ദിലീപിനെതിരെ മഞ്ജുവിന്റെ നിര്‍ണായക മൊഴി, 'കാവ്യയുമായുളള ബന്ധം അറിഞ്ഞത് ഇങ്ങനെ, നടിയെ സംശയിച്ചു'
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ ദിലീപിനെതിരെ മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യര്‍ നല്‍കിയ മൊഴിയുടെ വിവരങ്ങള്‍ പുറത്ത്. കേസില്‍ വിചാരണക്കോടതി നാളെ വിധി പറയാനിരിക്കെയാണ് മഞ്ജു വാര്യര്‍ നല്‍കിയ മൊഴി പുറത്ത് വന്നിരിക്കുന്നത്. റിപ്പോര്‍ട്ടര്‍ ടിവിയാണ് മൊഴിയിലെ വിശദാംശങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്.
കുടുംബം തകര്‍ത്തതിലുളള വ്യക്തി വൈരാഗ്യം തീര്‍ക്കുന്നതിന് വേണ്ടി ദിലീപ് കൊട്ടേഷന്‍ നല്‍കിയാണ് നടിയെ ആക്രമിച്ചത് എന്നാണ് പ്രോസിക്യൂഷന്‍ കേസ്. ഈ വാദത്തെ സാധൂകരിക്കുന്ന തരത്തിലുളള മൊഴിയാണ് മഞ്ജു വാര്യര്‍ നല്‍കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടര്‍ ടിവി പുറത്ത് വിട്ട വാര്‍ത്തയില്‍ വ്യക്തമാകുന്നത്.
വിവാഹിതനായിരിക്കെ കാവ്യാ മാധവനുമായി ദിലീപിന് ഉണ്ടായിരുന്ന ബന്ധത്തെ കുറിച്ച് മഞ്ജു വാര്യരോട് ആദ്യം പറഞ്ഞത് കാവ്യയുടെ അമ്മ ആണെന്ന് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി വെളിപ്പെടുത്തിയിരുന്നു. ദിലീപിന്റെ ഫോണില്‍ നിന്ന് ഈ ബന്ധത്തിന്റെ വിവരങ്ങള്‍ തനിക്ക് ലഭിച്ചുവെന്ന് മഞ്ജു വാര്യര്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.

എന്നാല്‍ അതിജീവിത പറഞ്ഞിട്ടാണ് ഇക്കാര്യങ്ങള്‍ മഞ്ജു അറിഞ്ഞത് എന്നാണ് ദിലീപ് സംശയിച്ചിരുന്നത്. ദിലീപിന്റെ സംസാരത്തില്‍ നിന്നും പെരുമാറ്റത്തില്‍ നിന്നും അക്കാര്യം തനിക്ക് മനസ്സിലായി എന്നും മഞ്ജുവിന്റെ മൊഴിയില്‍ പറയുന്നു. ദിലീപ് ഇടപെട്ട് തന്നെ ഒരു സിനിമയില്‍ നിന്ന് ഒഴിവാക്കിയെന്ന് ആക്രമിക്കപ്പെട്ട നടി മുന്‍പ് തന്നോട് പറഞ്ഞിരുന്നുവെന്നും മഞ്ജുവിന്റെ മൊഴിയുണ്ട്.
ദീലിപിന് ആക്രമിക്കപ്പെട്ട നടിയോട് മുന്‍വൈരാഗ്യമുണ്ടായിരുന്നു എന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് മഞ്ജു വാര്യരുടെ ഈ മൊഴി നിര്‍ണായകമാണ്. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചന ഉണ്ടെന്ന് ആദ്യം പറഞ്ഞ വ്യക്തി കൂടിയാണ് മഞ്ജു വാര്യര്‍. ഫെബ്രുവരി 19ന് സിനിമാക്കാരുടെ പ്രതിഷേധ കൂട്ടായ്മ കൊച്ചിയില്‍ വെച്ച് നടന്നപ്പോഴായിരുന്നു മഞ്ജു വാര്യര്‍ ഈ ആരോപണം ഉന്നയിച്ചത്.
എന്നാല്‍ അതിജീവിതയോട് തനിക്ക് വൈരാഗ്യമില്ലെന്നാണ് ദിലീപിന്റെ വാദം. തന്നെ തകര്‍ക്കാന്‍ ഗൂഢാലോചന നടത്തി കേസില്‍പ്പെടുത്തിയെന്നും ദീലിപ് ആരോപിക്കുന്നു. ദിലീപിന് അനുകൂലമായി നിരവധി പേര്‍ വിചാരണയ്ക്കിടെ മൊഴി മാറ്റിയിരുന്നു. നടിയും ദിലീപും തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നു എന്ന് പോലീസിന് മൊഴി നല്‍കി സിദ്ദിഖ്, ബിന്ദു പണിക്കര്‍, ഭാമ അടക്കമുളളവരാണ് വിചാരണഘട്ടത്തില്‍ തങ്ങള്‍ക്ക് അറിയില്ല എന്ന നിലപാട് സ്വീകരിച്ചത്. അതേസമയം മുകേഷ്, കുഞ്ചാക്കോ ബോബൻ, മഞ്ജു വാര്യർ അടക്കമുളളവർ മൊഴിയിൽ ഉറച്ച് നിന്നു.












Click it and Unblock the Notifications