'മഞ്ജു വാര്യരുടെ ഒരു വാക്കിൽ നിന്നാണ് ഇത് ഉണ്ടാകുന്നത്, ഡബ്ല്യുസിസിക്ക് ആവേശം ഫേസ്ബുക്കിൽ മാത്രം';ഭാഗ്യലക്ഷ്മി
സ്ത്രീകൾ ദുരനുഭവം ഉണ്ടാകുമ്പോൾ തന്നെ പ്രതികരിക്കാതെ വർഷങ്ങൾ കഴിഞ്ഞല്ല പ്രതികരിക്കേണ്ടതെന്ന് പറഞ്ഞതിന്റെ പേരിൽ തന്നെ സ്ത്രീ വിരുദ്ധയാക്കിയാൽ അത് സഹിക്കാൻ തയ്യാറാണെന്ന് നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. ഡബ്ല്യുസിസി വന്നപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ച വ്യക്തിയാണ് താൻ . എന്നാൽ ഫേസ്ബുക്കിൽ എഴുതുന്നതിന് അപ്പുറത്തൊരു പ്രവർത്തനം സംഘടനയ്ക്ക് ഇല്ലെന്നും അവർ വിമർശിച്ചു. സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം.
'ചരിത്രത്തിലും പുരാണത്തിലുമെല്ലാം പോരാടിയ സ്ത്രീകൾ നിരവധിയാണ്. ഈ കാലത്തും ഭയമാണെന്ന് പറഞ്ഞ് നിൽക്കുകയാണ്.നമ്മളെ രക്ഷിക്കാൻ ആര് വരുമെന്നാണ്. ഇന്നും അവനവനെ രക്ഷിക്കാൻ നമ്മളെ ഉള്ളൂ. അനുഭവിക്കുന്നത് പെണ്ണാണ്. ട്രോമയിൽ നിന്ന് പുറത്ത് കടക്കണം. അത് സ്വയം ശ്രമിക്കണം. ഏതൊരു തൊഴിലിടത്തും പെണ്മിന് ഒരു പ്രശ്നം വരുമ്പോൾ പെണ്ണുങ്ങൾ ഒപ്പം നിൽക്കുന്നില്ല. നയങ്ങളിൽ മാറ്റം വരണമെങ്കിൽ നമ്മൾ തന്നെ ശ്രമിക്കണം. എനിക്ക് ഇഷ്ടപ്പെട്ട ജോലി ചെയ്യുന്നിടത്ത് ബുദ്ധിമുട്ട് ഉണ്ടായാൽ വളരെ ധൈര്യപൂർവ്വം ഡൂൽ ചെയ്യാൻ പറ്റും പറ്റണം എന്നേ ഞാൻ പറയുന്നുള്ളൂ.

നടി ആക്രമിക്കപ്പെട്ട ശേഷം മഞ്ജു വാര്യരുടെ ഒരു വാക്കിൽ നിന്നാണ് ഇത് ഉണ്ടാകുന്നത്. അതല്ലാതെ ഡബ്ല്യുസിസിയല്ല ഈ മാറ്റം കൊണ്ടുവന്നത്. ഡബ്ല്യുസിസി മുഴുവൻ സിനിമ മേഖലയേയും ശത്രുപക്ഷത്താണ് നിർത്തിവെച്ചിരിക്കുന്നത്. അങ്ങനെയല്ല ഇത് കൊണ്ടുപോകേണ്ടത്. ഒരുപാട് നല്ല സിനിമകളും സവിധായകരും നിർമ്മാതാക്കളുമെല്ലാം കാലാകാലങ്ങളായി ചരിത്രം സൃഷ്ടിച്ചൊരു മേഖലയാണിത്. ആ മേഖലയിൽ കാലാകാലങ്ങളായി ചില ശീലങ്ങളും കീഴ്വഴക്കങ്ങളും ഉണ്ടായിട്ടുണ്ട്. ഇവിടെ ഈ പറയുന്ന പ്രശ്നങ്ങൾ ഉണ്ട്. പല വൃത്തികെട്ട ആളുകളും ഇതിനുള്ളിൽ ഉണ്ട്. പക്ഷെ അവർ എന്താണ് ഉദ്ദേശിക്കുന്നത് ആ മുഴുവൻ ആളുകളേയും മാറ്റി നിർത്തി ഞങ്ങൾ ഇതെടുത്ത് ഭരച്ചോളാമെന്നോ.
അങ്ങനെ ആരേയും ആർക്കും ശത്രുപക്ഷത്ത് നിർത്താൻ പറ്റില്ല. ഇവിടെ സ്ത്രീകളും വേണം പുരുഷൻമാരും വേണം. അതിനിടയിൽ ചില പുഴുക്കുത്തുകൾ ഉണ്ടാകും. അതിനെ തിരഞ്ഞെടുത്ത് വെളിയിൽ കളയാനുള്ള ശ്രമം ഉണ്ടാകണം. അതിന് എന്താണ് വേണ്ടത്, എല്ലാ സംഘടനകളേയും വിളിച്ചിരുത്തി വരുത്തി ഒരു യോഗം ചേരണം. സ്റ്റാർഡം കൊണ്ടുവന്നത് സംഘടനകൾ അല്ല. ഫാൻസും തീയറ്റേഴ്സുമാണ്. ഇന്നയാളുടെ സിനിമ ഞങ്ങൾ എടുത്ത് കൊള്ളാം എന്ന് പറയും. ഇവിടെ അങ്ങനെയൊരു മാർക്കറ്റ് വാല്യു സ്ത്രീകൾക്ക് ഇല്ല. ഇതൊക്കെ സൗഹൃദപരമായി ഗൗരവത്തോടെ ചർച്ച ചെയ്യണം.
ഡബ്ല്യുസിസി പറഞ്ഞത് മുഖ്യമന്ത്രിയെ കാണാൻ പോകുന്നതിന് മുൻപ് ഞങ്ങൾ എല്ലാ സംഘടനകൾക്കും കത്തയച്ചുവെന്നാണ്. എന്നാൽ ഞാൻ എല്ലാ സംഘടനകളോടും ചോദിച്ചു. ഒരു മെയിലോ കത്തോ എങ്കിലും അവരോട് കാണിക്കാൻ പറയൂവെന്നാണ് എല്ലാവരും പറഞ്ഞത്. ഔദ്യോഗികമായി വേണമല്ലോ ക്ഷണിക്കാൻ, വെറുതെ വിളിച്ച് പറയാൻ ആകില്ലല്ലോ.
ആ കൂട്ടായ്മ വന്നപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചയാളാണ് ഞാൻ. സ്ത്രീകൾക്ക് അവരുടെ പ്രശ്നങ്ങൾ പോയി പറയാൻ ഒരു സ്ഥലം ആയല്ലോയെന്നാണ് ഞാൻ ചിന്തിച്ചത്. എന്നാൽ ഫേസ്ബുക്കിൽ അവർ പറയുന്ന ആവേശം പ്രവൃത്തിയിൽ ഇല്ല. ഡബ്ല്യുസിസി എന്താണ് ചെയ്തത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരരുതെന്ന് അവരുടെ സംഘടനയിൽ ഉള്ളവർ തന്നെ പറയുന്നു. റിപ്പോർട്ടിൽ ഉള്ളവർക്കെതിരെ നിയമനടപടി വേണ്ടെന്ന്. അവർക്കിടയിൽ തന്നെ ക്ലാരിറ്റിയില്ലെന്നാണ്', ഭാഗ്യലക്ഷ്മി പറഞ്ഞു.












Click it and Unblock the Notifications