മലപ്പുറം പ്രത്യേക സംസ്ഥാനം, ഇവിടെ അഭിപ്രായം പറയാൻ സാധിക്കില്ല'; വിവാദ പരാമർശവുമായി വെള്ളപ്പള്ളി നടേശൻ
മലപ്പുറം ജില്ലക്കെതിരെ വിവാദ പരാമര്‍ശവുമായി എസ് എൻ ഡി പി യോഗം ജനറല്‍ സെക്രട്ടറി
വെള്ളാപ്പള്ളി നടേശന്‍. മലപ്പുറത്തുകാർക്കിടയിൽ സമുദായ അംഗങ്ങൾ ഭയന്ന് വിറച്ചാണ് ജീവിക്കുന്നതെന്നും സ്വതന്ത്രമായ അഭിപ്രായം പറഞ്ഞ് ജീവിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. മലപ്പുറം ചുങ്കത്തറയില്‍ നടന്ന എസ് എൻ ഡി പി യോഗത്തിലാണ് വെള്ളാപ്പള്ളിയുടെ വിവാദ പരാമർശം.
' മലപ്പുറത്ത് മറ്റു ആളുകള്‍ക്കിടയില്‍ എല്ലാ തിക്കും തിരക്കും അനുഭവിച്ചും ഭയന്ന് ജീവിക്കുകയാണ് സമുദായ അംഗങ്ങൾ എന്ന് അറിയാം. സ്വതന്ത്രമായ വായു ശ്വസിച്ചുകൊണ്ട് നിങ്ങൾക്ക് മലപ്പുറത്ത് ജീവിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. സ്വതന്ത്രമായ അഭിപ്രായം പറഞ്ഞ് ജീവിക്കാന്‍ പോലും നിങ്ങൾക്ക് കഴിയുമെന്ന് തോന്നുന്നില്ല. മലപ്പുറം പ്രത്യേകതരം രാജ്യമാണ്. പ്രത്യേകം ചില ആളുകളുടെ സംസ്ഥാനമാണ്.

അതുകൊണ്ട് തന്നെ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി ഇത്രയും നാളായിട്ട് പോലും സ്വാതന്ത്ര്യത്തിന്റെ ഗുണഫലങ്ങളുടെ ഒരംശം പോലും ഇവിടുത്തെ പിന്നാക്ക വിഭാഗങ്ങൾക്ക് മലപ്പുറത്ത് ലഭിച്ചിട്ടുണ്ടോ? മഞ്ചേരി ഉള്ളതുകൊണ്ടും അദ്ദേഹത്തിന്റെ ഒരു സ്ഥാപനം അവിടെ ഉള്ളതുകൊണ്ടും നിങ്ങളിൽ കുറച്ച് പേർക്കെങ്കിലും വിദ്യാഭ്യാസം ലഭിക്കാനുള്ള അവസരം ഉണ്ടായി.
പല ഭരണകുടങ്ങളും വന്നിട്ടും നേതാക്കളെല്ലാം അവരുടെ കുടുംബത്തിലേക്ക് എല്ലാം കൊണ്ടുപോയപ്പോൾ ഒരു പൊട്ടും പൊടിയുമെങ്കിലും പിന്നാക്കക്കാർക്ക് ഇരിക്കട്ടേയെന്ന് കരുതി ഒരു കുടിപള്ളിക്കുടം പോലും തന്നില്ല. എന്താണ് നമ്മുക്ക് മലപ്പുറത്ത് ഉള്ളത്? തൊഴിലുറപ്പിൽ നമ്മുക്ക് പ്രാതിനിധ്യം ഉണ്ട്. മറ്റെന്തിലാണ് പ്രാതിനിധ്യം? എല്ലാവർക്കും വോട്ടുകൊടുക്കാൻ മാത്രം വിധിക്കപ്പെട്ടവരാണ് നാം. വോട്ടുകുത്തി യന്ത്രങ്ങളായി ഇവിടെ ഈഴവ സമുദായം മാറി. അതുകഴിഞ്ഞ് പോയാൽ പിന്നെ ആലുവ മണിപ്പുറത്ത് കണ്ട ഭാവം പോലും നമ്മളോട് കാണിക്കില്ല.ഒന്നും തരാറുമില്ല, ഇതിനെല്ലാം കാരണം നമ്മൾ തന്നെയല്ലേ,
മറ്റുള്ളവർ സംഘടിച്ച് വോട്ട് ബാങ്കായി നിന്നുകൊണ്ട് അധികാരം പിടിച്ചെടുക്കുമ്പോൾ നമ്മുക്ക് സംഘടിക്കാൻ സാധിക്കാതെ പോയി. സംഘടിച്ച് നിന്നുവെങ്കിൽ ഇന്ന് നമ്മുക്കും എല്ലാം നേടിയെടുക്കാൻ കഴിഞ്ഞേനെ', വെള്ളാപ്പള്ളി പറഞ്ഞു.












Click it and Unblock the Notifications