സംസ്ഥാനതല ഹജ്ജ് ക്യാമ്പ് മറ്റെന്നാള്‍ മലപ്പുറം സ്വലാത്ത് നഗറില്‍

  • Posted By: നാസർ
Subscribe to Oneindia Malayalam

മലപ്പുറം: ഈ വര്‍ഷം ഹജ്ജ്, ഉംറ തീര്‍ത്ഥാടകര്‍ക്കായി സ്വലാത്ത് നഗറില്‍ സംഘടിപ്പിക്കുന്ന 21-ാമത് സംസ്ഥാനതല ഹജ്ജ് ക്യാമ്പ് മറ്റെന്നാള്‍
മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കും. രാവിലെ 8 മുതല്‍ വൈകുന്നേരം 5 വരെയാണ് ക്യാമ്പ്. സര്‍ക്കാര്‍ ഹജ്ജ് കമ്മിറ്റി മുഖേനയും സ്വകാര്യ ഗ്രൂപ്പുകള്‍ വഴിയും ഹജ്ജ് ഉംറ ഉദ്ദേശിക്കുന്നവര്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം.

സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി ഉദ്ഘാടനം നിര്‍വ്വഹിക്കും. വര്‍ഷങ്ങളായി ഹജ്ജ് ഉംറ യാത്രകള്‍ക്കും പരിശീലനത്തിനും നേതൃത്വം നല്‍കുന്ന ഇബ്റാഹീം ബാഖവി മേല്‍മുറി, കേരള ഹജ്ജ് കമ്മിറ്റി മെമ്പര്‍ പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ് എന്നിവര്‍ ക്ലാസെടുക്കും. ഹജ്ജ് കമ്മിറ്റി അസി.സെക്രട്ടറി ടി. കെ അബ്ദുറഹ്മാന്‍, സംസ്ഥാന ഹജ്ജ് കോ ഓര്‍ഡിനേറ്റര്‍ ഷാജഹാന്‍ എന്‍ പി, ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര്‍ എ.ബി മൊയ്തീന്‍ കുട്ടി, സംസ്ഥാന ഹജ്ജ് കമ്മിറ്റി മാസ്റ്റര്‍ ട്രൈനര്‍ മുജീബ് റഹ്മാന്‍ വടക്കേമണ്ണ എന്നിവര്‍ പ്രസംഗിക്കും.

haj

ഹജ്ജ്, ഉംറ എന്നിവ സംബന്ധിച്ചുള്ള പ്രായോഗിക പരിശീലനമാണ് ക്യാമ്പിന്റെ പ്രത്യേകത. കൂടാതെ ലഗേജ്, കുത്തിവെയ്പ്, യാത്രാ സംബന്ധമായ വിവരങ്ങള്‍, മക്കയിലെയും മദീനയിലെയും ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളുടെ വിവരണം എന്നിവയുണ്ടാകും. ഹജ്ജ് ഗൈഡ്, ത്വവാഫ്-തസ്ബീഹ് മാല, ഹജ്ജ്, ഉംറ സംബന്ധമായ പുസ്തകം എന്നിവ ഉള്‍ക്കൊള്ളുന്ന സൗജന്യ ഹജ്ജ് കിറ്റ് വിതരണം ചെയ്യും.

ഇത്തവണ വളരെ വിപുലമായ സൗകര്യങ്ങളാണ് ക്യാമ്പിനായി സ്വലാത്ത് നഗറില്‍ ഒരുക്കിയിട്ടുള്ളത്. മഅ്ദിന്‍ കാമ്പസിലെ പ്രധാന ഗ്രൗണ്ടില്‍ വിശാലമായ പന്തല്‍ നിര്‍മാണം പൂര്‍ത്തിയായി. ഹാജിമാര്‍ക്കുള്ള സേവനത്തിന് പ്രത്യേക ഹെല്‍പ് കൗണ്ടറും തുറന്നിട്ടുണ്ട്. ആയിരങ്ങള്‍ക്ക് അലോസരങ്ങളില്ലാതെ പരിപാടിയില്‍ സംബന്ധിക്കുന്നതിന് ഷോര്‍ട്ട് സര്‍ക്യൂട്ട് ടി.വിയും മഅ്ദിന്‍ വെബ് ഹബ് വഴി തത്സമയ വെബ്കാസ്റ്റും ഏര്‍പെടുത്തുന്നുണ്ട്. വിദൂരങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് താമസ സൗകര്യമുണ്ടാവും. പരിപാടിയുടെ നടത്തിപ്പിനായി 555 അംഗ സന്നദ്ധസേനയെ ഒരുക്കിയിട്ടുണ്ട്.

വൈകുന്നേരം മൂന്നിന് അനാഥ, അന്ധ-ബധിര-മൂക വിദ്യാര്‍ത്ഥികളുടെ സാന്നിധ്യത്തില്‍ ഹാജിമാര്‍ക്ക് പ്രത്യേക പ്രാര്‍ത്ഥനയും നടക്കും. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 9645600072, 9744748497.

സംസ്ഥാന തല ഹജ്ജ് ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ച കപ്പലില്‍ ഹജ്ജിന് പോയവരുടെ സംഗമം ശ്രദ്ധേയമായി. ഇന്ന് ആധുനിക സൗകര്യങ്ങളുടെ പിന്തുണയോടെ പ്രയാസ രഹിതമായി ഹജ്ജ് കഴിഞ്ഞ് വരുന്നവര്‍ക്ക് അത്ഭുതമായിരുന്നു സംഗമത്തിലെ യാത്രാ വിവരണങ്ങള്‍. ഇനിയൊരു തിരിച്ചു വരവ് അസാധ്യമാണെന്നു ഉറപ്പിച്ചാണ് അന്നത്തെ ഹജ്ജ് യാത്ര. കടലാഴങ്ങളിലേക്ക് കെട്ടിയിറക്കുന്ന മയ്യിത്തുകള്‍, ബോംബെ മുസാഫര്‍ ഖാനയിലെ അനന്തമായ

കാത്തിരിപ്പ്, കടല്‍ചൊരുക്കും കഷ്ടപ്പാടുകളും തുഴഞ്ഞ് ജിദ്ദ തുറമുഖം കാണുമ്പോഴുള്ള ആഹ്ലാദം, ഒട്ടിയ വയറുമായി മിനയിലും അറഫയിലുമെല്ലാം പ്രാര്‍ത്ഥനാ നിരതമായ പകലിരവുകള്‍, സ്വന്തം കൈകൊണ്ട് സംസം കോരിക്കുടിച്ച് അപൂര്‍വ്വ സൗഭാഗ്യം. ഹജ്ജിനു പോകും മുമ്പുള്ള യാത്രപറച്ചിലും പൊരുത്തപ്പെടീക്കലുമൊക്കെ കണ്ണീരോടെയായിരുന്നു-അവര്‍ ഓര്‍മകള്‍ അയവിറക്കി. മഅ്ദിന്‍ ചെയ്ര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ അധ്യക്ഷതയില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം പ്രഫ. എ.കെ അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു.

വിവിധ വര്‍ഷങ്ങളില്‍ ഹജ്ജിന് പോയവരുടെ ആദ്യഘട്ട സംഗമമാണ് ഞായറാഴ്ച നടന്നത്. ഈ വര്‍ഷത്തെ ഹജ്ജിനോടനുബന്ധിച്ച് വിപുലമായ സംഗമമൊരുക്കുന്നുണ്ട്. ഹജ്ജുമായി ബന്ധപ്പെട്ട അപൂര്‍വ്വ ഫോട്ടോകളുടെ പ്രദര്‍ശനവും സംഘടിപ്പിക്കുന്നുണ്ട്.സംസ്ഥാന ഹജ്ജ് കമ്മിറ്റി മാസ്റ്റര്‍ ട്രൈനര്‍ പി.പി മുജീബ് റഹ്്മാന്‍, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സമസ്ത ജില്ലാ സെക്രട്ടറി പി.ഇബ്റാഹീം ബാഖവി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, ദുല്‍ഫുഖാറലി സഖാഫി എന്നിവര്‍ പ്രസംഗിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
hajj camp on malapuram begins on 18th april

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്