'പൂരം ഒരു വികാരം തന്നെയാണ്', പ്രതീകാത്മക തൃശൂർ പൂരം സ്വാഗതം ചെയ്ത് വിഎസ് സുനിൽ കുമാർ
തൃശൂർ: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തൃശൂർ പൂരം പ്രതീകാത്മകമായി നടത്തുവാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി വിഎസ് സുനിൽ കുമാർ. ഫേസ്ബുക്കിലാണ് മന്ത്രിയുടെ പ്രതികരണം. ''കോവിഡ് മഹാമാരി അതിൻ്റെ രണ്ടാംവരവിൽ അതിതീവ്രമായി ലോകമാകമാനം ഗ്രസിച്ചിരിക്കുന്ന ഈ സന്ദർഭത്തിൽ ജനങ്ങളുടെ സുരക്ഷ മുൻനിർത്തി ഇത്തവണ തൃശൂർ പൂരം പ്രതീകാത്മകമായ ചടങ്ങ് മാത്രമായി നടത്തുവാനുള്ള ദേവസ്വങ്ങളുടെ തീരുമാനത്തെ അങ്ങേയറ്റം സ്വാഗതം ചെയ്യുകയാണ്''.
''പൂരം നമ്മുടെ എല്ലാം ഒരു വികാരം തന്നെയാണ്, എന്നാൽ എന്നാൽ ഈ സമയത്ത് കൂടുതൽ വിവേകത്തോടു കൂടിയുള്ള തീരുമാനങ്ങളാണ് ഉചിതം. മാസങ്ങളോളം നീണ്ട ചർച്ചകളുടെയും മുന്നൊരുക്കങ്ങളുടെയും ഫലമായി തൃശൂർ പൂരം എല്ലാ പ്രൗഢിയോടും കൂടി നടത്തുവാൻ ആയിരുന്നു സർക്കാരിൻ്റെ തീരുമാനം. അതിനുവേണ്ട നടപടിക്രമങ്ങളെല്ലാം പൂർത്തിയായി വരുന്ന വേളയിലാണ് കോവിഡ്- 19 ൻ്റെ രണ്ടാം വരവ് ഉണ്ടായിരിക്കുന്നത്'' എന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

Recommended Video
ഈ വർഷം പല പൂരങ്ങളും നമുക്ക് വളരെ ഭംഗിയായി നടത്തുവാൻ സാധിച്ചിട്ടുണ്ട്. ആറാട്ടുപുഴ പൂരം, കൊടുങ്ങല്ലൂർ കാവുതീണ്ടൽ, ഉത്രാളിക്കാവ് പൂരം, പെരുവനം പൂരം തുടങ്ങി പല ഉത്സവങ്ങളും ഭംഗിയായി നടത്തിയതുപോലെ, തൃശൂർ പൂരവും വളരെ നന്നായി തന്നെ നടത്തുവാൻ ആയിരുന്നു സർക്കാർ തീരുമാനം. എന്നാൽ കഴിഞ്ഞ രണ്ടാഴ്ച ഉണ്ടായ സ്ഥിതിഗതികളും സംസ്ഥാനത്തെയും തൃശൂർ ജില്ലയിലെയും ഗുരുതര സ്ഥിതിവിശേഷവും കണക്കിലെടുത്ത് ജനങ്ങളുടെ സുരക്ഷയെ മുൻനിർത്തി പ്രസ്തുത തീരുമാനത്തിൽ നിന്നും ദേവസ്വങ്ങൾ പിൻമാറുവാൻ തീരുമാനിച്ചത് വളരെ ഉചിതമായി കാണുകയാണ് എന്ന് മന്ത്രി വ്യക്തമാക്കി.
'തൃശൂർ പൂരത്തിൻ്റെ എല്ലാ ചടങ്ങുകളും ആൾക്കൂട്ടമില്ലാതെ പ്രതീകാത്മകമായി നടത്തുവാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. കുടമാറ്റവും പ്രധാന വെടിക്കെട്ടും ഉൾപ്പെടെ എല്ലാ ചടങ്ങുകളും ഇത്തരത്തിൽ പ്രതീകാത്മകമായി നടത്തുവാനുള്ള കമ്മിറ്റി തീരുമാനത്തെ അങ്ങേയറ്റം സ്വാഗതം ചെയ്യുന്നു. മാത്രമല്ല, ഈ നിലപാടിനോട് സഹകരിക്കാൻ തയ്യാറായ ചെറു പൂരങ്ങളുടെ കമ്മിറ്റികളെയും സംസ്ഥാന സർക്കാരിനു വേണ്ടി പ്രത്യേകമായി അഭിനന്ദിക്കുന്നുവെന്നും' മന്ത്രി വിഎസ് സുനിൽ കുമാർ വ്യക്തമാക്കി.












Click it and Unblock the Notifications