ജനങ്ങളെ കൊള്ളയടിക്കുന്ന, ചൂഷണം ചെയ്യുന്ന ഭരണഘടന; ഭരണഘടനക്കെതിരെ സജി ചെറിയാന്‍
മല്ലപ്പള്ളി: രാജ്യത്തിന്റെ ഭരണഘടനയെ രൂക്ഷമായി വിമര്‍ശിച്ച് ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. പ്രതിവാര രാഷ്ട്രീയ നിരീക്ഷണം നൂറിന്റെ നിറവില്‍ എന്ന പരിപാടി മല്ലപ്പള്ളിയില്‍ ഉദ്ഘാടനം ചെയ്ത് കൊണ്ട് പ്രസംഗിക്കവെ ആയിരുന്നു സജി ചെറിയാന്റെ വിവാദ പരാമര്‍ശങ്ങള്‍.
മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതി വെച്ചിരിക്കുന്നത് എന്ന് നമ്മള്‍ എല്ലാവരും പറയും എന്നും എന്നാല്‍ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത് എന്നുമായിരുന്നു സജി ചെറിയാന്‍ പറഞ്ഞത്.
രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടതാണ് ഭരണഘടന. ബ്രിട്ടീഷുകാരന്‍ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാര്‍ എഴുതി വെച്ചു എന്നും സജി ചെറിയാന്‍ ആരോപിച്ചു. അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ഏതൊരാള്‍ പ്രസംഗിച്ചാലും താന്‍ സമ്മതിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.

ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്ന് ഞാന്‍ പറയും എന്നാണ് സജി ചെറിയാന്‍ പറഞ്ഞത്. ഭരണഘടനയുടെ മുക്കിലും മൂലയിലുമെല്ലാം കുറച്ച് നല്ല കാര്യങ്ങള്‍ എന്ന പേരില്‍ ജനാധിപത്യം മതേതരത്വം എന്നെല്ലാം എഴുതി വെച്ചു എന്നതല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നത് മാത്രമാണ് ഇതിന്റെ ഉദ്ദേശ്യം എന്നും സജി ചെറിയാന്‍ പറഞ്ഞു.
തൊഴിലാളികളുടെ സമരം പോലും അംഗീകരിക്കാത്ത രാജ്യമാണ് ഇന്ത്യ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിന് കാരണം ഇന്ത്യന്‍ ഭരണഘടനയാണ് എന്നും തൊഴിലാളി ചൂഷണത്തെ അംഗീകരിക്കുന്ന ഭരണഘടനയാണിതെന്നും അദ്ദേഹം ആരോപിക്കുന്നു.
രാജ്യത്ത് അംബാനിയും അദാനിയുമെല്ലാം വളര്‍ന്ന് വരാന്‍ കാരണം ഇന്ത്യന്‍ ഭരണഘടന അവര്‍ക്ക് നല്‍കുന്ന പരിരക്ഷയാണ് എന്നും സജി ചെറിയാന്‍ പറഞ്ഞു. അവര്‍ക്കെതിരെ എത്രപേര്‍ക്ക് സമരം ചെയ്യാന്‍ പറ്റും എന്നും മന്ത്രി ചോദിക്കുന്നു. കോടതിയും, പാര്‍ലമെന്റുമെല്ലാം മുതലാളിമാര്‍ക്കൊപ്പമാണ് എന്നും മുതലാളിമാര്‍ക്ക് അനുകൂലമായി മോദി സര്‍ക്കാരിനെ പോലുള്ളവര്‍ തീരുമാനമെടുക്കുന്നതും പ്രവര്‍ത്തിക്കുന്നതും ഇന്ത്യന്‍ ഭരണഘന അവര്‍ക്കൊപ്പമാണ് എന്നതിന്റെ തെളിവാണ് എന്നുമാണ് അദ്ദേഹം പറഞ്ഞത്.
മിസ് ഇന്ത്യയായി 21 കാരി സിനി ഷെട്ടി; വൈറല്‍ ചിത്രങ്ങള്‍ കാണാം
ന്യായമായ കൂലി ചോദിക്കാന്‍ പറ്റുന്നില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോടതിയില്‍ പോയാല്‍ പോലും മുതലാളിമാര്‍ക്ക് അനുകൂലമായിട്ടായിരിക്കും തീരുമാനമുണ്ടാവുക. ഇന്ന് കയ്യൂക്കുള്ളവന്‍ കാര്യക്കാരനാവുന്നത് ഭരണകൂടം അവര്‍ക്ക് അനുകൂലമാവുന്നത് കൊണ്ടാണ് എന്നും അദ്ദേഹം പറഞ്ഞു.
തൊഴില്‍ നിയമങ്ങള്‍ ഇല്ലാതാവുന്നത് ഈ ഭരണഘടനാ നിയമങ്ങള്‍ രാജ്യത്ത് നടപ്പിലാക്കുന്നത് കൊണ്ടാണ്. എട്ട് മണിക്കൂര്‍ ജോലി, വിശ്രമം എന്നതൊക്കെ ഇല്ലാതായി എന്നും ഇവര്‍ക്ക് ഈ ഭരണഘടന സംരക്ഷണം നല്‍കുന്നുണ്ടോയെന്നും സജി ചെറിയാന്‍ ചോദിക്കുന്നു.
നാട്ടിലുണ്ടാകുന്ന ഏത് പ്രശ്നത്തിനും കാരണം തൊഴിലാളി സംഘടനകളാണ് എന്നാണ് കുറ്റപ്പെടുത്തുന്നത് എന്നും കൂലി കിട്ടാത്ത കാര്യം ചോദ്യം ചെയ്ത് കോടതിയില്‍ പോയാല്‍ ആദ്യം ചോദിക്കുന്നത് എന്തിനാണ് സമരം ചെയ്തത് എന്നല്ലേ എന്നുമൊക്കെയാണ് സജി ചെറിയാന്റെ പ്രതികരണം.












Click it and Unblock the Notifications