മകള്‍ക്ക് ബ്രെയിന്‍ ട്യൂമര്‍..സഹായിച്ചില്ലെങ്കില്‍ മരണം..! പത്രപ്രവര്‍ത്തകനെ പറ്റിച്ച് ഒരാൾ !!

  • By: അനാമിക
Subscribe to Oneindia Malayalam

കോഴിക്കോട്: സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം രോഗം ബാധിച്ച ഒരു മകളുടെ അച്ഛന്റെ നിസ്സഹായാവസ്ഥയുടെ കഥ ഏറെ പ്രചരിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകനായ അരുണ്‍ ബിഎല്‍ കോളിയൂരിന്റെ അനുഭവം അദ്ദേഹം തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തതും. രോഗം ബാധിച്ച് പണമില്ലാതെ ചികിത്സ വൈകുന്ന കുട്ടിയ്ക്ക് വേണ്ടി സഹായങ്ങള്‍ അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ളതായിരുന്നു പോസ്റ്റ്. അരുണിന്റെ പോസ്റ്റ് വായിച്ച് നിരവധി പേര്‍ ഈ കുടുംബത്തെ സാമ്പത്തികമായി സഹായിക്കുകയും ചെയ്തു. പിന്നീടാണ് ഞെട്ടിക്കുന്ന തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്ത് വന്നത്. സംഭവം ഇങ്ങനെയാണ്.

മകൾക്ക് ബ്രെയിൻ ട്യൂമർ

പാവപ്പെട്ട കുടുംബത്തിന് ധനസഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള അരുണിന്റെ പോസ്റ്റ് ഇത്തരത്തിലാണ്. ബസ് യാത്രയ്ക്കിടെ പരിചയപ്പെട്ട ജോസ് എന്നയാള്‍ തന്റെ മകള്‍ ബിന്‍സ് ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലാണ് എന്ന് അരുണിനെ വിശ്വസിപ്പിച്ചു. പണം തികയാത്തതിനാല്‍ ചികിത്സ മുടങ്ങിയിരിക്കുകയാണെന്നും പറഞ്ഞു.

പണമില്ലെന്ന് വിശ്വസിപ്പിച്ചു

മകളെക്കുറിച്ച് വിവിധ പത്രങ്ങളില്‍ വന്ന വാര്‍ത്ത കാട്ടിയാണ് ജോസ് എന്നയാള്‍ അരുണിന്റെ വിശ്വാസ്യത നേടിയത്. ഓപ്പറേഷന് വേണ്ടത് ഇരുപത്തിരണ്ടായിരം രൂപയാണ്. മകളെ രക്ഷിക്കാന്‍ തന്റെ മുന്നില്‍ വഴിയൊന്നുമില്ലെന്നും അയാള്‍ പറഞ്ഞു. മാത്രമല്ല താമസിക്കുന്ന വാടകവീടും ഒഴിയേണ്ടി വന്നുവെന്നും ഇയാള്‍ വിശ്വസിപ്പിച്ചു.

സഹായിക്കണമെന്ന് പോസ്റ്റ്

മകളുടെ ചികിത്സയ്ക്ക് വേണ്ടി ബാങ്കില്‍ അക്കൗണ്ടും തുടങ്ങിയിട്ടുണ്ടെന്ന് പറഞ്ഞ ഇയാള്‍ അക്കൗണ്ട് നമ്പര്‍ അടക്കമുള്ളവ കൈമാറുകയും ചെയ്തു. ബാങ്കില്‍ വിളിച്ച് അക്കൗണ്ടിന്റെ നിജസ്ഥിതി അടക്കം അന്വേഷിച്ച ശേഷം ഈ അച്ഛനെ സഹായിക്കണം എന്നഭ്യര്‍ത്ഥിച്ച് അരുണ്‍ ഫേസ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തു.

പണമൊഴുക്കി ആളുകൾ

അരുണിന്റെ ഫേസ്ബുക്ക് സുഹൃത്തുക്കള്‍ വഴി ഈ പോസ്റ്റ് വന്‍തോതില്‍ പ്രചരിച്ചു. ചിലര്‍ അവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഭൂരിപക്ഷം പേരും ഈ അക്കൊണ്ടിലേക്ക് മനുഷ്യത്വത്തിന്റെ പേരില്‍ പണം അയച്ച് നല്‍കുകയും ചെയ്തു. ആവശ്യത്തിന് പണം ലഭിച്ചുവെന്നും സഹായിച്ചവര്‍ക്ക് നന്ദിയെന്നും അരുണ്‍ പിന്നീട് പോസ്റ്റിട്ടു.

പലരേയും പറ്റിച്ച് അയാൾ

എന്നാല്‍ പിന്നീടാണ് ഇയാള്‍ തട്ടിപ്പുകാരനാണെന്ന വിവരം അരുണിനടക്കം മനസ്സിലാവുന്നത്. ഇത്തരത്തില്‍ പണം തട്ടുന്നത് പതിവാക്കിയ ആളാണേ്രത ഇയാള്‍. സമാന തട്ടിപ്പുകള്‍ ചെയ്ത് ജയിലിലും പോയിട്ടുണ്ട്. അരുണിന്റെ പോസ്റ്റ് വായിച്ച് പണം നല്‍കിയവരും നന്മ വിചാരിച്ച് ചെയ്ത ഒരു കാര്യത്തില്‍ അരുണും ഒരു പോലെ പറ്റിക്കപ്പെടുകയായിരുന്നു.

വിമർശനവും പിന്തുണയും

അരുണിനെ പിന്തുണച്ചും എതിര്‍ത്തും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ അരുണ്‍ ചെയ്തത് നിരുത്തരവാദപരമായ പ്രവൃത്തിയാണെന്ന് ചിലര്‍ കുറ്റപ്പെടുത്തുന്നു. അതേസമയം നന്മ മാത്രം വിചാരിച്ച ചെയ്ത പറ്റിക്കപ്പെട്ട് അരുണിന് പിന്തുണയും ഒരു വിഭാഗം നല്‍കുന്നു.

English summary
Man earned money by cheating journalist
Please Wait while comments are loading...