തൃത്താലയില്‍ ആര്? എംബി രാജേഷിനേക്കാള്‍ നേരിയ മുന്‍തൂക്കം വിടി ബല്‍റാമിനെന്ന് മനോരമ ന്യൂസ് സര്‍വ്വേ
പാലക്കാട്: ഈ തിരഞ്ഞെടുപ്പില്‍ കേരളം കാത്തിരിക്കുന്ന പോരാട്ടമാണ് പാലക്കാട് ജില്ലയിലെ തൃത്താല മണ്ഡലത്തിലേത്. ഇവിടെ ആര് ജയിക്കും എന്നത് ഏറെ നിര്‍ണായകമാണ്. എംബി രാജേഷും വിടി ബൽറാമും തമ്മിൽ നേർക്കുനേർ പോരാട്ടമാണ് ഇത്തവണ.
മനോരമ ന്യൂസ് പ്രീ പോള്‍ സര്‍വ്വേ പ്രവചിക്കുന്നത് തൃത്താലയില്‍ കടുത്ത മത്സരമാണ്. എന്നാല്‍ നേരിയ ഭൂരിപക്ഷം യുഡിഎഫിനാണ് ഇവിടെ ഉള്ളത് എന്നും പറയുന്നു. എന്‍ഡിഎയും 15 ശതമാനത്തിലധികം വോട്ടുകള്‍ നേടുമെന്നാണ് സര്‍വ്വേയുടെ വിലയിരുത്തല്‍.

രാജേഷും ബൽറാമും
സിറ്റിങ് എംഎല്‍എ ആയ വിടി ബല്‍റാമിനെതിരെ മുന്‍ എംപി എംബി രാജേഷിനെ ആണ് സിപിഎം രംഗത്തിറക്കിയിരിക്കുന്നത്. എകെജി വിവാദത്തില്‍ വിടി ബല്‍റാമിനോട് കടുത്ത അമര്‍ഷമാണ് സിപിഎമ്മിനുള്ളത്. അതുകൊണ്ട് തന്നെ വിജയത്തിന് വേണ്ടിയുള്ള കഠിന ശ്രമത്തിലാണ് മണ്ഡലത്തില്‍ എല്‍ഡിഎഫ്.

മൂന്നാം വട്ടം
വിടി ബൽറാം തുടർച്ചയായി മൂന്നാം തവണയാണ് തൃത്താലയിൽ നിന്ന് ജനവിധി തേടുന്നത്. 2011 ൽ കന്നിയങ്കത്തിൽ സിപിഎമ്മിന്റെ മുതിർന്ന നേതാവ് പി മമ്മിക്കുട്ടിയെ ആയിരുന്നു പരാജയപ്പെടുത്തിയത്. 2016 ൽ സുബൈദ ഇസഹാഖിനെ വലിയ ഭൂരിപക്ഷത്തിൽ ആയിരുന്നു വിടി ബൽറാം തോൽപിച്ചത്.

പോരാട്ടം കനക്കും
എംബി രാജേഷിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെ എൽഡിഎഫ് ക്യാന്പ് ആവേശത്തിലാണ്. ഡിവൈഎഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ അടിത്തട്ടിൽ നിന്നുള്ള പ്രവർത്തനങ്ങൾ തന്നെ ശക്തമാക്കിയിട്ടുണ്ട്. അതുപോലെ തന്നെ മുതിർന്ന പ്രവർത്തകരും രാജേശിന് വേണ്ടി സജീവമായി പ്രചാരണ രംഗത്തുണ്ട്.

ജീവൻമരണ പോരാട്ടം
എകെജി വിവാദത്തിന് ശേഷം വിടി ബൽറാമിനെ തൃത്താലയിലെ സിപിഎം സമ്പൂർണമായി ബഹിഷ്കരിച്ചിരിക്കുകയാണ്. സിപിഎം ഭരിക്കുന്ന പഞ്ചായത്തുകളിലും ബൽറാമിന് ബഹിഷ്കരണമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ബൽറാമിനെ ഏത് വിധേനയും പരാജയപ്പെടുത്തുക എന്നതിൽ കുറഞ്ഞ ഒരു ലക്ഷ്യവും തൃത്താലയിലെ സിപിഎമ്മിനില്ല.

മറുപടി നൽകാൻ
എന്നാൽ സിപിഎമ്മിന്റെ ഈ ബഹിഷ്കരണ സമരത്തിന് കൂടി ജയത്തിലൂടെ മറുപടി നൽകുക എന്നതാണ് വിടി ബൽറാം ലക്ഷ്യമിടുന്നത്. കഴിഞ്ഞ തവണ ഭൂരിപക്ഷം വർദ്ധിപ്പിച്ച ആത്മവിശ്വാസവും വിടി ബൽറാമിനുണ്ട്. കോൺഗ്രസും യുഡിഎഫും ഇവിടെ ബൽറാമിന് പിറകിൽ ഒറ്റക്കെട്ടാണ് എന്നതും യുഡിഎഫ് ക്യാന്പിന് ആശ്വാസം നൽകുന്നതാണ്.

ബിജെപിയും നിർണായകം
കഴിഞ്ഞ ലോക്സഭ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപിയും തരക്കേടില്ലാത്ത പ്രകടനം കാഴ്ച വച്ചിട്ടുള്ള മണ്ഡലം ആണ് തൃത്താല. ഇത്തവണ തൊട്ടടുത്ത നാട്ടുകാരനായ ശങ്കു ടി ദാസ് ആണ് തൃത്താലയിലെ ബിജെപി സ്ഥാനാർത്ഥി. 15 ശതമാനത്തിലധികം വോട്ടുകളാണ് ഇവിടെ മനോരമ ന്യൂസ് ബിജെപിയ്ക്ക് പ്രവചിക്കുന്നത്.

സർവ്വേയിലും ഇഞ്ചോടിഞ്ച്
വിടി ബൽറാമിനാണ് മുൻതൂക്കമെങ്കിലും ഇഞ്ചോടിഞ്ച് മത്സരം നടക്കുന്ന മണ്ഡലം എന്ന് തന്നെയാണ് മനോരമ ന്യൂസ് പ്രീ പോൾ സർവ്വേ തൃത്താലയിലെ പോരാട്ടത്തെ വിശേഷിപ്പിക്കുന്നത്. പാലക്കാട് ജില്ലയിൽ ഇത്തവണ യുഡിഎഫ് മുന്നേറ്റമാണ് മനോരമ ന്യൂസ് പ്രീ പോൾ സർവ്വേ പ്രവചിക്കുന്നത്.
200 മില്യണ്‍ ഡോളർ കയ്യകലത്ത്; ഇന്ത്യയിലിരുന്ന് കളിക്കാം പവർബോൾ ജാക്ക്പോട്ട് - അറിയേണ്ടതെല്ലാം












Click it and Unblock the Notifications