മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ നിര്യാണം: സംസ്ഥാനത്ത് ഒരാഴ്ച ഔദ്യോഗിക ദുഃഖാചരണം
തിരുവനന്തപുരം: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ നിര്യാണത്തെ തുടർന്ന് സംസ്ഥാനത്ത് ഒരാഴ്ച ഔദ്യോഗിക ദുഃഖാചരണം. ഡിസംബർ 26 മുതൽ ജനുവരി 1 വരെയാണ് ഔദ്യോഗിക ദുഃഖാചരണം. രാജ്യത്താകെ ദുഃഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ഔദ്യോഗിക ദുഃഖാചരണം നിലനിൽക്കുന്ന കാലയളവിൽ സംസ്ഥാന സർക്കാറിന്റെ എല്ലാ ഓദ്യോഗിക പരിപാടികളും റദ്ദാക്കിയതായി പൊതുഭരണ വകുപ്പ് ഉത്തരവിലൂടെ അറിയിച്ചു.
സംസ്ഥാനത്ത് സ്ഥിരമായി ദേശീയ പതാക സ്ഥാപിച്ചിട്ടുള്ള ഇടങ്ങളിൽ പതാക പകുതി താഴത്തിക്കെട്ടുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുന്നതിന് ജില്ലാ കളക്ടർമാർക്ക് ഉത്തരവിലൂടെ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. അതേ സമയം, മൻമോഹൻ സിങ്ങിന്റെ സംസ്കാരചടങ്ങുകൾ ഇന്ന് രാവിലെ 11.45 ന് നിഗം ബോധ്ഘട്ടിൽ നടക്കും.

എ ഐ സി സിയിൽ പൊതുദർശനത്തിന് ശേഷം വിലാപയാത്രയായിട്ടാരിക്കും മൃതദേഹം നിഗം ബോധ്ഘട്ടിലേക്ക് കൊണ്ടുപോകുക. പൂർണ സൈനിക ബഹുമതിയോടെ സംസ്കാര ചടങ്ങുകൾ നടക്കും. വ്യാഴാഴ്ചയായിരുന്നു മൻമോഹൻ സിങ് അന്തരിച്ചത്. മൻമോഹൻ സിങ്ങിന്റെ സ്മാരകത്തിനായി സർക്കാർ സ്ഥലം അനുവദിക്കുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗയെയും അറിയിച്ചിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചിച്ചു.
കോൺഗ്രസ് അധ്യക്ഷൻ ഖാർഗെയിൽ നിന്ന് മൻമോഹൻ സിങ്ങിന്റെ സ്മാരകത്തിനായി സ്ഥലം അനുവദിക്കാൻ അഭ്യർത്ഥന ലഭിച്ചതായി മന്ത്രാലയം അറിയിച്ചു. ക്യാബിനന്റ് യോഗത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഖാർഗെയെയും മൻമോഹൻ സിങ്ങിന്റെ കുടുംബത്തെയും സ്മാരകത്തിനായി സ്ഥലം അനുവദിക്കുമെന്ന് അറിയിച്ചു.












Click it and Unblock the Notifications