പ്ലസ്ടു, എസ്എസ്എൽസി പരീക്ഷകളിൽ ഇനി പത്രവായനക്കും മാർക്ക്; വായനാ മത്സരത്തിൽ ജയിച്ചാൽ ഗ്രേസ് മാർക്കും
തിരുവനന്തപുരം: എസ് എസ് എൽ സി , പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടണമെങ്കിൽ ഇനി പത്രം കൂടി വായിക്കണം. തുടർമൂല്യനിർണയത്തിന് നൽകുന്ന 20 ശതമാനം മാർക്കിൽ 10 ശതമാനം മാർക്ക് പത്ര-പുസ്തക വായനയിലെ മികവിന് നൽകാനാണ് സർക്കാർ തീരുമാനം. ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉടൻ ഉത്തരവ് പുറത്തിറക്കും. വായനാദിനാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനത്തിനിടെ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്.
100 മാർക്കിന്റെ പരീക്ഷയിൽ പഠനാനുബന്ധപ്രവർത്തന മികവിന് 20 മാർക്കും 50 മാർക്കിന്റെ പരീക്ഷയ്ക്ക് 10 മാർക്കുമാണ് തുടർമൂല്യനിർണയത്തിലൂടെ നിലവിൽ കുട്ടികൾക്ക് നൽകി വരുന്നത്. ഇനി 10 മാർക്ക് പത്ര-പുസ്തക വായനയിലെ കുട്ടികളുടെ താത്പര്യവും മികവും കൂടി പരിഗണിച്ച് നൽകാനാണ് വിദ്യാഭ്യാസ വകുപ്പ് ഒരുങ്ങുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന വാർത്താവായന മത്സരങ്ങളിൽ വിജയിക്കുന്ന കുട്ടികൾക്ക് ഗ്രേസ് മാർക്ക് നേടാനും ഇനി സാധിക്കും.

മലയാളത്തിലെ മൂന്ന് പ്രമുഖ ദിനപത്രങ്ങളിലെ വാർത്തകൾ അടിസ്ഥാനമാക്കിയാണ് വാർത്തയും അവലോകനവും കുട്ടികൾ തയ്യാറാകേണ്ടത്. സ്കൂൾ തലം മുതൽ സംസ്ഥാന തലം വരെ മത്സരം നടക്കും. സംസ്ഥാനതലത്തിൽ ആദ്യ മൂന്ന് സ്ഥാനം നേടുന്നവർക്ക് യഥാക്രമം 20,17,14 മാർക്ക് വീതമായിരിക്കും ലഭിക്കുക.
പുതിയ കാലത്ത് വായനയുടെ പ്രാധാന്യം പുതുതലമുറയിലെത്തിക്കുന്നതിനായാണ് സ്‌കൂൾ പാഠ്യപദ്ധതിയിലെ നിരന്തര മൂല്യനിർണയത്തിൽ വായനയും എഴുത്തും ഉൾപ്പെടുത്തുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ആധുനിക ലോകത്ത് ഡിജിറ്റൽ വായനയിലേക്ക് മാറുന്ന സാഹചര്യമുണ്ട്. അക്കാദമിക വിഷയങ്ങൾക്കൊപ്പം വായന വിദ്യാർത്ഥികളിൽ വളർത്തണമെന്നതാണ് സർക്കാർ നയമെന്ന് മന്ത്രി വ്യക്തമാക്കി.
വിമർശന ചിന്തയും പ്രശ്‌ന പരിഹാര ശേഷിയും സമൂഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാടും വളർത്തുന്നതിന് എഴുത്തും വായനയും സഹായിക്കും. സ്വയം ചിന്തിച്ച് യുക്തമായ തീരുമാനമെടുക്കാൻ നല്ല പുസ്തകങ്ങൾ വിദ്യാർഥികളെ സഹായിക്കും. 10 കോടി രൂപയുടെ പുസ്തകങ്ങളാണ് സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ ലൈബ്രറികളിലേക്ക് ഗവൺമെന്റ് വിതരണം ചെയ്യുന്നത്. എല്ലാ വിദ്യാലയങ്ങളിലും ലൈബ്രറികൾ ഉണ്ടാകണം. ലൈബ്രേറിയൻമാരില്ലാത്തിടത്ത് അധ്യാപകർ ആ ചുമതല നിർവഹിക്കുമെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications