വിവാഹത്തലേന്ന് വരനെ തിരഞ്ഞ് 'ഭാര്യയും മക്കളും' എത്തി ട്വിസ്റ്റും സസ്പെന്‍സുമായി നാദാപുരത്തെ കല്യാണം
നാദാപുരം: സിനിമാക്കഥപോലെ ട്വിസ്റ്റും സസ്‌പെന്‍സുമൊക്കെ നിറഞ്ഞ ഒരു സംഭവം നാദാപുരത്ത്. വിവാഹത്തലേന്ന് വരനെ തേടി ശ്രീലങ്കന്‍ യുവതിയും മക്കളും എത്തിയതാണ് വളയം സ്വദേശികള്‍ക്ക് കൗതുകമായത്. കല്യാണപ്പന്തലിലേയ്ക്ക് പോകേണ്ട വരനെ തേടിയാണ് ശ്രീലങ്കയില്‍ നിന്നും യുവതിയും രണ്ട് പെണ്‍മക്കളും എത്തിയത്. യുവാവിന്റെ ഭാര്യയാണെന്ന് അവകാശപ്പെട്ടാണ് യുവതി എത്തിയത്.
വളയം വാണിമേലിനടുത്ത് ഉരുട്ടിക്കോളനിയ്ക്കടുത്തുള്ള യുവാവിനെ തേടിയാണ് ശ്രീലങ്കന്‍ യുവതിയായ ഫാത്തിമ ഇര്‍ഷാന (34)യും രണ്ടര വയസും ഒരു വയസുമുള്ള രണ്ട് പെണ്‍കുട്ടികളുമാണ് വളയം പൊലീസ് സ്റ്റേഷനില്‍ എത്തിയത്.

ഷാര്‍ജയിലായിരുന്ന യുവാവ് അഞ്ച് വര്‍ഷം മുമ്പാണ് തന്നെ പരിചയപ്പെട്ടതെന്നും പിന്നീട് വിവാഹം കഴിയ്ക്കുകയായിരുന്നെന്നും യുവതി പറഞ്ഞു. യുവാവ് ശ്രീലങ്കയില്‍ തനിയ്‌ക്കൊപ്പം വന്ന് താമസിച്ചിട്ടുണ്ടെന്നും ഫാത്തിമ പൊലീസിനോട് പറഞ്ഞു. ഒന്നര വര്‍ഷം മുമ്പ് യുവതിയും കുട്ടിയും ഇയാളുടെ ഇരിട്ടിയിലുള്ള വീട്ടില്‍ വന്ന് താമസിച്ചു. വിസ തീര്‍ന്നപ്പോള്‍ ശ്രീലങ്കയിലേയ്ക്ക് മടങ്ങുകയും ചെയ്തു.
എന്നാല്‍ പിന്നീട് യുവാവിന്റെ വിവരമൊന്നും ലഭിച്ചില്ല. പിന്നീട് അന്വേഷിച്ചപ്പോഴാണ് ഇയാളുടെ കല്യാണമായെന്ന് അറിയുന്നത്. നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയ യുവതി വടകരയിലേയ്ക്ക് ട്രെയിന്‍ മാര്‍ഗം എത്തുകയായിരുന്നു.വടകര വനിത സെല്ലില്‍ പരാതി കൊടുക്കാന്‍ എത്തിയപ്പോള്‍ പരാതി സ്വീകരിയ്ക്കാതിരുന്നതായും ആരോപണമുണ്ട്.
ജില്ലാ പൊലീസ് മേധാവിയെ ഫോണില്‍ ബന്ധപ്പെടണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഞങ്ങള്‍ അറിയിച്ചോളം എന്ന് പറഞ്ഞ് യുവതിയേയും ബന്ധുക്കളേയും മടക്കി അയച്ചെന്നും ആരോപണമുണ്ട്. നവംബര്‍ 12നാണ് യുവാവിന്റെ വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നത്.












Click it and Unblock the Notifications