ജീവിതത്തിന് വിരാമമായെന്ന് വിധിയെഴുതിവരെ ഞെട്ടിച്ചു കൊണ്ടാണ് അദ്ദേഹം വീണ്ടും രാഷ്ട്രീയത്തില്‍ സജീവമായത്. ഇതിനിടെ ഐസ്‌ക്രീം കേസില്‍ തെളിവില്ലെന്ന കോടതി വിധിയും വന്നിരുന്നു. ഏതൊരു രാഷ്ട്രീയ നേതാവും പതറിപോയേക്കുമായിരുന്ന പ്രതിസന്ധികളെ അദ്ദേഹം ജാഗ്രതയോടെയാണ് നേരിട്ടത്. ലീഗിന്റെ സംസ്ഥാനതലത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ പാണക്കാട് ശിഹാബ് തങ്ങള്‍ക്കൊപ്പം നിന്ന കുഞ്ഞാപ്പ സംസ്ഥാന രാഷ്ട്രീയത്തിലും സജീവമായി.

വ്യവസായ മന്ത്രിയായി വീണ്ടും...

വ്യവസായ മന്ത്രിയായി വീണ്ടും...

2011ലെ തിരഞ്ഞെടുപ്പില്‍ വേങ്ങര നിയോജക മണ്ഡലത്തില്‍ നിന്നും മികച്ച ഭൂരിപക്ഷത്തോടെയാണ് കുഞ്ഞാപ്പ നിയമസഭയിലെത്തിയത്. വീണ്ടും വ്യവസായ മന്ത്രിയായ അദ്ദേഹം അക്ഷയ, എമര്‍ജിംഗ് കേരള തുടങ്ങിയ പദ്ധതികളിലൂടെ മികവു തെളിയിച്ചിരുന്നു. ഇതിനിടെ സംസ്ഥാന രാഷ്ട്രീയത്തില്‍ മുസ്ലീം ലീഗിന്റെ സമുന്നത നേതാവായി വളര്‍ന്ന കുഞ്ഞാലിക്കുട്ടി യുഡിഎഫിലെ അഗ്രഗണ്യനായ നേതാവായും മാറി.

സൂക്ഷമതയോടെ മുന്നോട്ട്...

സൂക്ഷമതയോടെ മുന്നോട്ട്...

ലീഗിനെ വിവാദത്തിലാക്കിയ അഞ്ചാം മന്ത്രി വിവാദത്തെ തന്ത്രപരമായാണ് അഭിമുഖീകരിച്ചത്. സോളാര്‍ വിവാദത്തില്‍ ആടിയുലഞ്ഞ ഉമ്മന്‍ചാണ്ടിയെ സംരക്ഷിക്കാനും പിന്തുണ നല്‍കാനും ലീഗും കുഞ്ഞാലിക്കുട്ടിയുമുണ്ടായിരുന്നു. ഐസ്‌ക്രീം വിവാദത്തില്‍ തന്നോടൊപ്പം നിന്ന ഉമ്മന്‍ചാണ്ടിക്ക് പ്രത്യുപകാരമായിരുന്നു അതെല്ലാമെങ്കിലും, 2006ലെ തോല്‍വിക്ക് ശേഷം വളരെ സൂക്ഷമതയോടെയാണ് അദ്ദേഹം രാഷ്ട്രീയത്തില്‍ ഇടപെട്ടിരുന്നത്. 2011-2016 കാലയളവില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ ചെറിയ ആരോപണങ്ങളോ വിവാദങ്ങളോ ഉണ്ടായിരുന്നില്ല എന്നതും അദ്ദേഹത്തിന്റെ പ്രവര്‍ത്തന മികവു കൊണ്ടായിരുന്നു.

ദേശീയ രാഷ്ട്രീയത്തില്‍...

ദേശീയ രാഷ്ട്രീയത്തില്‍...

2016ല്‍ വേങ്ങരയില്‍ നിന്നും വീണ്ടും നിയമസഭയിലെത്തിയ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തില്‍ തന്റേതായ സ്ഥാനമുറപ്പിച്ചിരുന്നു. ഇതിനിടെ ഇ അഹമ്മദിന്റെ മരണത്ത തുടര്‍ന്നുണ്ടായ ഉപതിരഞ്ഞെടുപ്പില്‍ പികെ കുഞ്ഞാലിക്കുട്ടി മത്സരിക്കുമെന്ന വാര്‍ത്ത അണികളെയും രാഷ്ട്രീയ നിരീക്ഷകരെയും ഞെട്ടിച്ചു. മുസ്ലീം ലീഗിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റുന്നതിന്റെ പിന്നിലെ രഹസ്യം ഇന്നും രഹസ്യമായി തുടരുകയാണ്. സജീവ രാഷ്ട്രീയത്തില്‍ നിന്നും പിന്മാറി വിശ്രമജീവിതം ആഗ്രഹിക്കുന്നതിന് മുന്നോടിയായാണ് ഈ ചുവടുമാറ്റമെന്നും വിലയിരുത്തുന്നവരുണ്ട്. പക്ഷേ, മുസ്ലീം ലീഗിന് കാര്യമായിടമില്ലാത്ത ദേശീയ രാഷ്ട്രീയത്തില്‍ പികെ കുഞ്ഞാലിക്കുട്ടിക്ക് എന്തു ചെയ്യാനാകുമെന്നതും പ്രധാന ചോദ്യമാണ്.

English summary
Malappuram Election Result; PK Kunhalikutty's Profile.
Please Wait while comments are loading...