ഇനി ഒരു ജീവൻ കൂടി പൊലിയരുത്; കർശന നിർദ്ദേശവുമായി ഗണേഷ് കുമാർ, കർമ്മ പദ്ധതിയുമായി കെഎസ്ആർടിസി
തിരുവനന്തപുരം: കോട്ടയത്ത് ഇരുചക്ര വാഹന യാത്രക്കാരന്റെ മരണത്തിന് ഇടയാക്കിയ അപകടത്തിന് പിന്നാലെ കർമ്മ പദ്ധതിയുമായി കെഎസ്ആർടിസി. കെഎസ്ആർടിസി ബസുകൾ അപകടത്തിൽപ്പെടുന്നത് പതിവായതോടെയാണ് പുതിയ നീക്കവുമായി കോർപറേഷൻ രംഗത്ത് വന്നിരിക്കുന്നത്. ഗതാഗതമന്ത്രി കെബി ഗണേഷ് കുമാറിന്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് ഈ നടപടി ഉണ്ടായിരിക്കുന്നത്.
കെഎസ്ആർടിസി ബസുകൾ ഉൾപ്പെടുന്ന അപകടങ്ങൾ കുറയ്ക്കുക ലക്ഷ്യമിട്ടാണ് സമഗ്ര കർമ്മ പദ്ധതി തയ്യാറാക്കിയത്. പലപ്പോഴും കെഎസ്ആർടിസി ബസുകളുടെ അമിത വേഗതയും അശ്രദ്ധയും വലിയ അപകടങ്ങൾക്ക് വഴിവെക്കുന്നു എന്ന വിമർശനം പൊതുവെ എല്ലായിടത്ത് നിന്നും ഉയരുന്നുണ്ട്. ഇത് കൂടി കണക്കിലെടുത്താണ് ഇത്തരമൊരു നീക്കം.

കഴിഞ്ഞ ദിവസം കോട്ടയം കളത്തിപ്പടിയിൽ വച്ച് തിരുവല്ല ഡിപ്പോയിൽ നിന്നും മധുരയിലേയ്ക്ക് പോവുകയായിരുന്ന സൂപ്പർ ഫാസ്‌റ്റ് ബസിടിച്ചാണ് ബൈക്ക് യാത്രക്കാരൻ മരിച്ചത്. തുടർന്ന് കോർപ്പറേഷൻ സിഎംഡിയുടെ നിർദ്ദേശ പ്രകാരം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഡ്രൈവറായ ബ്രിജേഷിന്റെ അശ്രദ്ധയും അമിത വേഗതയുമാണ് അപകടത്തിന് കാരണമായതെന്ന് കണ്ടത്തിയിരുന്നു. തുടർന്ന് ബ്രിജേഷിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തിരുന്നു.
കെഎസ്ആർടിസി സിഎംഡി പ്രമോജ് ശങ്കറിന്റെ നേതൃത്വത്തിലാണ് കർമ്മ പദ്ധതി തയ്യാറാക്കിയത്. ഇതിന്റെ ഭാഗമായി യൂണിറ്റ് തല ആക്‌സിഡന്റ് സമിതി രൂപീകരിച്ച് എല്ലാ ശനിയാഴ്‌ചകളിലും അപകട സംബന്ധമായ വിഷയങ്ങൾ വിലയിരുത്താനാണ് തീരുമാനം. യൂണിറ്റധികാരി, ഗാരേജ് തലവൻ, വെഹിക്കിൾ സൂപ്പർവൈസർ, ജനറൽ കൺട്രോളിങ്ങ് ഇൻസ്പെക്‌ടർ, മോട്ടോർ വാഹന വകുപ്പിൽ നിന്നുമുള്ള ഉദ്യോഗസ്ഥൻ, സ്യൂട്ട് ക്ലാർക്ക് എന്നിവരാണ് യൂണിറ്റ് തല ആക്‌സിഡന്റ് സമിതിയിലെ അംഗങ്ങൾ.
എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്‌ച ചീഫ് ഓഫീസ് തലത്തിൽ രൂപീകരിക്കപ്പെട്ടിട്ടുള്ള സമിതിക്ക് മുൻപാകെ ഈ റിപ്പോർട്ട് സമർപ്പിക്കും. വലിയ അപകടങ്ങളും, മരണം ഉൾപ്പെടെ സംഭവിക്കുന്ന വേളയിലും യൂണിറ്റ് ഓഫീസർ, ഗ്യാരേജ് അധികാരി, ജനറൽ സിഐ എന്നിവർ നേരിട്ട് ഹാജരായി വിവരങ്ങൾ ബോധ്യപ്പെടുത്തുകയും വേണം.
ഇത് കൂടാതെ അപകടങ്ങൾ ഒഴിവാക്കാൻ കൂടുതൽ മുൻകരുതൽ സ്വീകരിക്കാനും തീരുമാനം എടുത്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി പരിശീലന പരിപാടികൾ ഉൾപ്പെടെ സംഘടിപ്പിക്കാനാണ് തീരുമാനം. ഒപ്പം വാഹനം സർവീസ് ആരംഭിക്കുന്നതിന് മുൻപേ തകരാറുകൾ ഉണ്ടോ എന്ന് പരിശോധിക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കാനും ഉത്തരവിട്ടിട്ടുണ്ട്.
അതേസമയം, ഡ്രൈവിംഗ് ലൈസൻസ് നിയമങ്ങൾ ഉൾപ്പെടെ കർശനമാക്കാനുള്ള തീരുമാനത്തിന് ഇടയിലാണ് കെഎസ്ആർടിസിയിലെ അപകട കണക്കുകളും മന്ത്രിയുടെ ശ്രദ്ധയിൽ വരുന്നത്. സംഭവം അറിഞ്ഞതിന് പിന്നാലെ വിഷയത്തിൽ അടിയന്തര നടപടിക്ക് മന്ത്രി ഗണേഷ് കുമാർ നിർദ്ദേശം നൽകുകയായിരുന്നു. ഇതിന് പിന്നാലെയാണ് കർമ്മ പദ്ധതി തയ്യാറാക്കിയത്.












Click it and Unblock the Notifications