'ആ കത്ത് വ്യാജം; ഇത്തരം പതിവ് നിലവിലില്ല'; നിയമനടപടിയുമായി മുന്നോട്ടെന്ന് ആര്യാ രാജേന്ദ്രന്‍
തിരുവനന്തപുരം: നഗരസഭ ആരോഗ്യ വിഭാഗത്തിലെ വിവിധ തസ്തികകളിലേക്ക് സി പി എം പ്രവര്‍ത്തകരെ നിയമിക്കാന്‍ മുന്‍ഗണന പട്ടിക ആവശ്യപ്പെട്ടുള്ള കത്ത് വ്യാജമാണെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ അറിയിച്ചു. മേയറിന്റെ ഔദ്യോഗിക ലെറ്റര്‍പാഡില്‍ സി പി എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് അയച്ച കത്ത് വ്യാജമാണെന്നാണ് ആര്യാ രാജേന്ദ്രന്‍ അറിയിച്ചത്. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് മേയര്‍ അറിയിച്ചു.

തിരുവനന്തപുരം നഗരസഭ ആരോഗ്യ വിഭാഗത്തിലെ വിവിധ തസ്തികകളിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട് ഒരു കത്ത് പ്രചരിക്കുന്നതായി മാധ്യമങ്ങളിലൂടെ അറിഞ്ഞു. ഇങ്ങിനെയൊരു കത്ത് മേയര്‍ എന്ന നിലയിലോ മേയറുടെ ഓഫീസില്‍ നിന്നോ നല്‍കിയിട്ടില്ല. ഇത്തരത്തില്‍ കത്ത് നല്‍കുന്ന പതിവും നിലവിലില്ല. മേയര്‍ സ്ഥലത്ത് ഇല്ലാതിരുന്ന ദിവസമാണ് കത്ത് കൈമാറിയതായി കാണുന്നത്.

വിശദമായ വിവരങ്ങള്‍ അന്വേഷണത്തിലൂടെ മാത്രമെ കണ്ടെത്താനാകു. ഔദ്യോഗികമായി അത് നടന്ന് വരുകയാണ്.ഇത്തരത്തില്‍ നഗരസഭയേയും മേയറേയും ഇകഴ്ത്തി കാട്ടാന്‍ ചിലര്‍ നേരത്തേയും പല ശ്രമങ്ങളും നടത്തിയിരുന്നു. ആ ശ്രമമെല്ലാം പരാജയപെട്ടപ്പോഴാണ് ഇവര്‍ പുതിയ തന്ത്രവുമായി രംഗത്ത് വരുന്നത്.

ഇത്തരം വ്യാജ പ്രചരണങ്ങള്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് നഗരസഭയും ഭരണ സമിതിയും ഉദ്ദേശിക്കുന്നത്. മാത്രവുമല്ല ഇങ്ങിനൊരു ആക്ഷേപം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഈ തസ്തികകളിലേക്കുള്ള നിയമനം റദ്ദാക്കാനും തുടര്‍ന്ന് എംപ്ലോയ്‌മെന്റ് വഴി നിയമനം നടത്താനും നഗരസഭ തീരുമാനിച്ചു.

അതേസമയം, കത്ത് പുറത്തുവന്നതോടെ മേയര്‍ക്കെതിരെയും സി പി എമ്മിനെതിരെയും രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. സഖാക്കള്‍ക്ക് വില്‍പ്പനയ്ക്ക് വെയ്ക്കാന്‍ സര്‍ക്കാര്‍ ജോലി കാലിചന്തയിലെ ലേലം വിളിയല്ലെന്ന് സിപിഎം മറക്കരുതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞു.

കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകരെ അവഹേളിക്കുകയാണ് സിപിഎം.സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ സിപിഎമ്മിന്റെ ശുപാര്‍ശ വേണമെന്നത് അപമാനമാണ്.ചട്ടങ്ങളും നിയമങ്ങളും മറികടന്ന് താല്‍ക്കാലിക നിയമനത്തിന് സിപിഎം ജില്ലാ സെക്രട്ടറിയുടെ മുന്‍ഗണനാ പട്ടിക ചോദിച്ച തിരുവനന്തപുരം മേയറുടെ നടപടി നിയമവിരുദ്ധമാണ്. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മേയറെ പുറത്താക്കി നിയമനടപടി സ്വീകരിക്കണം.

ഒരു സര്‍ക്കാര്‍ ജോലിയെന്ന സ്വപ്നവുമായി ലക്ഷകണക്കിന് ചെറുപ്പക്കാര്‍ കാത്തിരിക്കുമ്പോള്‍ സഖാക്കള്‍ക്കായി തൊഴില്‍ ദാനം സംഘടിപ്പിക്കുകയാണ് സിപിഎമ്മും അവരുടെ കളിപ്പാവയായ മേയറും.സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സിപിഎമ്മിന്റെ ഭരണകാലയളവില്‍ നടത്തിയ എല്ലാ നിയമനങ്ങളിലും അന്വേഷണം ആവശ്യമാണെന്നും നോക്കുകുത്തിയായ പിഎസ് സിയെ പിരിച്ചുവിടുന്നതാണ് നല്ലതെന്നും സുധാകരന്‍ പറഞ്ഞു.

ചെറുപ്പക്കാരുടെ മാനത്തിനാണ് മേയറും സിപിഎമ്മും വിലയിട്ടത്.എല്‍ഡിഎഫ് സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും പ്രഖ്യാപിത നയം സഖാക്കള്‍ക്ക് ക്രമവിരുദ്ധ നിയമനം നല്‍കുകയെന്നതാണ്. ഇതിലൂടെ പാര്‍ട്ടി ഫണ്ട് സമാഹരണമാണ് ലക്ഷ്യം. ലവലേശം ഉളുപ്പില്ലാതെയും പൊതുജനത്തെ വെല്ലുവിളിച്ചും വഞ്ചിച്ചുമാണ് സിപിഎം അഴിമതിയും പിന്‍വാതില്‍ നിയമനവും യഥേഷ്ടം നടത്തുന്നത് .സര്‍വകലാശാലകളെ ഒരുവഴിക്കാക്കിയ ശേഷമാണ് ഇതരവകുപ്പുകളിലേക്കും ഇഷ്ടക്കാരെ നിയമിക്കാനുള്ള ശ്രമം.

യുവാക്കളെ വഞ്ചിക്കുന്ന സര്‍ക്കാരിന്റെയും മേയറുടെയും നയങ്ങള്‍ക്ക് മുന്നില്‍ ഓച്ചാനിച്ച് നില്‍ക്കേണ്ട ഗതികേടാണ് ഇടതു യുവജന വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക്. തൊഴിലില്ലായ്മക്കെതിരെ ഡല്‍ഹിയില്‍ ഉള്‍പ്പെടെ സമരം സംഘടിപ്പിക്കുന്ന ഇടത് യുവജന വിപ്ലവസിംഹങ്ങള്‍ കേരളത്തില്‍ പിന്‍വാതില്‍ നിയമനപട്ടിക തയ്യാറാക്കുന്ന തിരക്കിലാണ്.സിപിഎമ്മിന്റെ ജീര്‍ണ്ണതയിലും മുല്യച്യുതിയിലും പ്രതികരണ ശേഷി നിര്‍വീര്യമായ യുവനിരയാണ് ഇപ്പോള്‍ ഇടതുപക്ഷത്തുള്ളതെന്നും സുധാകരന്‍ പറഞ്ഞു.












Click it and Unblock the Notifications