മാർ ജോർജ് ജേക്കബ് കൂവക്കാട് കർദിനാളായി സ്ഥാനമേറ്റു; ഇന്ത്യയ്ക്ക് അഭിമാന നിമിഷമെന്ന് നരേന്ദ്ര മോദി
ന്യൂഡൽഹി: ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട് കത്തോലിക്ക സഭയുടെ കർദിനാളായി ചുമതലയേറ്റു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയിൽ നടന്ന ചടങ്ങുകൾക്ക് മാർപ്പാപ്പയാണ് നേതൃത്വം നൽകിയത്. മാർ ജേക്കബ് കൂവക്കാടിന് പുറമേ മറ്റ് 20 പേർ കൂടി കർദിനാൾമാരായി ചുമതലയേറ്റു. വൈദികനായിരിക്കെ നേരിട്ട് കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന ഇന്ത്യയില്‍ നിന്നുള്ള ആദ്യ പുരോഹിതനാണ് ജേക്കബ് കൂവക്കാട്.
സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയില്‍, ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ തോമസ് പാടിയത്ത്, മാര്‍ സ്‌റ്റീഫന്‍ ചിറപ്പണത്ത് തുടങ്ങി കേരളത്തില്‍ നിന്നുള്ള സഭാ പിതാക്കന്മാരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

അതേസമയം, മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാടിന്റെ കര്‍ദിനാള്‍ സ്ഥാനാരോഹണ ചടങ്ങ് ഇന്ത്യയ്ക്ക് അഭിമാന മുഹൂര്‍ത്തമാണെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ചടങ്ങിന് സാക്ഷ്യം വഹിക്കാൻ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവും വത്തിക്കാനിലെത്തി എന്നാണ് നരേന്ദ്ര മോദി അറിയിച്ചത്.
വത്തിക്കാനിൽ എത്തിയ ഇന്ത്യൻ സംഘം പോപ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായി കൂടിക്കാഴ്‌ച നടത്തിയെന്നും നരേന്ദ്ര മോദി തന്റെ എക്‌സ് പോസ്‌റ്റിൽ പറയുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കൊപ്പമുള്ള ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ജോർജ് കുര്യന് പുറമേ മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ളവരും ഈ ചിത്രത്തിലുണ്ട്.
അതേസമയം, മാർപാപ്പയുടെ പ്രത്യേക കുർബാനയോട് കൂടിയാണ് ചടങ്ങ് ആരംഭിച്ചത്. ചടങ്ങിൽ പുതിയ കർദിനാൾമാരുടെ പ്രഖ്യാപനവും തൊപ്പി, മോതിരം, അധികാര പത്രം എന്നിവയുടെ കൈമാറലുമാണ് നടന്നത്. പൗരസ്ത്യ പാരമ്പര്യം പ്രകാരമുള്ള തൊപ്പിയും കുപ്പായവുമാണ് മാർ ജോർജ് ജേക്കബ് കൂവക്കാട് ചടങ്ങിൽ ധരിച്ചത്.
ഇന്ത്യന്‍ സമയം രാത്രി എട്ടരയോടെയാണ് നിയുക്ത കര്‍ദിനാള്‍മാരെ പള്ളിയിലേക്ക് ആനയിചച്ചുകൊണ്ട് ചടങ്ങുകൾ ആരംഭിച്ചത്. ആദ്യം സ്‌തോത്രപ്രാര്‍ഥനയാണ് നടന്നത്, തുടര്‍ന്ന് വായപുസ്‌തക വായനയും നടന്നു. അതിന് ശേഷം കര്‍ദിനാള്‍മാര്‍ ഓരോരുത്തരായി വിശ്വാസപ്രഖ്യാപനം നടത്തുകയായിരുന്നു. നിരവധി മലയാളികൾ സ്ഥാനാരോഹണ ചടങ്ങിനായി വത്തിക്കാനിൽ എത്തിയിരുന്നു.
ഇന്നത്തെ ചടങ്ങിൽ കർദിനാൾമാരായി ഉയർത്തിയവരിൽ ഏറ്റവും പ്രായം കൂടിയത് 99കാരനായ ഇറ്റാലിയൻ ബിഷപ്പ് ആഞ്ജലോ അസർബിയും ഏറ്റവും പ്രായം കുറഞ്ഞത് 44കാരനായ യുക്രെനിയൻ ബിഷപ്പ് മൈക്കലോ ബൈചോകുമാണ്. ഇതോടെ മാർപാപ്പയുടെ 256 അംഗ കർദിനാൾ സംഘത്തിലാണ് മാർ ജോർജ് ജേക്കബ് കൂവക്കാട് അടക്കമുള്ളവർ ഭാഗമാവുക.












Click it and Unblock the Notifications