പ്രതീക്ഷയോടെ മഞ്ചേരി മെഡിക്കല്‍ കോളേജ്, എംസിഐ സംഘത്തിന്റെ അവസാനഘട്ട പരിശോധന പൂര്‍ത്തിയായി
മലപ്പുറം: മഞ്ചേരി ഗവ.മെഡിക്കല്‍ കോളജിന്റെ അംഗീകാരത്തിന് നിര്‍ണായകമാകുന്ന അവസാനഘട്ട പരിശോധന എം സി ഐ സംഘം പൂര്‍ത്തീകരിച്ച്. പരിശോധന പൂര്‍ത്തിയാക്കിയ മൂന്നംഗ സംഘം ഇന്നലെ വൈകീട്ട് അഞ്ചു മണിയോടെ മടങ്ങി. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗങ്ങളായ ഡോജി വി പ്രകാശ് (ബംഗലൂരു) , പ്രൊഫ ബി വൈ യുവരാജ് (ഹൈദ്രാബാദ്), പ്രൊഫ. എം പി സുധാന്‍ഷൂ (പാറ്റ്‌ന) എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
മഞ്ചേരി മെഡിക്കല്‍ കോളേജിനെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണ്ണായകമാണ് ഇത്തവണത്തെ പരിശോധന. മെഡിക്കല്‍ കോളേജിന്റെ പ്രഥമ ബാച്ച് അദ്ധ്യയനം കഴിഞ്ഞ് ആദ്യമായി പുറത്തിറങ്ങുന്നു. ഈ പരിശോധന കൂടി വിജയകരമാകുന്നതോടെ മഞ്ചേരി മെഡിക്കല്‍ കോളേജിന് എം സി ഐ അംഗീകാരം എന്ന കടമ്പ പൂര്‍ത്തിയാകും.

പരിശോധനക്കു ശേഷം മടങ്ങുന്ന എം സി ഐ സംഘത്തെ മഞ്ചേരി മെഡിക്കല്‍ കോളേജ് അധികൃതരും യാത്രയയക്കുന്നു
ഇന്നലെ മടങ്ങിയ സംഘം ഏറെക്കുറെ സംതൃപതരെന്ന് അറിയുന്നു. ചില വിഭാഗങ്ങളില്‍ സൗകര്യങ്ങളുടെ അപര്യാപ്തത കണ്ടെത്തിയെങ്കിലും ഇത് സര്‍ക്കാര്‍ ഇടപെട്ട് തീര്‍ക്കേണ്ട പ്രശ്‌നങ്ങളാണ്. വാര്‍ഡുകളിലും ഒ പി കളിലും അനുഭവപ്പെടുന്ന സ്ഥല പരിമിതിയാണ് മുഖ്യ പ്രശ്‌നം. പൊതുവെ തിരക്ക് കൂടുതലുണ്ടാകുന്ന ആഴ്ചയുടെ ആദ്യ ദിവസങ്ങളില്‍ എം സി ഐ പരിശോധന നടന്നത് രോഗികളുടെ ആധിക്യം ശ്രദ്ധയില്‍പ്പെടാനിടയായി. ഒ പികളില്‍ കാലുകുത്താനിടമില്ലാത്ത അവസ്ഥയായിരുന്നു. എന്നാല്‍ സ്ഥലപരിമിതിയെന്ന പ്രശ്‌നത്തിന് പരിഹാരമായി ഡി എം ഇ ഫണ്ടില്‍ നിന്ന് 103 കോടി രൂപ അനുവദിച്ചതായും ഇതിന്റെ ഭരണാനുമതിയും സാങ്കേതികാനുമതിലും ലഭിച്ചതായും കോളേജ് അധികൃതര്‍ പരിശോധക സംഘത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ഈ മാസം 28ന് ടെന്റര്‍ തുറക്കും.
ഇതോടെ മെഡിക്കല്‍ കോളേജിന്റെ 24 ഏക്കര്‍ സ്ഥലത്ത് പുതിയ കെട്ടിടം പ്രവൃത്തിയാരംഭിക്കും. പുതിയ ഒ പി ബ്ലോക് നിര്‍മ്മാണത്തിന്റെ മണ്ണ് പരിശോധന പൂര്‍ത്തിയായി. നഴ്‌സുമാരുടെ പഴയ ക്വാര്‍ട്ടേഴ്‌സ് ഉടന്‍ പൊളിച്ചു നീക്കുമെന്നും തല്‍സ്ഥാനത്ത് പുതിയ റസിഡന്‍സ് ക്വാര്‍ട്ടേഴ്‌സ് നിര്‍മ്മിക്കും. ഇക്കാര്യങ്ങള്‍ പരിശോധിച്ച എം സി ഐ സംഘം സംതൃപ്തരാണെന്നും അനുകൂലമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് പ്രത്യാശിക്കുന്നതായും പ്രിന്‍സിപ്പല്‍ എം പി ശശി പറഞ്ഞു.












Click it and Unblock the Notifications