നക്ഷത്രയുടെ കൊലപാതകം ആസൂത്രിതമെന്ന് നിഗമനം; ശ്രീമഹേഷ് പ്രത്യേകം മഴു തയ്യാറാക്കിയെന്ന് പോലീസ്
ആലപ്പുഴ: മാവേലിക്കരയിലെ നക്ഷത്രയെ പിതാവ് ശ്രീമഹേഷ് കൊലപ്പെടുത്തിയത് ആസൂത്രിതമായിട്ടാണെന്ന് പോലീസിന്റെ നിഗമനം. കൊലയ്ക്കായി പ്രത്യേകം മഴു തയ്യാറാക്കിയതായി പോലീസ് കണ്ടെത്തി. കുറച്ചുനാളുകളായി പ്രത്യേക മാനസികാവസ്ഥയിലായിരുന്നു മഹേഷെന്നും വനിതാ കോൺസ്റ്റബിളുമായുള്ള പുനർവിവാഹം മുടങ്ങിയതിൽ മഹേഷിന് കടുത്ത നിരാശ ഉണ്ടായിരുന്നതായും പോലീസ് പറയുന്നു.
കഴിഞ്ഞദിവസമാണ് ആറുവയസ്സുകാരിയായ നക്ഷത്രയെ പിതാവ് മഴു ഉപയോഗിച്ച് കൊലപ്പെടുത്തിയത്. വീട്ടിലെ ബഹളം കേട്ട് മഹേഷിന്റെ അമ്മ സുനന്ദ എത്തുമ്പോൾ വീട്ടിൽ വെട്ടേറ്റ നിലയിൽ കിടക്കുന്ന നക്ഷത്രയെ ആണ് കണ്ടത്. ബഹളം വെച്ച് പുറത്തേക്കോടിയ സുനന്ദയേയും ശ്രീമഹേഷ് ആക്രമിച്ചു. സുനന്ദയുടെ കൈക്കാണ് പരിക്കേറ്റത്. ഇവർ ഇപ്പോൾ ചികിത്സയിലാണ്.

ബഹളം കേട്ട് വന്ന നാട്ടുകാരേയും ഇയാൾ മഴുകാട്ടി ഭീക്ഷണിപ്പെടുത്തി. പോലീസ് സംഘം എത്തിയാണ് ഇയാളെ കീഴ്പ്പെടുത്തിയത്. ഇന്നലെ വൈകീട്ട് ഏഴരയോടെ ആണ് സംഭവം. നക്ഷത്രയുടെ അമ്മ മൂന്ന് വർഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു,. കുടുംബവഴക്കിനിടെ മുറിയിൽ കയറി വാതിൽ അടച്ച വിദ്യ പിന്നീട് തൂങ്ങിമരിക്കുകയായിരുന്നു.
വിദേശത്തായിരുന്നു ശ്രീമഹേഷ്. ഇയാളുടെ അച്ഛൻ ട്രെയിൻ തട്ടി മരിച്ചതിന് ശേഷമാണ് മഹേഷ് നാട്ടിലേക്ക് വന്നത്. മുൻ സൈനികനായ അച്ഛന്റെയും റിട്ട. നഴ്‌സിംഗ് സൂപ്രണ്ടായ അമ്മയുടെയും പെൻഷൻ തുക കൊണ്ടാണ് ഇയാൾ കഴിയുന്നത്. സാമ്പത്തികമായ പ്രശ്നങ്ങളൊന്നും ഇയാൾക്കില്ല. അമ്മയുടെ എടിഎം കാർഡ് ഉപയോഗിക്കുന്നത് ശ്രീമഹേഷാണ്.
അടുത്തിടെ ഒരു പോലീസ് ഉദ്യോഗസ്ഥയുമായി ഇയാൾക്ക് വിവാഹം ആലോചിച്ചിരുന്നു. എന്നാൽ ഇതിന് ശേഷം ശ്രീമഹേഷ് ഇവരുടെ വീട്ടിലെത്തി ശല്യം ഉണ്ടാക്കിയിരുന്നു. ശ്രീമഹേഷിന്റെ സ്വഭാവ വൈകൃതം അറിഞ്ഞ പെൺവീട്ടുകാർ വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നു. ഇയാൾക്കെതിരെ പോലീസിൽ പരാതിയും നൽകിയിരുന്നു. അധികം സുഹൃത്തുക്കളൊന്നും ഇല്ലാത്ത ആളായിരുന്നു മഹേഷ്.
അതേസമയം, കുട്ടിയെ മഹേഷ് നേരത്തെ ഉപദ്രവിച്ചിരുന്നതായി ആർക്കും പരാതിയില്ല. ഇയാൾ മകളെ ഉപദ്രവിക്കുന്നത് ആരും കണ്ടിട്ടില്ലെന്നാണ് അയാൽക്കാരും പറയുന്നത്. വൈകുന്നേരങ്ങളിൽ കുട്ടിയേയും കൂട്ടി ശ്രീമഹേഷ് പുറത്തുപോകാറുമുണ്ട്. മുള്ളിക്കുളങ്ങര എൽ.പി. സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാർഥിനിയായിരുന്നു നക്ഷത്ര.












Click it and Unblock the Notifications