മലപ്പുറത്ത് എംആര്‍ വാക്‌സിനേഷന്‍ ഉദ്യോഗസ്ഥരെ അക്രമിച്ച കേസില്‍ അറസ്റ്റിലായതില്‍ നിരപരാധിയും, പ്രതിഷേധങ്ങളും സമരങ്ങളും കൊഴുക്കുന്നു
മലപ്പുറം: മീസില്‍സ് റൂബല്ല വാക്‌സിനേഷന്‍ തടഞ്ഞ് കുറ്റിപ്പുറത്ത് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ അക്രമിച്ച കേസില്‍ ജയിലില്‍ അടച്ചവരില്‍ നിരപരാധിയും. സംഭവത്തെ ചൊല്ലി പ്രദേശത്ത് പ്രതിഷേധങ്ങളും സമരങ്ങളും കൊഴുക്കുന്നു. കേസില്‍ മൂന്നുപേരെയാണു പോലീസ് അറസ്റ്റ് ചെയ്തത്.
എന്നാല്‍ ഇത് പോലീസിന്റെ മുഖംരക്ഷിക്കാന്‍വേണ്ടി യഥാര്‍ഥ പ്രതികളെ പിടിക്കാതെ നിരപരാധികളെയാണു പിടികൂടിയതെന്ന് ആരോപിച്ച് നാട്ടുകാരും വിവിധസംഘടനകളും രംഗത്തെത്തി. ഇതോടെയാണ് പ്രശ്‌നം സംഘര്‍ഷത്തിലേക്കും സമരങ്ങളിലേക്കുമെത്തിയത്. വ്യാഴാഴ്ച ഉച്ചയ്ക്കാണ് എടയൂര്‍ പി.എച്ച്.സിയിലെ മെഡിക്കല്‍ ഓഫിസര്‍ അടക്കമുള്ള ആരോഗ്യവകുപ്പ് അധികൃതര്‍ക്കെതിരെ അത്തിപ്പറ്റ ജി.എല്‍.പി സ്‌കൂളില്‍ പുറത്തു നിന്നെത്തിയ സംഘം കയ്യേറ്റത്തിനു മുതിര്‍ന്നത്. വിദ്യാര്‍ഥികള്‍ക്കു പ്രതിരോധവാക്‌സിന്‍ എടുക്കുന്നതിനിടെയായിരുന്നു ആക്രമണം.

പരുക്കേറ്റ ആരോഗ്യ വകുപ്പു ജീവനക്കാരി സി.കെ.ശ്യാമളഭായി(54)യെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഉദ്യോഗസ്ഥരെ തടഞ്ഞത്, പ്രാദേശിക മാധ്യമത്തിന് വേണ്ടി കാമറയില്‍ പകര്‍ത്താന്‍ ചെന്ന ഫോട്ടോഗ്രാഫറെ അകാരണമായി അറസ്റ്റ്‌ചെയ്‌തെന്നാരോപിച്ച് ആള്‍ കേരള ഫോട്ടോ ഗ്രാഫേഴ്‌സ് അസോസിയേഷനാണ് ആദ്യം പ്രതിഷേധവുമായി രംഗത്ത് വന്നത്. എ.കെ.പി.എ യുടെ ആഭിമുഖ്യത്തില്‍ വളാഞ്ചേരി ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. മന്ത്രിയും എം.എല്‍.എയും അടക്കം പ്രമുഖര്‍ ഉള്‍പ്പെട്ട വളാഞ്ചേരിയിലെ വാട്‌സ്അപ് ഗ്രൂപ്പ് കൂട്ടായ്മയും ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. തുടര്‍ന്ന് എ.കെ.പി.എ ഭാരവാഹികള്‍ മലപ്പുറത്ത് വാര്‍ത്താ സമ്മേളനം നടത്തി.
പ്രമുഖ പരിസ്തി പ്രവര്‍ത്തകയും സാമൂഹ്യ പ്രവര്‍ത്തകയായ കദീജ നര്‍ഗീസിന്റെ നേതൃത്വത്തില്‍ ആരോഗ്യഅവകാശ വേദി പ്രവര്‍ത്തകര്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് വാര്‍ത്താ സമ്മേളനം വിളിച്ചിരുന്നു. നിരപരാധികളായ ആളുകളെ അറസ്റ്റ് ചെയ്തത് അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുമെന്നും നിര്‍ബന്ധിത വാകിസിനേഷനെതിരെ ബുധനാഴ്ച ഡി.എം.ഒ ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തുമെന്നും അവര്‍ പറഞ്ഞു. ഇതോടെ ഈ വിഷയം കത്തിപ്പടരുകയാണ്. വരും ദിവസങ്ങളിലും ഇതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളും സമരങ്ങളും ഉണ്ടാകാന്‍ സാധ്യത ഏറെയാണ്. എന്നാല്‍ സംഭവത്തെ തുടര്‍ന്ന മേഖലയിലെ ജനങ്ങള്‍ ആശങ്കയിലും ഭീതിയിലുമാണ്. ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മിലുള്ള വാക്കേറ്റവും കയ്യാങ്കളിയും പ്രദേശത്തുകാര്‍ ഏറെ ഭയപ്പാടോടെയാണ് കാണുന്നത്. ഡോക്ടര്‍മാരും ഒരു വിഭാഗം നാട്ടുകാരുംചില സംഘടനകളും മറുപക്ഷത്തു നിന്നും വാക്കു തര്‍ക്കവും വാദപ്രതിവാദങ്ങളും കൊഴുക്കുന്നുമുണ്ട്. അതിനിടെ മഹല്ല് കമ്മിറ്റികളും ഐ.എം.എ യും ചേര്‍ന്ന് നാട്ടുകാരെ ബോധവല്‍ക്കരിക്കാന്‍ പല പരിപാടികളും നടത്തുന്നുമുണ്ട്. ജനങ്ങളുടെ ആശങ്കയകറ്റാന്‍ ആരോഗ്യ വകുപ്പും പോലീസും ശ്രമിക്കണമെന്നാവശ്യം ശക്തമാണ്.
((ഫോട്ടോ അടിക്കുറിപ്പ്)
കേസല്‍ അറസ്റ്റിലായ നിരപരാധിയായ ഫോട്ടോഗ്രാഫര്‍ ഫൈസല്‍.












Click it and Unblock the Notifications