മണ്ണാറശാല അമ്മ ഉമാദേവി അന്തര്‍ജനം അന്തരിച്ചു
ആലപ്പുഴ: മണ്ണാറശാല അമ്മ ഉമാദേവി അന്തര്‍ജനം അന്തരിച്ചു. 93 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ അലട്ടിയിരുന്നു. 1995 മാര്‍ച്ച് 22ന് മുതല്‍ ഉമാദേവി അന്തര്‍ജനമായിരുന്നു ക്ഷേത്രത്തില്‍ പൂജ തുടങ്ങിയത്. കോട്ടയം മാങ്ങാനം ചെമ്പകനല്ലൂര്‍ ഇല്ലത്ത് സുബ്രഹ്‌മണ്യന്‍ നമ്പൂതിരിയുടെയും രുക്മിണി ദേവി അന്തര്‍ജനത്തിന്റെയും മകളാണ്. കൊല്ലവര്‍ഷം 1105 കുംഭത്തിലെ മൂലം നാളിലാണ് ജനനം.1949 ല്‍ മണ്ണാറശാല ഇല്ലത്തെ എം ജി.നാരായണന്‍ നമ്പൂതിരിയുടെ വേളിയായതോടെ മണ്ണാറശാല കുടുംബാംഗമായി. 1993 ഒക്ടോബര്‍ 24 ന് വലിയമ്മയായിരുന്ന സാവിത്രി അന്തര്‍ജനം അന്തരിച്ചതോടെയാണ് ഉമാദേവി അന്തര്‍ജനം അമ്മയായി ചുമതലയേല്‍ക്കുന്നത്. ഭര്‍ത്താവ് നാരായണന്‍ നമ്പൂതിരിയുടെ വേര്‍പാടോടെ ഏകമകളായ വത്സലാ ദേവിയടൊപ്പം കഴിയുകയായിരുന്നു. ഇക്കാലയളവിലാണ് സാവിത്രി അന്തര്‍ജനത്തിന്റെ സഹായിയായി മാറിയത്.

മൂപ്പുമുറ അനുസരിച്ചാണ് സാവിത്രി അന്തര്‍ജനത്തിന്റെ നിര്യാണത്തോടെ ഉമാദേവി അന്തര്‍ജനം അമ്മയാകുന്നത്. സ്ഥാനാരോഹണം കഴിഞ്ഞ് ഒരു വര്‍ഷത്തിലേറെ കഴിഞ്ഞാണ് പൂജ നടത്തിയത്. മന്ത്രങ്ങളും പൂജാവിധികളും ഹൃദിസ്ഥമാക്കാനായിരുന്നു ഒരു വര്‍ഷത്തെ കാലയളവെടുത്തത്. മണ്ണാറശ്ശാല ഇല്ലത്തെ കാരണവരായിരുന്ന സുബ്രഹ്‌മണ്യന്‍ നമ്പൂതിരിയായിരുന്നു പൂജിവിധികള്‍ അഭ്യസിപ്പിച്ചത്.
സ്ത്രീകള്‍ പൂജാരിണിയായ ലോകത്തിലെ ഏക നാഗക്ഷേത്രമാണ് മണ്ണാറശാലയിലേത്. ക്ഷേത്രത്തിലെ പ്രധാന പൂജകളെല്ലാം പൂജാരിണിയായി എത്തുന്ന അമ്മയാണ് നടത്തുന്നത്. ഇല്ലത്തേക്ക് വിവാഹം കഴിച്ചെത്തുന്ന ഏറ്റവും മുതിര്‍ന്ന അംഗമാണ് മണ്ണാറശാല അമ്മയാകുന്നത്. ഹരിപ്പാട് കാര്‍ത്തികപള്ളി താലൂക്കിലെ ഡാണാപ്പടിയിലെ കാവിന്റെ നടുവിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
മണ്ണാറശ്ശാല ക്ഷേത്രത്തിലേക്കുള്ള നടപ്പാതയില്‍ ഉടനീളം 30000ത്തോളം നാഗ പ്രതിമകളുണ്ട്. കുട്ടികള്‍ ഉണ്ടാവാനായി സ്ത്രീകള്‍ ഇവിടെ വന്ന് വഴിപാടു കഴിക്കാറുണ്ട്. ക്ഷേത്രത്തില്‍ നിന്നു ലഭിക്കുന്ന പ്രത്യേകമായി നിര്‍മ്മിച്ച മഞ്ഞള്‍ കുഴമ്പ് രോഗസംഹാരിയാണെന്നാണ് ഹൈന്ദവ വിശ്വാസം. പരശുരാമന്‍ സര്‍പ്പപ്രതിഷ്ഠ നടത്തിയ കാവാണിത് എന്നാണ് ഐതിഹ്യം.
ഒരിക്കല്‍ ഖാണ്ഡവവനത്തില്‍ തീ പടര്‍ന്ന് കാവ് വരെ വ്യാപിച്ചു. അന്ന് ഇല്ലങ്ങളിലുണ്ടായിരുന്ന അമ്മമാരാണ് കുളങ്ങളില്‍ നിന്ന് വെള്ളം കോരി തീ കെടുത്തിയത്. എന്നാല്‍ തീയുടെ ആഘാതത്തില്‍ മണ്ണിന് വരെ ചൂടുപിടിച്ചു. മണ്ണ് ചൂടാറുന്നത് വരെ അമ്മമാര്‍ വെള്ളമൊഴിച്ചു. അങ്ങനെയാണ് ഈ സ്ഥലത്തിന് മണ്ണാറശ്ശാല എന്ന പേര് വന്നത് എന്നാണ് വിശ്വാസം.
ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ഒരു ആഘോഷമായ സര്‍പ്പം തുള്ളല്‍ 41 വര്‍ഷം കൂടൂമ്പോഴാണ് നടത്തുന്നത്. 1976 -ലാണ് അവസാനമായി സര്‍പ്പം തുള്ളല്‍ നടന്നത്. രണ്ടാഴ്ചയോളമുള്ള പൂജാകര്‍മങ്ങളും ആഘോഷങ്ങളുമാണ് ഇതിന്റെ ഭാഗമായി നടക്കുന്നത്.












Click it and Unblock the Notifications