പിറന്നാള്‍ ആഘോഷത്തിന് ക്ഷണിയ്ക്കാതെ എത്തിയ അനിയനെ ചേട്ടന്‍ കുത്തി കൊന്നു, സംഭവം കൊല്ലത്ത്
കൊല്ലം: ജ്യേഷ്ഠന്റെ കുട്ടിയുടെ ജന്മദിനാഘോഷത്തിന് സമ്മാനവുമായി എത്തിയ അനുജന്‍ കുത്തേറ്റ് മരിച്ചു. കൊല്ലം അഞ്ചാലുമൂട് ഞാറയ്ക്കല്‍ എലുമല പണ്ടകശാലയില്‍ മോഹനന്റെ മകന്‍ ഷൈജു (30) ആണ് മരിച്ചത്. സഹോദരന്‍ ബൈജുവിനെ (35) പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ബൈജുവിന്റെ കുട്ടിയുടെ രണ്ടാം പിറന്നാള്‍ ആഘോഷത്തിന് ഷൈജുവിനെ ക്ഷണിച്ചില്ലായിരുന്നു. പ്രത്യേകം വീട് വച്ച് മാറി താമസിയ്ക്കുന്ന ചേട്ടന്റെ വീട്ടിലേയ്ക്ക് ഷൈജു എത്തുകയും കുട്ടിയ്ക്ക് പിറന്നാള്‍ സമ്മാനമായി വസ്ത്രങ്ങള്‍ നല്‍കുകയും ശേഷം തിരികെ കുടുംബ വീട്ടിലേയ്ക്ക് പോവുകയും ചെയ്തു.

പിണങ്ങിപ്പോയ അനിയനെ അനുനയിപ്പിയ്ക്കാന്‍ ചേട്ടന്‍ ഇവരുടെ കുടുംബവീട്ടിലേയ്ക്ക് ചെന്നു. ഭക്ഷണം കഴിയ്ക്കാന്‍ അനുജനെ കൂട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചു. ഇരുവരും മദ്യലഹരിയിലായിരുന്നു. രണ്ട് പേരുടേയും സംസാരം വാക്കേറ്റത്തിലേയ്ക്ക് വഴിമാറി.
രക്ഷിതാക്കള്‍ ഇടപെട്ട് വഴക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതിനിടെ ഷൈജുവിന്റെ കഴുത്തില്‍ ഇരുമ്പ് കമ്പി കൊണ്ടുള്ള കുത്തേറ്റു. വഴിമദ്ധ്യേ ഷൈജു മരിച്ചു. ബൈജു തന്നെയാണ് ഷൈജുവിനെ ആശുപ്രതിയില്‍ കൊണ്ടുപോയത്. കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്ത ബൈജുവിനെ അഞ്ചാലുംമൂട് പൊലീസിന് കൈമാറി. ഇരുവരും കെട്ടിട നിര്‍മ്മാണ തൊഴിലാളികളാണ്. ഷൈദു അവിവാഹിതനാണ്.












Click it and Unblock the Notifications