Get Updates
Get notified of breaking news, exclusive insights, and must-see stories!

ആർഷോയ്‌ക്കെതിരായ മാർക്ക് തിരിമറി ആരോപണം സമീപകാലത്തെ ഏറ്റവും വലിയ വ്യാജ വാർത്ത: എഎ റഹീം

തിരുവനന്തപുരം: എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി ആർഷോയ്‌ക്കെതിരായ മാർക്ക് തിരിമറി വാർത്ത സമീപകാലത്തു മലയാളി കണ്ട ഏറ്റവും വലിയ വ്യാജ വാർത്തയാണെന്ന് എ എ റഹീം എംപി. ആർഷോ എഴുതാത്ത പരീക്ഷയിൽ അർഷോയ്ക്ക് മാർക്ക് ദാനമായി കിട്ടി എന്നായിരുന്നു ആരോപണം. ഈ പറയുന്ന പരീക്ഷ എഴുതാനുള്ള അപേക്ഷ പോലും താൻ നൽകിയിട്ടില്ലെന്ന് ആവർത്തിച്ചു പറയുന്നുണ്ടായിരുന്നു ആർഷോയെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ആരോപണം നേരിടുന്ന ആളിന്റെ ആ വാദം ശരിയാണോ എന്ന് ക്രോസ്‌ചെക്ക് ചെയ്യേണ്ടത് വാർത്ത കൊടുത്ത മാധ്യമ പ്രവർത്തകൻ കാണിക്കേണ്ട മിനിമം മര്യാദയായിരുന്നു. പകരം കള്ള വാർത്ത ബ്രെക്കിങ് ന്യൂസും രാത്രി ചർച്ചയുമൊക്കെയായി ആളിക്കത്തിച്ചു. ഇത് യാദൃശ്ചികമല്ല. ആസൂത്രിതമാണ്. എസ്എഫ്ഐയെയും അതിന്റെ സെക്രട്ടറിയേയും പൊതുബോധത്തിൽ മോശക്കാരായി ചിത്രീകരിക്കാനുള്ള രാഷ്ട്രീയ താല്പര്യത്തോടെയുള്ള ഗൂഢാലോചന ഇതിൽ പകൽ പോലെ വ്യക്തമാണെന്നും എഎ റഹീം വ്യക്തമാക്കി.

ഓമനക്കുട്ടൻ നമുക്ക് മുന്നിൽ ഇപ്പോഴും ജീവനോടെയുണ്ട്. നിഷ്‌ക്കളങ്കനായ ഒരാളെ കള്ളനെന്ന് വിളിച്ചു. ആ മണിക്കൂറുകളിൽ അയാളും കുടുംബാംഗങ്ങളും അനുഭവിച്ച കടുത്ത മാനസിക വേദന എത്രമാത്രമായിരുന്നു എന്നാലോചിച്ചു നോക്കൂ. യഥാർത്ഥത്തിൽ ആർഷോ, മാർക്ക് തട്ടിപ്പ് നടത്തിയിട്ടില്ല. ഓമനക്കുട്ടൻ കള്ളനുമല്ല. എന്നാൽ ഈ വാർത്തകൾ കൊടുത്ത മാധ്യമ പ്രവർത്തകർ കാണിച്ചത് കള്ളത്തരവും തട്ടിപ്പുമാണ്. ഓമനക്കുട്ടനെതിരായ വാർത്തയിൽ ഏഷ്യാനെറ്റ് ഒഴികെ മറ്റെല്ലാ ദൃശ്യ മാധ്യമങ്ങളും പിന്നീട് ക്ഷമ ചോദിച്ചിരുന്നു.

ആർഷോയുടെ വാദമാണ് ശരി എന്നും മാർക്ക് തിരിമറി എന്ന വാർത്ത തെറ്റാണെന്നും വാർത്ത കൊടുത്ത മാധ്യമങ്ങൾ തന്നെ ഇന്നലെ പറയുകയും ചെയ്തു. മാധ്യമ സ്ഥാപനങ്ങൾക്ക് ധാർമികത എന്നൊന്ന് വേണ്ടെന്നാണോ? ഓമനക്കുട്ടനെതിരെ വ്യാജ വാർത്ത കൊടുത്ത മാധ്യമ പ്രവർത്തകർക്കെതിരെ ആ മാധ്യമ സ്ഥാപനങ്ങളിൽ നടപടിയുണ്ടായാതായി അറിയില്ല. ആർഷോയ്ക്ക് എതിരെ കള്ള വാർത്ത കൊടുത്ത മാധ്യമ പ്രവർത്തകർക്കെതിരെ ഓരോ മാധ്യമ സ്ഥാപനവും എടുത്തതോ എടുക്കാൻ പോകുന്നതോ ആയ നടപടി എന്തായിരിക്കുമെന്നും എംപി ചോദിക്കുന്നു.

തെറ്റ് ചെയ്യുന്ന ആൾ എന്ത് നടപടിയ്ക്കാണ് വിധേയമാകുന്നത് എന്ന ചോദ്യം വളരെ പ്രസക്തമാണ്. ഉദാഹരണത്തിന് ആർഷോയ്‌ക്കെതിരായ വാർത്ത ശരിയാണെന്നും അയാൾ മാർക്ക് തട്ടിപ്പ് നടത്തിയിരുന്നു എന്നും കരുതുക. ആർഷോയ്‌ക്കെതിരെ കോളേജ്‌, സർവകലാശാല നടപടികൾ വന്നേനെ. ഇതിനകം പോലീസ് കേസ് രജിസ്റ്റർ ചെയ്തേനെ. എസ് എഫ് ഐ അയാളെ സംഘടനയിൽ നിന്നും പുറത്താക്കുകയും ചെയ്യുമായിരുന്നു.

എന്നാൽ, മാധ്യമ പ്രവർത്തകർ ചെയ്യുന്ന ഈ കൊടും കുറ്റത്തിന് എന്തുകൊണ്ടാണ് നടപടികൾ ഉണ്ടാകാത്തത്. ഭരണഘടന, ഏതൊരു പൗരനും നൽകിയിരിക്കുന്ന ഫ്രീഡം ഓഫ് സ്പീച്ച് ആൻഡ് എക്സ്പ്രെഷൻ എന്ന അവകാശത്തിൽ കവിഞ്ഞു മറ്റൊന്നും ഈ മാധ്യമങ്ങൾക്ക് നൽകിയിട്ടില്ലെന്നും ഡി വൈ എഫ് ഐ അഖിലേന്ത്യ പ്രസിഡന്റ് കൂടിയായ റഹീം അഭിപ്രായപ്പെടുന്നു.

വാർത്തകൾ കൊടുക്കുമ്പോൾ എന്തോ സവിശേഷമായ അധികാരം തങ്ങൾക്കുണ്ടെന്ന ഒരു തെറ്റായ ധാരണയും ഒരു മാധ്യമ പ്രവർത്തകനും വേണ്ട. നിങ്ങളുടെ വാർത്തകളിൽ അങ്ങേയറ്റത്തെ ഉത്തരവാദിത്വം നിങ്ങൾക്കുണ്ടാകണം. മറുഭാഗം കേൾക്കണം കേൾപ്പിക്കണം ക്രോസ്‌ചെക്ക് ചെയ്ത് ശരി ജനങ്ങളെ അറിയിക്കണം. വാർത്തകളിൽ അങ്ങേയറ്റത്തെ ഉത്തരവാദിത്വം കാണിക്കണം. നിങ്ങളൊഴികെ,മറ്റെല്ലാവരും ചാഞ്ഞു നിൽക്കുന്ന പാഴ്മരം മാത്രമാണെന്ന് കരുതരുത്.

ഓമനക്കുട്ടൻ മുതൽ ആർഷോ വരെ എല്ലാവർക്കും വ്യക്തിത്വവും അഭിമാനവുമുണ്ട്. അഭിമാനത്തോടെ ജീവിക്കാൻ ഭരണഘടന ഓരോ പൗരനും നൽകുന്ന ഉറപ്പ് വളരെ അമൂല്യമായതാണ്. അനർഘമായ ആ അവകാശത്തിനുമേൽ കടന്നുകയറാൻ ഒരാൾക്കും അവകാശമില്ലെന്നും എ എ റഹീം കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+