'പാലാ' പോരിൽ മാണി സി കാപ്പൻ വിയർക്കും.. കളി തുടങ്ങി ജോസ്.. വിട്ടുകൊടുക്കില്ലെന്ന് കാപ്പൻ
കോട്ടയം; കേരള കോൺഗ്രസിന്റെ തട്ടകമായ കോട്ടയത്ത്,പ്രത്യേകിച്ച് പാലയിൽ ഇത്തവണ ജോസിന്റെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസിന് അഭിമാനപ്പോരാട്ടമായിരുന്നു. പാലായിൽ വീണാൽ എൽഡിഎഫിൽ വിലപേശൽ ശക്തി നഷ്ടപ്പെടും, പാർട്ടിയുടെ നിലനിൽപ്പ് തന്നെ അപകടത്തിലാകുമെന്ന് ജോസിന് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ പാലാ പിടിക്കാൻ അരയും തലയും മുറുക്കിയാണ് ജോസും കൂട്ടരും ഇറങ്ങിയത്.
വീറും വാശിയും നിറഞ്ഞ പോരാട്ടത്തിൽ ജോസ് പാലായിൽ സർവ്വാധിപത്യം ഉറപ്പിച്ചു. ജോസിന്റെ ചിറകിലേറി നഗരസഭയിൽ എൽഡിഎഫ് ഭരണം ഉറപ്പാക്കി. ഇനി കേരള കോൺഗ്രസിന്റെ ലക്ഷ്യം നിയമസഭ തിരഞ്ഞെടുപ്പാണ്, പാലാ നിയമസഭ പിടിക്കാനുള്ള തന്ത്രങ്ങൾക്ക് ജോസ് തുടക്കം കുറിച്ച് കഴിഞ്ഞു.. വിശദാംശങ്ങളിലേക്ക്

കോട്ടയം ജില്ലയിൽ
അട്ടിമറി വിജയമായിരുന്നു ഇക്കുറി മധ്യകേരളത്തിൽ എൽഡിഎഫ് നേടിയത്. പ്രത്യേകിച്ച് കോട്ടയം ജില്ലയിൽ. കേരള കോൺഗ്രസ് എം ഇടതു മുന്നണിയിൽ എത്തിയതോടെ വീറും വാശിയും നിറഞ്ഞ പോരാട്ടത്തിനായിരുന്നു ജില്ല സാക്ഷ്യം വഹിച്ചത്. ജോസിന്റെ മുന്നണി മാറ്റം പിഴച്ചില്ലെന്ന് വരുത്താൻ തദ്ദേശ തിരഞ്ഞെടുപ്പ് വിജയം ജോസിനും എൽഡിഎഫിനും അനിവാര്യമായിരുന്നു.

എൽഡിഎഫ് മുന്നേറി
മുന്നണിയുടെ പ്രതീക്ഷകൾ തകർന്നില്ലെന്ന് മാത്രമല്ല,ജോസിലൂടെ കൂറ്റൻ വിജയം നേടാൻ എൽഡിഎഫിന് സാധിച്ചു. അഭിമാനപ്പോരാട്ടത്തിന് വഴിയൊരുങ്ങിയ ജില്ലാ പഞ്ചായത്ത് ഭരണം ഉൾപ്പെടെ എൽഡിഎഫ് പിടിച്ചു. ബ്ലോക്ക് പഞ്ചായത്തുകളിലും ഗ്രാമപഞ്ചായത്തുകളിലും എൽഡിഎഫ് മുന്നേറി.

പാലാ നഗരസഭയിൽ
പാലാ നഗരസഭയിലും അഭൂതപൂർവ്വമായ മുന്നേറ്റമായിരുന്നു ജോസിലൂടെ എൽഡിഎഫ് കാഴ്ചവെച്ചത്.26 വാർഡുള്ള നഗരസഭയിൽ മത്സരിച്ച 13 ൽ 11 സീറ്റിലും കേരള കോൺഗ്രസ് (എം) വിജയിച്ചു.അതേസമയം ജോസഫ് വിഭാഗത്തിന് വെറും മൂന്ന് സീറ്റിൽ മാത്രമാണ് വിജയിക്കാനായത്. നഗരസഭയിൽ ജോസ് ശക്തി തെളിയിച്ചതോടെ ഇനി അടുത്ത ലക്ഷ്യം പാലാ നിയമസഭയാണ്.

വിട്ട് വീഴ്ചയ്ക്കില്ല
തദ്ദേശ തിരഞ്ഞെടുപ്പിൽ മുന്നേറ്റം ഉയർത്തിപിടിച്ച് മുന്നണിയിൽ കൂടുതൽ സീറ്റുകൾ നിയമസഭ തിരഞ്ഞെടുപ്പിൽ ആവശ്യപ്പെടാണ് ജോസ് പക്ഷം ഒരുങ്ങുന്നത്.പാലായും സിപിഐയുടെ സീറ്റായ കാഞ്ഞിരപ്പള്ളിയുമാണ് ജോസിന്റേയും കൂട്ടരുടേയും ലക്ഷ്യം. പാലാ സീറ്റ് കിട്ടാതെ ഒരു വിട്ട് വീഴ്ചയ്ക്ക് ഇനി ജോസ് പക്ഷം തയ്യാറാകില്ല.

വിട്ട് നൽകില്ലെന്ന്
പാലായിൽ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ച് തന്റെ രാഷ്ട്രീയ ഭാവി ഉറപ്പിക്കാനാണ് ജോസിന്റെ നീക്കം.
പാലായിൽ വിജയിച്ചാൽ തുടർഭരണം ലഭിക്കുകയാണെങ്കിൽ മന്ത്രിസ്ഥാനവും ജോസ് കണക്ക് കൂട്ടുന്നുണ്ട്. എന്നാൽ പാലായില്‍ തര്‍ക്കം കനപ്പിക്കുകയാണ് മാണി സി കാപ്പനും എന്‍സിപിയും

തുടക്കം മുതൽ തന്നെ
ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് എമ്മിന്റെ എൽഡിഎഫ് പ്രവേശനത്തിന് ആദ്യം ഉടക്കിട്ടത് എൻസിപിയായിരുന്നു. ജോസ് എത്തിയാൽ പാലായിൽ ഉൾപ്പെടെ പല നീക്കുപോക്കുകൾക്കും എൻസിപി വഴങ്ങേണ്ടി വരുമെന്ന ഭീതിയായിരുന്നു ഇതിന് കാരണം. അതേസമയം ജോസ് എത്തുന്നതിന് മുൻപ് ചില ഉറപ്പുകൾ സിപിഎം എൻസിപിക്ക് നൽകിയിരുന്നുവെന്നതിനാൽ പാർട്ടി തത്കാലം അടങ്ങി.

പാലാ നിയമസഭ
എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റ് വിഭജനത്തിൽ കനത്ത നഷ്ടം നേരിട്ടതോടെ എൻസിപിക്ക് നൽകിയ ഉറപ്പുകളെല്ലാം സിപിഎം സൗകര്യപൂർവ്വം മറന്നുവെന്ന വിമർശനമാണ് പാർട്ടി ഉയർത്തിയത്. മാണി സി കാപ്പൻ തന്നെ നേതൃത്വത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തി രംഗത്തെത്തുകയും ചെയ്തിരുന്നു.

വിട്ടുവീഴ്ചയ്ക്ക്
അതേസമയം ജോസും കൂട്ടരും ശക്തി തെളിയിച്ച സാഹചര്യത്തിൽ കൂടുതൽ വിട്ടു വീഴ്ചകൾക്ക് എൻസിപി വഴങ്ങേണ്ടി വരുമെന്ന കാര്യത്തിൽ തർക്കമില്ല.പ്രത്യേകിച്ച് പാലായിൽ.എന്നാൽ എന്തൊക്കെ സംഭവിച്ചാലും പാലാ വിട്ട് കൊടുക്കില്ലെന്ന് ആവർത്തിക്കുകയാണ് എൻസിപി.

മുന്നണിയുടെ വിജയം
തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടായത് മുന്നണിയുടെ വിജയമാണ്. അല്ലാതെ ഏതെങ്കിലും പാര്‍ട്ടിയുടേതല്ല.നിയമസഭ തിരഞ്ഞെടുപ്പിൽ കിട്ടിയ മുന്നേറ്റം തദ്ദേശ തിരഞ്ഞെടുപ്പിൽ പാലായിൽ ഉണ്ടാക്കാനായിട്ടില്ലെന്നും കാപ്പൻ പറഞ്ഞു.

മത്സരിക്കുമെന്ന്
തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അത്ര വോട്ട് കിട്ടിയിട്ടില്ല. സൂചനകള്‍ ജോസിന് അനുകൂലമല്ല. ഏത് സാഹചര്യത്തിലും പാലാ വിട്ട് കൊടുക്കില്ലെന്നും മാണി സി കാപ്പൻ പറഞ്ഞു. പാലായിൽ താന്‍ മത്സരിക്കുമെന്നും കാപ്പൻ പ്രഖ്യാപിച്ചു. അതേസമയം കാപ്പൻ കടുംപിടിത്തം തുടർന്നാൽ എൻസിപിയെ തഴയാൻ തന്നെയാകും എൽഡിഎഫിന്റെ തിരുമാനം. എൻസിപി മുന്നണി വിട്ടാൽ നിലവിൽ അത് നഷ്ടമായേക്കില്ലെന്നാണ് എൽഡിഎഫിന്റെ കണക്ക് കൂട്ടൽ.
'ആ കളിയിൽ കോൺഗ്രസ് റോൾ എന്താകും?;കേരളം കാതോർത്തിരിക്കുന്ന ചോദ്യം'; കോൺഗ്രസിനെ കുരുക്കി ഐസക്
ഇത് രാഷ്ട്രീയ അഭാസം, മതാശ്ലീലങ്ങളെ രാഷ്ട്രീയമായി എതിര്‍ക്കണം, ബിജെപിക്കെതിരെ സി രവിചന്ദ്രന്‍