ക്രൈസ്തവ സമൂഹം വിശുദ്ധിയുടെ സ്മരണയിൽ; ഇന്ന് പെസഹ വ്യാഴം; ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനകളും കുർബാനയും
തിരുവനന്തപുരം: ലോകമെങ്ങും ഉളള ക്രൈസ്തവർ ഇന്ന് പെസഹ വ്യാഴം ആചരിക്കുന്നു. ക്രിസ്തുദേവന്റെ അന്ത്യ അത്താഴത്തിന്റെ ഓർമ്മ പുതുക്കലാണ് ഓരോ ക്രൈസ്തവർക്കും പെസഹ ദിനം.
വിശുദ്ധിയുടെയും ത്യാഗത്തെയും സ്മരണയിൽ ദേവാലയങ്ങളിൽ കുർബാനയും അനുബന്ധ ചടങ്ങുകളും നടക്കും. എറണാകുളം സെൻറ് മേരീസ് കത്തീഡ്രൽ ബസലിക്കയിൽ സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പെസഹ ചടങ്ങുകൾക്ക് നേതൃത്വം വഹിക്കും.

ഇന്ന് ദൈവാലയങ്ങളിൽ പകൽ ആരാധനയും പീഢാനുഭവ അനുസ്മരണത്തിന് ആയി ഒരുക്ക പ്രാർഥനകളും ഉണ്ടാകും. ക്രിസ്തു തന്റെ കുരിശു മരണത്തിന് മുമ്പ് 12 ശിഷ്യന്മാർക്ക് ഒപ്പം അന്ത്യ അത്താഴം കഴിച്ചിരുന്നു. ഈ നിമിഷത്തിന്റെ ഓർമ്മ പുതുക്കലിന് വേണ്ടിയാണ് പെസഹ ക്രൈസ്തവർ ആചരിക്കുന്നത്.
അന്ത്യ അത്താഴ വേളയിൽ വീഞ്ഞും അപ്പവും കൃത്യമായി പകുത്തു നൽകി യേശു വിശുദ്ധ കുർബാന സ്ഥാപിച്ച ദിവസം കൂടി ആണ് പെസഹ വ്യാഴം എന്ന് പറയുന്നത്. വിശുദ്ധ ദിനത്തിന്റെ ഓർമ്മയിൽ ദേവാലയങ്ങളിൽ പെസഹ അനുസ്മരണ ചടങ്ങുകളും പ്രത്യേക പ്രാർത്ഥനകളും നടത്താറുണ്ട്. അന്ത്യ അത്താഴത്തിന് മുൻപായി യേശുദേവൻ തന്റെ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയിരുന്നു. ഇതിന്റെ സ്മരണയ്ക്ക് വേണ്ടി രാവിലെ ഇടവകകളിൽ കാൽകഴുകി ശുശ്രൂഷയും ചെയ്യാറുണ്ട്.
അതേസമയം, രാത്രി വചന വായനകൾക്കും പാന ആലാപനത്തിനും ശേഷം ആണ് പെസഹാ ഭക്ഷണം സാധാരണ നൽകുന്നത്. പെസഹാ വ്യാഴം ദുഃഖ വെള്ളി തുടങ്ങിയ വലിയ ആചാരങ്ങളിലൂടെ ഞായറാഴ്ച ഉയർപ്പ് തിരുനാളാണ്. ഇതോടെ 50 ദിവസം നീണ്ടു നിൽക്കുന്ന വലിയ നോമ്പ് അവസാനിക്കും.
അതേസമയം, യാക്കോബായ സുറിയാനി സഭയുടെ വിവിധ പള്ളികളിൽ ഇന്നലെ പെസഹാ തിരു കർമ്മങ്ങൾ രാത്രിയിൽ നടന്നിരുന്നു. യാക്കോബായ സഭ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവ കോതമംഗലം മൗണ്ട് സീനായ് മാർ ബസേലിയോസ് കത്തീഡ്രലിൽ നടന്ന പെസഹാ ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിച്ചു.












Click it and Unblock the Notifications